sections
MORE

വെറുമൊരു പരീക്ഷണമല്ല, അതിനുമപ്പുറമാണ് പ്രാണ: റിവ്യു

pranaa-review
SHARE

പേടികൾക്കെതിരെ ജീവിതം സമരമാക്കിയ ഒരു എഴുത്തുകാരിയുടെ അന്വേഷണമാണ് പ്രാണ എന്ന ചിത്രം. ഒറ്റവരിയിൽ വി.കെ പ്രകാശിന്റെ പുതിയ ചിത്രത്തെ ഇങ്ങനെ വിവരിക്കാം. ഇരുട്ടിൽ മറഞ്ഞിരുന്നു വിചിത്രമായ രൂപം കാണിച്ചു പേടിപ്പെടുത്തുന്ന പ്രേതസിനിമകളുടെ വഴിയിലല്ല പ്രാണ എന്ന സിനിമയുടെ സഞ്ചാരം. കാഴ്ചയുടെയും ശബ്ദത്തിന്റെയും സാധ്യതകളിലൂടെ പേടിയെ അടയാളപ്പെടുത്തുകയും പേടികളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഗംഭീരൻ സിനിമയാണ് വി.കെ പ്രകാശിന്റെ ഈ പരീക്ഷണചിത്രം. 

ജനിമൃതികളുടെ രഹസ്യം യമനിൽ നിന്നു അറിയാൻ ശഠിക്കുന്ന നചികേതസിന്റെ കഥ പരാമർശിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. നചികേതസിനെപ്പോലെയാണ് പ്രാണയിലെ താര അനുരാധ എന്ന എഴുത്തുകാരി. ചോദ്യങ്ങൾ ചോദിക്കാൻ മടിയില്ല. സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന തന്റേടിയായ എഴുത്തുകാരിയാണ് താര. ഇഷ്ടമുള്ള വിശ്വാസങ്ങൾ മുറുകെ പിടിക്കാനും ഇഷ്ടമുള്ളവരെ പ്രണയിക്കാനും ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നു വിശ്വസിക്കുന്ന യുവതി. അവരുടെ പുതിയ പുസ്തകം 'മ്യൂസിക് ഓഫ് ഫ്രീഡം' ചിലരെ അസ്വസ്ഥരാക്കുന്നു. പുസ്തകത്തിനും എഴുത്തുകാരിക്കും എതിരെയാണ് അവർ. അവരുടെ എതിർപ്പുകൾക്കിടയിലാണ് അനുരാധ പുതിയൊരു അന്വേഷണത്തിനു ഇറങ്ങിത്തിരിക്കുന്നത്. പ്രേതബാധയുണ്ടെന്നു വിശ്വസിക്കുന്ന വീട്ടിൽ താമസിച്ചു ഒരു വിഷ്വൽ ഡയറി തയ്യാറാക്കാൻ ഒരുങ്ങുന്ന അനുരാധയുടെ ജീവിതമാണ് 107 മിനിറ്റ് ദൈർഘ്യമുള്ള പ്രാണ എന്ന ചിത്രം.  

pranaa-trailer

ഒരു അഭിനേതാവിനെ വച്ചു കഥ പറയുക, ആ സിനിമയിൽ സറൗണ്ട് സിങ്ക് സൗണ്ട് ഉപയോഗിക്കുക... പരീക്ഷണചിത്രമാണ് എന്നു പ്രഖ്യാപിച്ചുകൊണ്ടു തന്നെയാണ് സംവിധായകൻ വി.കെ പ്രകാശ് പ്രാണ എന്ന ചിത്രത്തെ പരിചയപ്പെടുത്തിയത്. ആ പരീക്ഷണം പാളിപ്പോയിട്ടില്ലെന്നു ചിത്രം സാക്ഷ്യപ്പെടുത്തുന്നു. സിനിമയുടെ ഒരു ഘട്ടത്തിൽ പോലും താര അനുരാധ എന്ന കഥാപാത്രം മടുപ്പുളവാക്കുന്നില്ല. അവരുടെ ഏകാന്തസംസാരങ്ങൾ ഒരു നാടകത്തിലെ മോണോലോഗിലേക്ക് വഴുതിപ്പോകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും സിനിമയെ തിരിച്ചുപിടിക്കുന്നതിൽ തിരക്കഥാകൃത്ത് രാജേഷ് ജയരാമനും സംവിധായകൻ വി.കെ പ്രകാശും മികവ് പുലർത്തുന്നു. 

pranaa-review-4

സിനിമാറ്റിക് സങ്കേതങ്ങളുടെ സാധ്യതകൾ സമർത്ഥമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. ഫോൺ കോളുകളായും ടിവിയിലെ ദൃശ്യങ്ങളായും സംഭവങ്ങളും കഥാപാത്രങ്ങളും കൃത്യമായ ഇടവേളകളിൽ കഥയിൽ ഇടപെടുന്നു. ഏച്ചുകെട്ടലുകളില്ലാതെ അവയെ കഥ പറച്ചിലുമായി ബന്ധിപ്പിക്കാനും സംവിധായകനു സാധിച്ചു. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിലേക്ക് പ്രേക്ഷകരുടെ മനസിനെ കുരുക്കിയിടുന്ന ആദ്യ പകുതിയും അപ്രതീക്ഷിത വഴിത്തിരിവുകൾ നൽകി ഞെട്ടിപ്പിക്കുന്ന രണ്ടാം പകുതിയും തീർച്ചയായും രസിപ്പിക്കും. പ്രത്യേകിച്ചും പരീക്ഷണചിത്രങ്ങൾ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികൾക്ക്.  

പ്രേതത്തിന്റെ ചുരുളഴിക്കുന്ന സ്ഥിരം ഹൊറർ ചിത്രങ്ങളുടെ കഥാഗതിയല്ല പ്രാണയുടേത്. അവിടെയാണ് പ്രാണ എന്ന ചിത്രം വ്യത്യസ്തമാകുന്നതും. മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക ഹൊറർ സിനിമകളിലെയും ഒഴിവാക്കാനാവാത്ത ഘടകമാണ് നർമരംഗങ്ങൾ. ഒരൊറ്റ അഭിനേതാവിനെ മാത്രം വച്ച് ഹക്കീം റാവുത്തർ 'ദി ഗാർഡ്' എന്ന ചിത്രം സംവിധാനം ചെയ്തപ്പോഴും ഹാസ്യത്തെ കൂട്ടുപിടിച്ചിരുന്നു. കലാഭവൻ മണിയുടെ നർമം കലർന്ന ആത്മഭാഷണമായിരുന്നു 'ദി ഗാർഡ്' എന്ന ചിത്രത്തിന്റെ ജീവൻ. ഈ സങ്കൽപങ്ങളെയെല്ലാം പ്രാണ പൊളിച്ചെഴുതുന്നു. 

ഒരു ത്രില്ലർ സിനിമയിലൂടെയും രാഷ്ട്രീയം പറയാമെന്നു കാണിച്ചു തരികയാണ് സംവിധായകൻ. അതിനു വി.കെ പ്രകാശ് കൂട്ടുപിടിക്കുന്നത് പി.സി ശ്രീറാം എന്ന സമർത്ഥനായ ഛായാഗ്രാഹകനെയും റസൂൽപൂക്കുട്ടിയെന്ന ലോകോത്തര സൗണ്ട് ഡിസൈനറെയുമാണ്. ശ്രീറാമിന്റെ ഗംഭീരൻ ഫ്രെയിമുകൾ പ്രേക്ഷകരുടെ ശ്രദ്ധ താര എന്ന കഥാപാത്രത്തിൽ നിന്നു തെന്നിപ്പോകാൻ അനുവദിക്കുന്നതേയില്ല. പ്രേതഭവനത്തിൽ താരയ്ക്കുണ്ടാകുന്ന വിചിത്രാനുഭവങ്ങൾ അതേ തീവ്രതയോടെ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ റസൂൽ പൂക്കുട്ടിക്കു സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് പ്രാണ എന്ന ചിത്രം മികച്ചൊരു തിയറ്റർ അനുഭവം പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. 

pranaa-movie-review-1

ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം ഉറപ്പാക്കാണമെന്നു അവകാശപ്പെടുന്നവർ ദേശദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന പുതിയ കാലത്തിനോടു കലഹിക്കുന്നുണ്ട് പ്രാണയിലെ താര അനുരാധയുടെ കഥാപാത്രം. വെജിറ്റബിൾ സാൻഡ്്വിച്ചുണ്ടാക്കുമ്പോൾ ദേശീയപതാകയുടെ വർണശ്രേണിയിൽ വയ്ക്കുന്ന പച്ചക്കറികളെ അതേ രീതിയിൽ കഴിക്കാതെ ആ വർണശ്രേണി മാറ്റിക്കൊണ്ടു താര അനുരാധ പറയുന്നത്, 'ഐ വിൽ നോട്ട് ഡിസ്റെസ്പെക്ട് മൈ കൺട്രി' എന്നാണ്. ഒറ്റ നോട്ടത്തിൽ അത്തരമൊരു ഡയലോഗിന്റെ സാംഗത്യമെന്തെന്നു തോന്നുമെങ്കിലും ചിത്രത്തിന്റെ പൂർണതയിൽ ആ ഡയലോഗിന്റെ ആഴം വ്യക്തമാകും.      

സമൂഹത്തിന്റെ പേടികളെയാണ് പ്രാണ എന്ന ഹൊറർ ചിത്രം അഭിസംബോധന ചെയ്യുന്നത്. സ്വന്തം നിലപാടു ഉറക്കെ പ്രഖ്യാപിക്കുന്നവരോടുള്ള പേടി മുതൽ ജീവിതത്തോടും മരണത്തോടുമുള്ള പേടികളെയും ചിത്രം സ്പർശിക്കുന്നു. സമൂഹത്തിലെ പല തരം പേടികൾക്കെതിരെ സമരം ചെയ്ത നിരവധി പേരെ താര അനുരാധ എന്ന കഥാപാത്രം ഓർമ്മപ്പെടുത്തുന്നു. പത്രപ്രവർത്തക ഗൗരി ലങ്കേഷ് മുതൽ പെരുമാൾ മുരുകൻ, രോഹിത് വെമുല എന്നിങ്ങനെ സമകാലിക സമൂഹത്തിൽ ചർച്ചയായ നിരവധി പേരെ താര അനുരാധ എന്ന കഥാപാത്രം ഓർമ്മപ്പെടുത്തും. 

pranaa-review-3

എഴുത്തുകാരിയായ താര അനുരാധയെ അതിമനോഹരമായി നിത്യ മേനോൻ അവതരിപ്പിച്ചിരിക്കുന്നു. താര അനുരാധയ്ക്ക് നിത്യ മേനോൻ എന്ന അഭിനേത്രി നൽകുന്ന ഊർജ്ജം ചെറുതല്ല. ശബ്ദസാന്നിധ്യമായെത്തുന്ന കുഞ്ചാക്കോ ബോബനും ദുൽഖർ സൽമാനും കഥ പറച്ചിലിന്റെ ഭംഗി വർധിപ്പിക്കുന്നു. ചിത്രത്തിലെ സംഗീതവും കയ്യടി അർഹിക്കുന്നുണ്ട്. പ്രാണയെ മനോഹരമായ സിനിമാറ്റിക് അനുഭവമാക്കുന്നതിൽ രതീഷ് വേഗയ്ക്കൊപ്പം ലൂയിസ് ബാങ്ക്സ് എന്ന സംഗീത സംവിധായകനും പങ്കു ചേരുന്നു. ഇന്ത്യൻ ജാസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ലൂയിസ് ബാങ്ക്സിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.  പഞ്ചഭൂതം എന്ന തീം അടിസ്ഥാനപ്പെടുത്തി രതീഷ് വേഗ ചിട്ടപ്പെടുത്തിയ ഗാനങ്ങളും അതിമനോഹരം.

ലോകോത്തര നിലവാരമുള്ള ടെക്നീഷ്യൻമാരെ അണിനിരത്തി ലോകോത്തര നിലവാരമുള്ള സിനിമ തന്നെയാണ് വി.കെ പ്രകാശ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കലാമൂല്യമുള്ള സിനിമാ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു പാഠപുസ്തകമാണ് ഈ സിനിമ. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും പ്രാണ നിരാശരാക്കില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA