ആദിയിൽ നിന്ന് അപ്പുവിലേക്ക് ഒരു പ്രണയദൂരം; റിവ്യു

pranav-irupathiyonnam-noottandu
SHARE

നോട്ട് എ ഡോൺ സ്റ്റോറി എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ടാഗ് ലൈൻ. ഒരു ആക്‌ഷൻ ചിത്രത്തേക്കാളുപരി പ്രണയ സിനിമയെന്ന വിശേഷണമാകും സിനിമയ്ക്ക് കൂടുതൽ ചേരുക. ആദിയിൽ ചാടി മറിയുന്ന പ്രണവിനെയാണ് കണ്ടതെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാമുകനായി ആടിപ്പാടുന്ന അപ്പുവിനെയാകും കാണാനാകുക. താരപുത്രന്റെ രണ്ടാം വരവ് ആദ്യ സിനിമയിൽ നിന്ന് വ്യത്യസ്തം തന്നെയെന്ന് വ്യക്തം. 

ഒരുകാലത്ത് ഗോവയിൽ അധോലോകവും ക്വട്ടേഷനുമൊക്കെയായി വിലസി നടന്നിരുന്ന ബാബയുടെ മകനാണ് അപ്പു. എന്നാൽ അപ്പു, അപ്പനെപ്പോലെയല്ല. തല്ലിനും ബഹളത്തിനുമൊന്നും പോകാതെ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്തുകയാണ് അവന്റെ ലക്ഷ്യം. അവന്റെ ഇഷ്ടവിനോദമാകട്ടെ സർഫിങും. എന്നാൽ ഇപ്പോഴും എന്തെങ്കിലുമൊക്കെ അടിപിടിക്കേസുമായി ബാബ പ്രശ്നങ്ങൾ ഉണ്ടാക്കും. അതൊക്കെ പരിഹരിച്ച് മുന്നോട്ടുപോകുന്ന സന്തുഷ്ട കുടുംബത്തെ ചിത്രത്തിൽ കാണാം. 

pranav-irupathiyonnam-noottandu-3

അവരുടെ ഇടയിലേക്കാണ് സായ എന്ന ചെറുപ്പക്കാരി കടന്നുവരുന്നത്. അപ്പുവിന്റെ കുടുംബം നടത്തുന്ന ഹോം സ്റ്റേയിൽ അവളൊരു അപ്രതീക്ഷിത അതിഥിയായിരുന്നു. സായയും അപ്പുവും പെട്ടന്നുതന്നെ സൗഹൃദത്തിലാകുന്നു.  സായയിൽ തന്റെ പ്രണയം കണ്ടെത്തുകയായിരുന്നു അവൻ.

എന്നാൽ ആ പ്രണയം അപ്പുവിനെ കൊണ്ടെത്തിക്കുന്നത് പ്രതീക്ഷിക്കാത്തൊരുസാഹചര്യത്തിലേക്കാണ്. ഏറെ നിഗൂഢതകൾ നിറഞ്ഞ സായയുടെ ജീവിതത്തിലേക്ക് അപ്പു നടത്തുന്നൊരു സാഹസികയാത്രയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

Arun Gopi Exclusive Interview

പ്രണയിനിയെ സ്വന്തമാക്കാൻ കാമുകൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആക്‌ഷനും പ്രണയവും കോർത്തിണക്കി കളർഫുൾ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവൻ പശ്ചാത്തലത്തിൽ ചെറിയ തമാശകളും പ്രണയവുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന ആദ്യ പകുതി ഇടവേളയോട് അടുക്കുമ്പോൾ ആവേശകരമാകുന്നു. പിന്നീട് അങ്ങോട്ട് ചിത്രത്തിന്റെ ഗതി തന്നെ മാറുകയാണ്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും ആക്‌ഷൻ രംഗങ്ങളുമുള്ള രണ്ടാം പകുതി പ്രേക്ഷകനെ പിടിച്ചിരുത്തും.

വർഗീയത, കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ, രാഷ്ട്രീയ പകപോക്കൽ എന്നിങ്ങനെയുള്ള സമകാലിക സാമൂഹിക പ്രശ്നങ്ങളെ കൂടി  പ്രതിപാദിക്കുന്നുണ്ട് ചിത്രം. സ്വന്തം വീട്ടിൽപോലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വസ്തുത ഒന്നുകൂടി ഓർമപ്പെടുത്തുന്നു ഈ ചിത്രം. അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിരിക്കുന്നത്. ആദിയിലെ ആദിത്യ മോഹനിൽ നിന്നും അപ്പുവിലേക്ക് എത്തുമ്പോൾ അഭിനയത്തിൽ പ്രണവ് ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു. അപ്പുവെന്ന കഥാപാത്രത്തോട് നീതിപുലർത്താൻ പ്രണവിന് കഴിഞ്ഞു. പ്രണവും നായികയായ സായയും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ മറ്റൊരു ആകർഷണ ഘടകമാണ്. 

pranav-irupathiyonnam-noottandu

ബാബയെ അവതരിപ്പിച്ച മനോജ് കെ. ജയൻ, പ്രണവിന്റെ കൂട്ടുകാരനായി (മക്രോണി) അഭിരവ് ജനൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റുതാരങ്ങൾ. ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, സുരേഷ് കുമാർ, കലാഭവൻ ഷാജോൺ, ഹരീഷ് രാജ്, നെൽസൺ, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആന്റണി പെരുമ്പാവൂർ ഗോകുൽ സുരേഷ് എന്നിവരുടെ അതിഥി വേഷങ്ങളും രസകരമായി.

കടലിലെ സർഫിങ് രംഗങ്ങൾ അത്യുഗ്രൻ. കൂടാതെ ട്രെയിൻ ഫൈറ്റ് സീനുകളിലെ പ്രണവിന്റെ ആക്‌ഷൻ എടുത്തുപറയേണ്ടതാണ്. പീറ്റർ ഹെയ്നിന്റെ ആക്‌ഷൻ രംഗങ്ങൾ മികച്ചു നിന്നു. ക്ലൈമാക്സിലെ ട്രെയിൻ ഫൈറ്റ് സ്വീക്വൻസിന്റെ വിഎഫ്എക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. മനോഹരമായൊരു വിഷ്വൽ ട്രീറ്റാണ് ഈ സിനിമ. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിവേക് ഹർഷന്റെ എഡിറ്റിങ് സിനിമയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.ഗോപി സുന്ദറിന്റെ സംഗീതവും ആസ്വാദ്യകരം തന്നെ. 

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഫാമിലി എന്റർടെയിനർ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകർക്കും അല്ലാത്തവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ചേരുവകകൾ നിറഞ്ഞ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA