Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അള്ളിൽ ഉള്ളതും ഇല്ലാത്തതും ? റിവ്യു

allu-ramendran-review

പേരിലെ പുതുമ, ചാക്കോച്ചന്റെ വ്യത്യസ്ത ലുക്കും സ്വഭാവവുമുള്ള കഥാപാത്രം, പിന്നണിയിലെ പുതുമുഖ സാന്നിധ്യം അങ്ങനെ അള്ളു രാമേന്ദ്രനെക്കുറിച്ച് കേട്ട സത്യമുള്ളതും അല്ലാത്തതുമായ ‘തള്ളലുകൾ’ നിരവധിയാണ്. ഇത്തരം ചില കേട്ടുകേഴ്‌വികളാണല്ലോ റിലീസ് ദിനം തന്നെ ആദ്യ ഷോ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതും. മീശ പിരിച്ച് ചുണ്ടിലെരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ കഥ എന്തായിരിക്കും ?

അള്ള് രാമചന്ദ്രാ... സോറി അല്ല രാമചന്ദ്രാ

സിനിമയിലുടനീളം ശബ്ദസാന്നിധ്യമായും ദൃശ്യസാന്നിധ്യമായും നിറഞ്ഞു നിൽക്കുന്നത് അള്ള് തന്നെയാണ്. ചാണകത്തിലും ഉരുളക്കിഴങ്ങിലും മടലിലും തക്കാളിയിലും അങ്ങനെ അള്ളോട് അള്ള്. പൊലീസുകാരനായ രാമചന്ദ്രനെ നിസ്സഹായനാക്കുന്ന അള്ള്. ആരാവും ഇൗ അള്ള് വച്ചത് ? രാമചന്ദ്രന്റെ ഇൗ അന്വേഷണമാണ് സിനിമയുടെ ആദ്യ പകുതി. അള്ള് വച്ചവനിട്ട് രാമചന്ദ്രൻ തിരികെ മാന്തുന്നതാണ് ചിത്രത്തിന്റെ അവസാന പകുതി.

അള്ള് കണ്ടാൽ ചിരിക്കുമോ ?

മുള്ളുമുരിക്ക് കണക്കെയുള്ള പേരും കുഞ്ചാക്കോ ബോബന്റെ കലിപ്പ് ലുക്കും ‌കണ്ട് ആരും ഇതിൽ തമാശയില്ല എന്നു ധരിക്കരുത്. അത്യാവശ്യം ചിരിപ്പിക്കാനുള്ള വകയൊക്കെ ചിത്രത്തിലുണ്ട്. പക്ഷേ ചിലയിടങ്ങളിൽ ഇൗ തമാശകൾ നനഞ്ഞ പടക്കങ്ങളാവുന്നുമുണ്ട്. പൊലീസ് കഥ ആയതു കൊണ്ട് ത്രിൽ മസ്റ്റാണല്ലോ ? അതും ആവശ്യത്തിനുണ്ട്. പക്ഷേ സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ചയെ വിട്ടതാരെന്നത് ഉത്തരമില്ലാ ചോദ്യമായി അവശേഷിച്ചതു പോലെ ഇവിടയും ചില ഉത്തരമില്ലാ ചോദ്യങ്ങൾ ബാക്കിയാകുന്നു.

The Trailer Of Kunchacko Boban Starrer 'Allu Ramendran' released

ചോക്ലേറ്റ് നായകനിൽനിന്ന് ചാക്കോച്ചന്റെ ചാട്ടം

അഭിനേതാക്കളുടെ നീണ്ട നിരയിൽ ഒന്നാമനായ കുഞ്ചാക്കോ ബോബൻ ഒരു റഫ് ആൻഡ് ടഫ് പൊലീസുകാരനായി മിന്നിച്ചു. നേരത്തിലൂടെയും പ്രേമത്തിലൂടെയും പരിചിതനായ കൃഷ്ണശങ്കർ തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ചാന്ദ്നിയുടെ നായികാവേഷം പേരിലൊതുങ്ങിയപ്പോൾ അപർണയുടെ കഥാപാത്രം പ്രാധാന്യമുള്ളതായിരുന്നു. അച്ഛൻ, അമ്മ, അമ്മൂമ്മ, അമ്മാവൻ, കൂട്ടുകാർ അങ്ങനെ എണ്ണമറ്റ അനവധി വേഷങ്ങൾ അവതരിപ്പിച്ച പേരു കേട്ടവരും അല്ലാത്തവരുമായ അഭിനേതാക്കളും തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കി.

allu-ramendran-trailer

അണിയറിയിൽ അള്ളു ഒരുക്കിയവർ

പ്രതിഭാധനനായ സംവിധായകനാണെന്ന് ആദ്യ ചിത്രം കൊണ്ടു ബിലഹരി തെളിയിച്ചു. രചന നിർവഹിച്ച ഗിരീഷ്, സജിൻ, വിനീത് എന്നിവർ കുറച്ചു കൂടി മികച്ച രീതിയിൽ തിരക്കഥ ഒരുക്കിയിരുന്നെങ്കിൽ അള്ള് വേറെ ലെവലിൽ‌ എത്തിയേനെ. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും അള്ളിനെ മനോഹരമാക്കി.

അള്ളിലെ പൊള്ളകൾ

മികച്ച പ്രമേയമായിരുന്നിട്ടും അത് പൂർണമായി ഉപയോഗിക്കാൻ അള്ള് രാമേന്ദ്രന്റെ അണിയറക്കാർക്കു സാധിച്ചോ എന്നൊരു സംശയം. ഒരുപാട് ഹാസ്യതാരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും അതും വേണ്ട വിധം ഉപയോഗിക്കപ്പെട്ടില്ല. തിരക്കഥയുടെ ബലമില്ലായ്മ തന്നെയാണ് ഇതിന്റെ പ്രധാന കാരണമായി പറയാവുന്നതും.

അള്ളിൽ ശരിക്കും ഉള്ളത്

കണ്ണിനു കുളിരു പകരുന്ന ഒരു ഗ്രാമത്തിലെ കാഴ്ചകളും അവിടുത്തെ ആളുകളും അവരുടെ വിശേഷങ്ങളും. ഒരു പൊലീസുകാരന്റെ നിസ്സഹായാവസ്ഥയും അയാളുടെ ചുറ്റുപാടുകളും. അങ്ങോട്ടുമിങ്ങോട്ടും വ്യത്യസ്തമായി പാര പണിയുന്ന വ്യത്യസ്തരായ രണ്ട് അളിയന്മാർ. ഇതിനൊപ്പം മേമ്പൊടിക്ക് ചില തമാശകൾ, ചെറിയ ചില ട്വിസ്റ്റുകൾ ഒടുക്കം ശുഭപര്യവസാനം. ചുരുക്കത്തിൽ അള്ള് രാമചന്ദ്രനിലുള്ളത് ഇതൊക്കെയാണ്.