ADVERTISEMENT

അതിഭാവുകത്വവും നാടകീയതകളും നിറഞ്ഞ കഥാപരിസരത്തു നിന്ന് സിനിമയെ കൈ പിടിച്ച് താഴെയിറക്കി ഭൂമിയിൽ ചവിട്ടി നിർത്തിയ ഒരു കൂട്ടം ആളുകൾ. അവരുടെ ഒപ്പം സഞ്ചരിച്ച് അവരുടെ മുൻ ചിത്രങ്ങളുടെയൊക്കെ പിന്നണിയിൽ അറിയപ്പെടാതെ നിന്ന ഒരു സഹസംവിധായകൻ സ്വതന്ത്ര സിനിമയുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ്. യാഥാർഥ്യ ബോധത്തിനൊപ്പം സിനിമയുടെ ക്രാഫ്റ്റും കൂടി ചേർത്ത് ഒരുക്കിയിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന പക്കാ റിയലിസ്റ്റിക്ക് ചിത്രം മഹേഷിന്റെ പ്രതികാരം പോലെയും തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെയും ആസ്വാദകരെ കയ്യിലെടുക്കുന്ന ഒന്നാണ്.

Kumbalangi Nights | Official Trailer | Fahadh Faasil

 

കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്ത ഒരു ചെറുദ്വീപ്. തെരുവു പട്ടികളും പൂച്ചകളും വസിക്കുന്ന ആ ദ്വീപിൽ ആർക്കും വേണ്ടാത്ത നാല് സഹോദരങ്ങളുമുണ്ട്. ആർക്കും പറയത്തക്ക ജോലിയൊന്നുമില്ല. അച്ഛനും അമ്മയുമില്ല. നല്ല വീടോ ചുറ്റുപാടോ ഇല്ല. മദ്യപാനം, പുകവലി, തല്ല് അങ്ങനെ ഇല്ലാത്ത ദുശ്ശീലങ്ങൾ ഒന്നുമില്ല. ആകെ മൊത്തം ഡാർക്ക് സീൻ. ഇളയ സഹോദരനാവട്ടെ തന്റെ ജ്യേഷ്ഠന്മാരുടെ ചെയ്തികൾക്ക് മൂകസാക്ഷിയാകുന്നു. ഇവരുടെ ജീവിതത്തിൽ ചില സംഭവങ്ങൾ വരുത്തുന്ന മാറ്റങ്ങളാണ് കുമ്പളങ്ങി ചർച്ച ചെയ്യുന്നത്. ആ മാറ്റങ്ങളും അതിനുള്ള കാരണങ്ങളും സസ്പെൻസായി തുടരട്ടെ. 

ചെറിയ തമാശകളും ചില നന്മകളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ മനസ്സിനെ തൊട്ടുണർത്തുന്ന ചിത്രമാണ് കുമ്പളങ്ങി

 

വളരെ സാവധാനത്തിലാണ് കുമ്പളങ്ങിയുടെ തുടക്കം. ആ ദ്വീപും ആ വീടും ആ സഹോദരങ്ങളും അവരുടെ ജീവിതവും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി. തമാശയ്ക്കായി ചേർത്ത രംഗങ്ങളില്ല. എന്നാൽ ചില രംഗങ്ങൾ തമാശയായി മാറുന്നുമുണ്ട്. ഫഹദ് കൂടി എത്തുന്നതോടെ സിനിമയ്ക്കും പുതിയൊരു ഉണർവ് ലഭിക്കുന്നു. തന്റെ ഭർത്താവിന്റെ ചിരിക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്തെന്ന് കണ്ടു പിടിക്കാനാകാതെ വലയുന്ന സുമിയുടെ കഥാപാത്രത്തിന്റെ അതേ അവസ്ഥ തന്നെയാണ് പ്രേക്ഷകരും ചില സമയങ്ങളിൽ നേരിടുക. ആള് വില്ലനാണ്, പക്ഷേ വില്ലന്മാർ ഇങ്ങനെയല്ലല്ലോ എന്ന് ചിന്തിച്ചു പോകും കാഴ്ച്ചക്കാരും.

 

രണ്ടാം പകുതിയിൽ കുമ്പളങ്ങി കൂടുതൽ മനോഹരമാണ്. പ്രണയത്തിന്റെ തീവ്രതയും സഹോദരബന്ധത്തിന്റെ വൈകാരികതയുമൊക്കെ ആ ഘട്ടത്തിൽ ചിത്രത്തിൽ കടന്നു വരുന്നുണ്ട്.  പരസ്പരം കലഹിച്ചിരുന്ന സഹോദരങ്ങൾ പല കാരണങ്ങളാൽ ഒന്നാകുന്നതും അവർക്കിടയിലേക്ക് മാലാഖയെപ്പോലെ പലരും കടന്നു വരുന്നതുമൊക്കെ സിനിമയിലെ മികച്ച ഭാഗങ്ങളാണ്. 

 

സൗബിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ഒപ്പം മാത്യു എന്ന കൊച്ചു മിടുക്കനും. കുമ്പളങ്ങിയിലെ ഇൗ സഹോദരങ്ങൾ ഒന്നിനൊന്ന് മികച്ചു നിന്നു. ഒാർത്തിരിക്കാനും എടുത്തു പറയാനും ഒട്ടേറെ അഭിനയ മുഹൂർത്തങ്ങൾ. നിഷ്ക്കളങ്കമായ ചിരിയോടെ അന്ന ബെൻ എന്ന നടി നടന്നു കയറുന്നത് മലയാള സിനിമയിലെ നായികാ നിരയിലേക്ക് മാത്രമല്ല, കഴിവുറ്റ ഒരു പറ്റം അഭിനേത്രികളുടെ കൂട്ടത്തിലേക്കു കൂടിയാണ്. അഭിനയത്തെക്കാളുപരി സ്വാഭാവികമായി പെരുമാറിയ ഗ്രേസ് ആന്റണി തന്റെ ആദ്യ സീനിൽ തന്നെ പ്രതിഭ തെളിയിച്ചു. ഫഹദിന്റെ ഷമ്മിയെക്കുറിച്ച് ഒന്നും പറയാനില്ല. വല്ലതും പറഞ്ഞാൽ അതു സിനിമ കാണാൻ പോകുന്നവരുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തിയേക്കാം. 

 

ചെറിയ തമാശകളും ചില നന്മകളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ മനസ്സിനെ തൊട്ടുണർത്തുന്ന ചിത്രമാണ് കുമ്പളങ്ങി. എന്താണ് കുമ്പളങ്ങി നൈറ്റ്സ് ? ഇൗ സിനിമ ചിരിക്കാനുള്ളതോ കരയാനുള്ളതോ ? ഫാമിലിക്ക് പറ്റുന്നതാണോ ? മഹേഷിനെക്കാൾ നല്ലതാണോ ? ഇങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങൾക്ക് കണ്ണുമടച്ചു പറയാവുന്ന ഒറ്റ ഉത്തരമേയുള്ളൂ. കുമ്പളങ്ങി നൈറ്റ്സ് ഒരു മികച്ച സിനിമയാണ്. 

 

സിനിമയെന്ന കലയെ സ്നേഹിക്കുന്നവർക്കും സീരിയസ്സായി കണ്ടു പഠിക്കുന്നവർക്കും ഒപ്പം സിനിമയെ വെറും നേരമ്പോക്കായി കാണുന്നവർക്കും ഒരുപോലെ കുടുംബമായോ കൂട്ടമായോ ഒറ്റയ്ക്കോ ഇരുന്ന് ആസ്വദിക്കാൻ പറ്റിയ മികച്ച ചിത്രം തന്നെയാണ് കുമ്പളങ്ങി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT