ADVERTISEMENT

മുൻവിധികൾ തകിടംമറിച്ചു പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രം. അതാണ് നയൻ..ട്രെയിലറിൽ കണ്ടതിനുമപ്പുറം സങ്കീർണമായ കഥാതലങ്ങളുണ്ട് ചിത്രത്തിന്. ഹൊറർ, സൈക്കളോജിക്കൽ ത്രില്ലർ, സയൻസ് ഫിക്‌ഷൻ എന്നീ തലങ്ങളിലെല്ലാം ചിത്രം മലയാളസിനിമാ പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നുറപ്പ്. വ്യത്യസ്തമായ പ്രമേയങ്ങൾ മലയാളസിനിമയിൽ അവതരിപ്പിക്കുന്നതിൽ പൃഥ്വിരാജ് എന്ന അഭിനേതാവിനെ വീണ്ടും അടയാളപ്പെടുത്തുന്ന ചിത്രമാകും നയൻ..

 

Nine Movie crew speaks about the movie

പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് നയൻ നിർമിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയൻ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മുഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോ‍ൻ. കോസ്റ്റ്യൂം സമീറ സനീഷ്.

 

പൃഥ്വിരാജിനൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹൻദാസ് എന്നിവരാണ് നായികമാർ. പ്രകാശ് രാജ്, ടോണി ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങൾ. 

Prithviraj speaks about Nine movie

 

പ്രമേയം... 

 

ഭൂമിയെ കടന്നുപോകുന്ന ഒരു വാൽനക്ഷത്രത്തിന്റെ കാന്തികതരംഗങ്ങൾ കാരണം ഒൻപത് ദിവസത്തേക്ക് ഭൂമിയിലെ ഇലക്ട്രോണിക് സാന്നിധ്യമുള്ള ഉപകരണങ്ങളെല്ലാം നിശ്‌ചലമാകുന്നു. വൈദ്യുതിയില്ല, ഫോണില്ല, ഭൂരിഭാഗം വാഹനങ്ങളും പ്രവർത്തിക്കുന്നില്ല...ചുരുക്കത്തിൽ ലോകത്തിന്റെ ചലനവേഗം തന്നെ പിടിച്ചുകെട്ടപ്പെടുന്നു. ഇതിനെ കുറിച്ച് ഒരു ഫീച്ചർ തയാറാക്കാനായി ഹിമാലയത്തിലേക്ക് പോകാൻ ജ്യോതിശാസ്ത്രജ്ഞനായ ആൽബർട് നിയോഗിക്കപ്പെടുന്നു. അയാൾ മകൻ ആദത്തെയും കൂടെകൂട്ടുന്നു. അവിടെ അവർക്കുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളും അതിന്റെ ചുരുളഴിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടിക്കുന്ന തിരിച്ചറിവുകളുമാണ് സിനിമയുടെ പ്രമേയം. ഒൻപത് ദിവസങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്. ഹിമാചൽ പ്രദേശ് പ്രധാന ലൊക്കേഷനാകുന്നു. 

 

Nine Movie Trailer

അച്ഛനും മകനും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ് ചിത്രത്തിന്റെ കഥാതന്തു. ചില ദുരനുഭവങ്ങൾ, ഓർമകൾ, കാഴ്ചകൾ മനുഷ്യമനസ്സിനെ  എത്ര വിചിത്രമായി വേട്ടയാടാം എന്നു ചിത്രം കാട്ടിത്തരുന്നു. സ്വയം തിരിച്ചറിഞ്ഞു നവീകരിക്കുന്നതാണ് ഭയത്തെയും അന്ധകാരത്തെയും തുടച്ചുനീക്കാനുള്ള വഴി എന്നു ചിത്രം പറഞ്ഞുവയ്ക്കുന്നു. ബാക്കിയെല്ലാം തിയറ്ററിൽ പോയി കണ്ട് അനുഭവിക്കേണ്ട കാര്യങ്ങളാണ്.

 

അഭിനയം...

 

ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് എത്തുന്നത്. പതിവു ഹീറോ പരിവേഷത്തിനപ്പുറം പേടിക്കുന്ന നായകനെ ചിത്രത്തിൽ കാണാം. ഭീതി, നിസ്സഹായത, പക എന്നിവയെല്ലാം മികച്ച മെയ്‌വഴക്കത്തോടെ പൃഥ്വി അഭിനയിച്ചു ഫലിപ്പിക്കുന്നു. ചിത്രത്തിലെ സസ്പെൻസിന്റെ ചുരുളഴിയുന്ന രംഗങ്ങൾ പൃഥ്വിരാജിലെ നടനെ അടയാളപ്പെടുത്തുന്നതാണ്. ഗോദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ വാമിഖ അവസാനംവരെ ഉദ്വേഗം  നിലനിർത്തുന്ന കഥാപാത്രമായി എത്തുന്നു. പൃഥ്വിയുടെ മകന്റെ വേഷം ചെയ്ത ബാലതാരം അലോക് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

 

സാങ്കേതികവശങ്ങൾ....

 

ഒരു റാന്തലിന്റെ പ്രകാശമാണ് നായകനെ പലയിടത്തും മുന്നോട്ടു നയിക്കുന്നത്, ചിലപ്പോഴൊക്കെ പ്രേക്ഷകനെയും. കഥയിലെ ഭീതി അഭ്രപാളിയിൽനിന്നും കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ പിന്തുണ നൽകുന്നത് മികച്ച ഛായാഗ്രഹണവും പശ്‌ചാത്തലസംഗീതവുമാണ്. ഫ്ലാഷ്ബാക്ക് പറയുന്ന ഗാനവും മികച്ചുനിൽക്കുന്നു. 

 

ഡാർക്ക് തീമിനാണു ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പകുതിയിലേറെ രംഗങ്ങളും അരങ്ങേറുന്നത് മങ്ങിയ പ്രകാശത്തിലാണ്. കലാസംവിധാനവും ഛായാഗ്രഹണവും ഈ വെല്ലുവിളി മനോഹരമായി തരണം ചെയ്തിരിക്കുന്നു. വിഎഫ്എക്‌സ് മികച്ചു നിൽക്കുന്നു. ആദ്യപകുതിയിൽ വാൽനക്ഷത്രം എത്തുമ്പോൾ ഭൂമി ഇരുട്ടിലാകുന്ന ഒരു രംഗമുണ്ട്. അതുമാത്രം മതി, മലയാളസിനിമ ഏതു ലെവലിൽ എത്തിയെന്നു മനസ്സിലാക്കാം.

 

രത്നച്ചുരുക്കം... 

 

ഭീതിയുടെ സൗന്ദര്യവും ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റും ഇഷ്ടപ്പെടുന്നവർക്ക് ചിത്രം അവിസ്മരണീയ അനുഭവമാകുമെന്ന് ഉറപ്പ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT