ADVERTISEMENT

ആന്ധ്രാരാഷ്ട്രീയത്തിലെ അതികായനായ വൈ.എസ്. രാജശേഖര റെഡ്ഡിയിലേക്ക് ഇന്ത്യൻ സിനിമയിലെ അതികായനായ മമ്മൂട്ടി നടത്തിയ പരകായപ്രവേശമാണ് യാത്ര. ഒരു ജീവചരിത്ര സിനിമയുടെ സ്ഥിരം ശൈലിയിൽനിന്ന് 'യാത്ര' വഴിമാറി നടക്കുന്നു. മെയ്ക്കപ്പ് ഇട്ട് രൂപസാദൃശ്യം വരുത്തിയല്ല മമ്മൂട്ടി വൈ.എസ്.ആർ. ആകുന്നത്. മറിച്ച്, രാഷ്ട്രീയസമവാക്യങ്ങൾക്കപ്പുറം സ്വന്തം വഴി വെട്ടിയുണ്ടാക്കിയ ആ വലിയ നേതാവിന്റെ ശരീരഭാഷയെ, രാഷ്ട്രീയത്തെ സൂക്ഷ്മമായി പുനരാവിഷ്കരിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പകർന്നാട്ടം. അതിൽ മാസും ക്ലാസുമുണ്ട്. 

 

YSR Yatra Movie Trailer (Malayalam) | Mammootty | YSR Biopic | Mahi V Raghav | 70MM Entertainments

ആന്ധ്രാരാഷ്ട്രീയത്തിൽത്തന്നെ വഴിത്തിരിവായ ഒരു പദയാത്രയുടെ ചൂടിലേക്ക് മമ്മൂട്ടി എന്ന നടൻ നടന്നു കയറുമ്പോൾ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതാകുന്നു. വൈ.എസ്.ആർ. ആരാണെന്ന് അറിയാത്ത മലയാളികൾക്കു പോലും 'യാത്ര' മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. കാരണം, ദേശത്തിനും ഭാഷയ്ക്കും അപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിൽ നേരിന്റെ രാഷ്ട്രീയമുണ്ട്, സാധാരണക്കാരുടെ നോവുകളുണ്ട്, അഴിമതി രാഷ്ട്രീയം മടുത്ത ജനങ്ങളുടെ രോഷമുണ്ട്. ‘വാക്കു കൊടുക്കുന്നതിനു മുൻപേ ആലോചിച്ചതാണ്. വാക്കു കൊടുത്താൽ നടപ്പാക്കും’ എന്ന ഡയലോഗിന് കയ്യടി ലഭിക്കുന്നത്, അത് സാധാരണക്കാർ കേൾക്കാൻ ആഗ്രഹിക്കുന്ന ചങ്കുറപ്പുള്ള നേതാവിന്റെ നിലപാട് ആയതിനാലാണ്.

 

ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവിനെ സിനിമയിൽ പുനരാവിഷ്കരിക്കുമ്പോൾ സംഭവിച്ചേക്കാവുന്ന അനുകരണ സാധ്യതയെ മമ്മൂട്ടി എന്ന നടൻ തന്റെ അഭിനയമികവു കൊണ്ടു മറികടക്കുന്നു. തമിഴിലെ പേരൻപിനു ശേഷം മമ്മൂട്ടിയിലെ നടനെ ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് യാത്ര.    

mammootty-yatra-1

 

ജീവചരിത്രമല്ല ഈ സിനിമ

 

വൈഎസ്ആറിന്റെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതം അതേപടി പകർത്തിവെയ്ക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവായ പദയാത്രയിലാണ് സിനിമ കേന്ദ്രീകരിക്കുന്നത്. സിനിമയ്ക്കുവേണ്ടി പ്രണയമോ വിവാഹമോ വ്യക്തിജീവിതത്തിലെ മറ്റു സംഭവങ്ങളോ തിരുകിക്കയറ്റാതെ വൈ.എസ്.ആറിന്റെ രാഷ്ട്രീയം മാത്രമാണ് സിനിമ സംസാരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ അൻപതോളം പേർ എന്തിന് ആത്മഹത്യ ചെയ്തെന്ന സംശയത്തിനുള്ള ഉത്തരവും പുതിയ കാലത്തിന് ഈ സിനിമ കാട്ടിത്തരുന്നു. 

 

mammootty-yatra-2

പദയാത്രയ്ക്ക് അവസാനം തിരഞ്ഞെടുപ്പിൽ വൈ.എസ്.ആറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതുവരെയാണ് മമ്മൂട്ടി എന്ന നടനിലൂടെ ചിത്രം സഞ്ചരിക്കുന്നത്. അവസാനത്തെ അഞ്ചു മിനിറ്റ് വൈ.എസ്.ആറിന്റെ തന്നെ ഒറിജിനൽ ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. തിരശീലയിൽ വൈ.എസ്.ആറിനെത്തന്നെ കാണുമ്പോൾ മമ്മൂട്ടി എന്ന നടൻ എത്ര സ്വാഭാവികമായാണ് ആ ജനകീയനേതാവിനെ പുനരാവിഷ്കരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ തിരിച്ചറിയും. മമ്മൂട്ടി എന്ന നടന്റെ വ്യക്തിപ്രഭാവം വൈ.എസ്.ആറിന്റെ തിളക്കമേറിയ രാഷ്ട്രീയജീവിതത്തെ അത്രമേൽ മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു. സംവിധായകൻ മഹി വി. രാഘവിന്റെ ഈ കണ്ടെത്തലിന് കൊടുക്കണം കയ്യടി. 

 

വിമർശനത്തിന്റെ മുന ഡൽഹിയിലേയ്ക്ക്

 

ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ യാത്ര എന്ന ചിത്രം വൈ.എസ്.ആറിന്റെ വെറും ജീവചരിത്രം മാത്രമല്ല പറയുന്നത്. ലക്ഷക്കണക്കിനു ജനങ്ങളെ ഒരൊറ്റ പേരിനു കീഴെ ഒന്നിച്ചു നിർത്തിയ വൈ.എസ്.ആറിന്റെ രാഷ്ട്രീയവും ചിത്രം ഉയർത്തിക്കാട്ടുന്നു. സ്ഥാനാർഥികളെ ഡൽഹിയിൽനിന്നു കെട്ടിയിറക്കുന്ന കോൺഗ്രസിന്റെ ഹൈക്കമാൻഡ് രാഷ്ട്രീയത്തെ കണക്കറ്റു ചിത്രം വിമർശിക്കുന്നുണ്ട്. വൈ.എസ്.ആർ. എന്ന മൂന്നക്ഷരം ആന്ധ്രാരാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വന്ന ആവേശം ഒരിക്കൽക്കൂടി അനുഭവിപ്പിക്കാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്തേക്ക് ഈ ഓർമകൾ സജീവമാക്കുന്നത് തീർച്ചയായും തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസിന് തലവേദനയാകും. അതോടൊപ്പം കർഷകരുടെ പ്രശ്നങ്ങളും ചിത്രം വരച്ചിടുന്നുണ്ട്. ചില രംഗങ്ങൾ ഉള്ളു പൊള്ളിക്കും.  

 

ഇതു നിങ്ങളെക്കൊണ്ടേ സാധിക്കൂ മമ്മൂക്ക

 

ഭാഷയുടെ അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് മമ്മൂട്ടി എന്ന നടൻ വൈ.എസ്.ആറായി നിറഞ്ഞു നിൽക്കുകയാണ് സിനിമയിൽ. റാവു രമേശ്, സച്ചിൻ ഖേദ്ക്കർ, ജഗപതി ബാബു, നാസർ, സുഹാസിനി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് മമ്മൂട്ടി തന്നെയാണ്. തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് റിലീസ്. മമ്മൂട്ടിയാണ് മലയാളത്തിലും തെലുങ്കിലും ഡബ്ബ് ചെയ്തിരിക്കുന്നത്. 

 

എന്നാൽ, ഒരു മൊഴിമാറ്റ ചിത്രമായി ഒരിക്കലും 'യാത്ര' അനുഭവപ്പെടുകയില്ല. ആന്ധ്രയുടെ നാഡിമിടിപ്പ് അറിഞ്ഞിരുന്ന ഒരു ജനകീയ നേതാവിനെ, ആ ഭാഷ പോലും കൃത്യമായി അറിയാത്ത ഒരാൾ അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ മമ്മൂട്ടി അനായാസം അതു ചെയ്തിരിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ മാസ് പ്രകടനം തന്നെയാണ് യാത്ര എന്ന സിനിമയുടെ ആകർഷണം. നെടുനീളൻ സംഭാഷണങ്ങളോ പൊടിപറക്കുന്ന സംഘട്ടനരംഗങ്ങളോ ഇല്ലാതെ തന്നെ മമ്മൂട്ടി 'യാത്ര'യിൽ മാസാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com