ADVERTISEMENT

മിക്ക പെൺകുട്ടികളും ജീവിതത്തിൽ കടന്നു പോകുന്ന ചില ഘട്ടങ്ങളുണ്ട്. കൗമാരത്തിലെ അപക്വമായ ആദ്യപ്രണയം, നിയോഗങ്ങൾ കണ്ടെത്താനുളള യാത്രകൾ, സ്വത്വപ്രതിസന്ധി, സെറ്റിൽഡ് ആകാനുള്ള സാമൂഹിക സമ്മർദം എന്നിങ്ങനെ നീളുന്ന ആ കാലഘട്ടത്തെ ഒരു നൂലിഴയിലെന്നപോലെ ഹൃദ്യമായി കോർത്തിടുകയാണ് ‘ജൂൺ’ എന്ന ചിത്രം. 

 

June Official Trailer | Rajisha Vijayan | Ahammed Khabeer | Vijay Babu | Friday Film House

സംവിധാനം, ഛായാഗ്രഹണം, സംഗീത സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലേക്ക് പ്രതീക്ഷ നൽകുന്ന ഒരു കൂട്ടം നവാഗതരെത്തുന്നു എന്നതാണ് ‘ജൂൺ’ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. ഒരിടവേളയ്ക്കു ശേഷം സ്ത്രീകേന്ദീകൃതമായ ഒരു ചിത്രം എത്തുന്നു എന്നതും പ്രത്യേകതയാണ്.

 

ജൂൺ എന്ന പെണ്‍കുട്ടിയുടെ 16 മുതൽ 26 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. രജീഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തുന്നു. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. അഹമ്മദ് കബീര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ജിതിൻ സ്റ്റാൻസ് ഛായാഗ്രഹണവും  ഇഫ്തി സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. അഹമ്മദ് കബീർ‍, ലിബിൻ, ജീവൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

june-trailer-rajisha-vijayan

 

പ്രമേയം...

 

സ്വന്തം രൂപത്തെക്കുറിച്ചും കഴിവുകളെക്കുറിച്ചും അപകർഷതയുള്ള കൗമാരക്കാരിയാണ് ജൂൺ. പ്ലസ്‌വണ്ണിൽ ചേരാനെത്തുന്ന അവളും സഹപാഠികളും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദമാണ് ചിത്രത്തിന്റെ ആദ്യപകുതി മുന്നോട്ടുനയിക്കുന്നത്. പിന്നീട് ഉപരിപഠനത്തിനായും സ്വന്തം സ്വപ്നങ്ങൾ കണ്ടെത്താനുമായി ഓരോരുത്തരും വേർപിരിയുന്നു. അപ്പോഴും ബാക്കിവച്ച ചില കാര്യങ്ങൾക്കായി ജൂൺ നടത്തുന്ന യാത്രകളും അവസാനം എത്തിച്ചേരുന്ന തിരിച്ചറിവുകളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. സൗഹൃദവും പ്രണയവും സമാന്തരമായി ചിത്രത്തിലൂടെ വികസിക്കുന്നു.

 

രണ്ടു കാലഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ഫെയ്‌സ്ബുക്കും വാട്സാപ്പും സ്മാർട് ഫോണുമൊക്കെ സജീവമാകുന്നതിനു മുൻപുള്ള കാലം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ സ്വന്തം നിയോഗം കണ്ടെത്താനുള്ള ജൂണിന്റെ യാത്രകളാണ് പശ്‌ചാത്തലമാകുന്നത്. അവസാനം ചില സർപ്രൈസുകളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

 

അഭിനയം...

 

ചാപല്യങ്ങൾ നിറഞ്ഞ കൗമാരം മുതൽ പക്വതയുള്ള യൗവനം വരെയുള്ള കഥാപാത്രത്തിന്റെ പരിണാമം രജീഷ ഗംഭീരമാക്കിയിട്ടുണ്ട്. ലുക്കിലും ഗെറ്റപ്പിലും പൂർണതയ്ക്കായി ഒരുവർഷത്തോളം നടത്തിയ അധ്വാനം ഫലം കണ്ടു എന്നുവേണം കരുതാൻ. പ്രണയം, അന്യതാബോധം, കരച്ചിൽ, ദേഷ്യം, ചിരി എന്നിവയെല്ലാം തന്മയത്വത്തോടെ രജീഷ അഭിനയിച്ചു ഫലിപ്പിക്കുന്നു. 

 

ജോജുവാണ് മറ്റൊരു താരം. ഒരച്ഛന്റെ പ്രതീക്ഷകളും മകളുമായുള്ള സൗഹൃദവും ആത്മസംഘർഷങ്ങളും മനോഹരമായി ജോജു അവതരിപ്പിച്ചിട്ടുണ്ട്. അച്ഛനും മകൾക്കുമിടയിൽ രൂപപ്പെടുന്ന രസതന്ത്രവും ചിത്രത്തിന്റെ പ്രധാന കഥാതന്തുവാണ്. ചിത്രത്തിലെ പുതുമുഖങ്ങളുടെ കാസ്റ്റിങ് ഗംഭീരമായിട്ടുണ്ട്. രണ്ടു കാലഘട്ടങ്ങളിലെ മാറ്റം തന്മയത്വത്തോടെ വിനിമയം ചെയ്യാൻ അവർക്കും സാധിച്ചിട്ടുണ്ട്.

 

സാങ്കേതിക മേഖലകൾ...

 

നവാഗതന്റെ പരിഭ്രമങ്ങൾ ഇല്ലാതെ പല തലങ്ങളുള്ള തിരക്കഥ ദൃശ്യപരമായി വിനിമയം ചെയ്യാൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു. വൈകാരികഭാവഭേദങ്ങൾ സൂക്ഷ്മമായി ഒപ്പിയെടുക്കുന്ന ക്യാമറയും അതിനൊത്ത് ചലിക്കുന്ന സംഗീതവും കഥയ്ക്കൊത്തു സഞ്ചരിക്കുന്ന എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദനക്ഷമത ഉയർത്തുന്നു. ചിത്രം ഒരു മ്യൂസിക്കൽ എന്റർടെയിനർ കൂടിയാണ്. ചിത്രത്തിലെ കാലയളവുകൾ വികസിക്കുന്നത് ഗാനങ്ങളിലൂടെയാണ്. 'കൂടു വിട്ടു പാറും തേൻകിളി, മിന്നി മിന്നി' തുടങ്ങിയ ഗാനങ്ങൾ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുമുണ്ട്.

 

രത്നച്ചുരുക്കം...

 

നമ്മുടെ പദ്ധതികൾക്കും മുൻവിധികൾക്കുമൊക്കെ അപ്പുറത്ത്, കാലം നമുക്കായി ഒരുക്കുന്ന സർപ്രൈസുകളാണ് ജീവിതം എന്നു ‘ജൂൺ’ പറഞ്ഞുവയ്ക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു കാലഘട്ടത്തിൽ ജൂണിനെ പോലൊരു പെൺകുട്ടി പെയ്തിറങ്ങിയിട്ടുണ്ട് എന്നു ഓരോ പ്രേക്ഷകനും തിരിച്ചറിയും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com