ADVERTISEMENT

തിരശീലയിൽ വർഷങ്ങളായി മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒരു നടൻ സംവിധായകന്റെ തൊപ്പിയണിഞ്ഞാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം നിർവഹിച്ച ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’. സൗഹൃദവും പ്രണയവും ഡ്രാമയും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു അവതരിപ്പിക്കുകയാണ് ചിത്രം. പേരിലെ കൗതുകത്തോടു നീതി പുലർത്തുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്. വിദേശ രാജ്യത്ത് താമസിക്കുന്ന ഒരു കുടുംബത്തിൽ ആരംഭിക്കുന്ന പ്രശ്‍നങ്ങൾ പിന്നീട് കേരളത്തിന്റെ 'ലോക്കൽ' ഭൂമികയിലൂടെ വികസിക്കുന്നതാണ് കഥാതന്തു. 

I ME MYSELF ft. Harisree Ashokan

 

എസ്.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാഹുല്‍ മാധവ്, നന്ദു, മനോജ് കെ.ജയന്‍, ടിനി ടോം, ബിജു കുട്ടന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, ബൈജു സന്തോഷ്,  കലാഭവന്‍ ഷാജോണ്‍, സലീംകുമാർ‍, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, മാല പാര്‍വ്വതി, ശോഭ മോഹന്‍, മമിതാ ബൈജു, സുരഭി സന്തോഷ്, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

local

 

മലേഷ്യയിലെ ബിസ്സിനസ് അവസാനിപ്പിച്ചു കുടുംബമായി നാട്ടിലെത്തുന്ന ഗൃഹനാഥന്റെ തലയിൽ 'പതിക്കുന്ന' ഒരു പ്രശ്‌നമാണ് ആദ്യ പകുതിയെ സജീവമാക്കുന്നത്. അതിനുശേഷം അയാളുടെ മക്കൾ നാട്ടിൽ വേരുറപ്പിക്കുന്നു. വർഷങ്ങൾക്കുശേഷം കല്യാണത്തലേന്നു കൂട്ടുകെട്ടുകൾ കാരണം കുരുക്കിൽ അകപ്പെടുന്ന നായകനും അതിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന കൂട്ടുകാരിലൂടെയും സമാന്തരമായി രണ്ടാം പകുതി പുരോഗമിക്കുന്നു. രണ്ടു പ്രണയകഥകളും ചിത്രത്തിൽ വഴിത്തിരിവാകുന്നു. ഒടുവിൽ ചെറിയ ട്വിസ്റ്റ് ബാക്കിവച്ച് ചിത്രം പര്യവസാനിക്കുന്നു.

 

അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ഹരിശ്രീ അശോകൻ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. കെട്ടുപിണഞ്ഞു കിടക്കുന്ന കഥാഗതിയെ തൃപ്തികരമായി വിനിമയം ചെയ്യാൻ അശോകന് കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം അഭിനയിച്ചും സംവിധായകൻ കൈയടി നേടുന്നുണ്ട്.ആൽബി ആന്റണിയുടെ ഛായാഗ്രഹണം ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. ഗോപി സുന്ദറിന്റെ പശ്‌ചാത്തല സംഗീതം ചിത്രത്തിന് മികവ് പകരുന്നുണ്ട്. ഗാനങ്ങൾ നിലവാരം പുലർത്തുന്നു.

 

നന്ദു ചിത്രത്തിൽ ഒരു സുപ്രധാന വേഷം ഭംഗിയായി അവതരിപ്പിക്കുന്നു. രാഹുൽ മാധവും വേഷം ഭദ്രമാക്കിയിട്ടുണ്ട്. ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിരിയുണർത്തുന്നു. സംവിധായകന്റെ സൗഹൃദ വലയത്തിലുള്ള നിരവധി താരങ്ങൾ ചെറിയ റോളുകളിൽ വന്നുപോകുന്നുണ്ട്. അഭിനേതാക്കളെല്ലാവരും  തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ സർപ്രൈസായി ഒരു താരവുമെത്തുന്നുണ്ട്.

 

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണത് ഗുരുത്വാകർഷണത്തിന്റെ കണ്ടെത്തലിലേയ്ക്ക് നയിച്ചു എന്നു പറയുംപോലെ, സമാനമായ വീഴ്ചകൾ ചില തിരിച്ചറിവുകളിലേക്ക് കഥാപാത്രങ്ങളെ നയിക്കുന്നു. രണ്ടു മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം ചുരുക്കത്തിൽ ബൗദ്ധികമായ വലിയ വിലയിരുത്തലുകളുടെ ഭാരമില്ലാതെ കുടുംബമായി പോയി കണ്ടാസ്വദിക്കാവുന്ന ഒരു കൊച്ചുചിത്രമാണ് 'ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com