ADVERTISEMENT

ഏറ്റവും കരുത്തുറ്റ അവഞ്ചെർ എന്നാണ് ക്യാപ്റ്റൻ മാർവെൽ അറിയപ്പെടുന്നത്. ‘മദം പൊട്ടി’ വരുന്ന താനോസിനെ പോലും തളയ്ക്കാൻ കരുത്തുള്ളവൾ. ലോക വനിതാ ദിനത്തിൽ മാർവെൽ സ്റ്റുഡിയോസ് ക്യാപ്റ്റൻ മാർവെൽ എന്ന തങ്ങളുടെ ആദ്യ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. യുഎസ് എയർ ഫോഴ്സിൽ ഫൈറ്റർ പൈലറ്റ് ആയ കരോൾ ഡൻവേഴ്സ് എങ്ങനെയാണ് ക്യാപ്റ്റൻ മാർവെൽ ആകുന്നത് ? അവരും അവഞ്ചേഴ്സും തമ്മിൽ എന്താണ് ബന്ധം ? കഥയുടെ ചുരുൾ അഴിയുകയാണ്. 

 

Marvel Studios' Captain Marvel - Trailer 2

അന്യഗ്രഹമായ ഹാലയില്‍ ക്രീ (ഏലിയൻ വിഭാഗം) മിലിട്ടറിയിലെ അംഗമാണ് വീഴ്സ്. പ്രത്യേക സവിശേഷതകൾ നിറഞ്ഞ വേഴ്സിന് സ്വന്തം ശക്തി നിയന്ത്രിക്കാൻ അറിയില്ല. അതിന് അവളെ സഹായിക്കുന്നത് പരിശീലകനും ക്രീ വിഭാഗത്തിന്റെ തലവനുമായ കമാൻഡർ യോൺ റോഗ് ആണ്. എന്നാൽ പതിവായി കാണുന്ന ഭൂതകാല ഓർമകൾ മാനസികമായി അവളെ അലട്ടുന്നുണ്ട്. അങ്ങനെയിരിക്കെ പുതിയൊരു ദൗത്യം അവളിലെത്തിച്ചേരുന്നു. ഏലിയൻ ഷേപ്‌ലിഫ്റ്റേഴ്സ് (മറ്റുള്ളവരുടെ രൂപം സ്വീകരിക്കാൻ കഴിവുള്ളവർ) സ്ക്രൾസിന്റെ പിടിയിൽ നിന്നും ക്രീയുടെ ചാരനെ രക്ഷിക്കുക എന്നതാണ് അത്. നൂറ്റാണ്ടുകളായി ക്രീ വിഭാഗവും സ്ക്രൾസും തമ്മിൽ പോരാട്ടത്തിലാണ്. എന്നാൽ സ്ക്രൾ തലവൻ ടാലോസിന്റെ പിടിയിലാകുന്ന വീഴ്സ് അവിടെ നിന്നും രക്ഷപ്പെട്ട്, ആക്സമികമായി ഭൂമിയിൽ എത്തിപ്പെടുന്നു. 

 

അവിടെ വച്ചാണ് ഷീൽഡ് ഏജന്റ്സ് ആയ നിക്ക് ഫ്യൂരിയെയും ഫിൽ കൗൾസിനെയും വീഴ്സ് കണ്ടുമുട്ടുന്നത്. ഇത്രയും നാൾ ഭൂമി അവളെ സംബന്ധിച്ചടത്തോളം അന്യഗ്രമായിരുന്നു. എന്നാൽ താൻ പിറന്നുവീണത് ഭൂമിയിലാണെന്നും ആറുവർഷങ്ങൾക്കു മുമ്പ് സംഭവിച്ച ഒരപകടമാണ് തന്റെ വിധി മാറ്റിമറിച്ചതെന്നും വേഴ്സ് അറിയുന്നിടത്താണ് ക്യാപ്റ്റൻ മാർവെൽ ആവേശഭരിതമാകുന്നത്. 

captain-marvel-character-poste

 

talos-ben-mendelsohn

അല്‍പം ക്ഷമയോടെ വേണം ചിത്രം ആസ്വദിക്കാൻ. അയണ്‍ മാൻ, ക്യാപ്റ്റൻ അമേരിക്ക, ഹൾക്, തോർ എന്നീ സൂപ്പർ ഹീറോകളെ ആദ്യമായി അവതരിപ്പിച്ചതുപോലെ ‘സൂപ്പർ എൻട്രിയല്ല’ ക്യാപ്റ്റൻ മാർവെലിന്റേത്. കഥാപാത്രങ്ങൾ തമ്മിലുള്ള അമിതമായ സംഭാഷണങ്ങൾ, ഫ്ലാഷ്ബാക്ക് എന്നിവ പ്രേക്ഷകരുടെ ക്ഷമ കുറച്ച് പരീക്ഷിക്കും. 

goose-car-matvel

 

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം ഇടവേള എത്തുന്നതോടെ കരുത്താർജിക്കുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്നൊരു ട്വിസ്റ്റും ഇവിടെ കരുതിവയ്ക്കുന്നു. നായിക ബ്രീ ലാർസനും സാമുവൽ ജാക്സനും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ ആകർഷണമാണ്. എന്നാൽ കരുത്തരായ വില്ലന്മാരുടെ അഭാവം ചിത്രത്തിലുടനീളം പ്രകടമാണ്. ക്യാപ്റ്റൻ മാർവെൽ എന്ന കഥാപാത്രത്തെ ഗംഭീരമാക്കാൻ ബ്രീ ലാർസന് കഴിഞ്ഞു. 2016–ല്‍ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള ബ്രീ സൂപ്പർ ഹീറോയായി തിളങ്ങി. ചെറുപ്പക്കാരനായ നിക്ക് ഫ്യൂരിയായി സാമുവൽ ജാക്സനും തകർത്തഭിനയിച്ചു. ഈ നിക്ക് ഫ്യൂരിയുടെ ഒരു കണ്ണ് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് അറിയാൻ കഴിയും. 

 

ടാലോസിനെയും ഫ്യൂരിയുടെ ബോസ് കെല്ലർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ബെൻ മെൻഡെൽസോഹ് ആണ്. ജൂഡ് ലോ, ലീ പേസ്, ലഷാന ലിഞ്ച് എന്നിവരാണ് മറ്റുതാരങ്ങൾ. ഗൂസ് എന്ന പൂച്ചയും ചിത്രത്തിലൊരു താരമാണ് (കക്ഷി പുലിയാണ് കേട്ടോ). 

 

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ എൻഡ് ക്രെഡിറ്റ് സീനിൽ 'ക്യാപ്റ്റൻ മാർവൽ' എന്ന കഥാപാത്രത്തെക്കുറിച്ച് ചെറിയ സൂചന പ്രേക്ഷകർക്ക് തന്നിരുന്നു.  ഇവിടെ എൻഡ് ക്രെഡിറ്റ് സീനിൽ എല്ലാവരും പ്രതീക്ഷിച്ചതുപോലെ അവഞ്ചേഴ്സ് എൻഡ് ഗെയിമിലേയ്ക്കൊരു വാതിൽ തുറന്നുവയ്ക്കുന്നുണ്ട്. ചിത്രത്തിൽ രണ്ട് എൻഡ് ക്രെഡിറ്റ് രംഗങ്ങളുണ്ട്. കൂടാതെ ഇവരുടെയൊക്കെ സൃഷ്ടാവായ സ്റ്റാൻലിയെയും അതിഥിവേഷത്തിൽ കാണാം.

 

ഒരു സ്ത്രീ സൂപ്പർ ഹീറോയുടെ സാനിധ്യം തന്നെയാണ് ക്യാപ്റ്റൻ മാർവെല്ലിന്റെ പ്രധാന പ്രത്യേകത. അവഞ്ചേഴ്സ് നിരയിലെ ഏറ്റവും കരുത്തുറ്റ താരത്തിന്റെ പ്രകടനം പ്രേക്ഷകനെ വിസ്മയിപ്പിക്കും. ഒപ്പം ഇൗ ചിത്രത്തിൽ നിന്ന് എൻഡ് ഗെയിമിലേക്കുള്ള യാത്രയുടെ ആരംഭവും കാണികളെ കോരിത്തിരിപ്പിക്കുന്നതാണ്. ക്യാപ്റ്റൻ അമേരിക്ക, അയൺ മാൻ, തോർ, ബ്ലാക്ക് പാന്തർ തുടങ്ങിയ സൂപ്പർ ഹീറോകളെ കൈ നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ക്യാപ്റ്റൻ മാർവെല്ലും മറ്റൊരു ഉത്സവമാകും. 

 

വാൽകഷ്ണം: ക്യാപ്റ്റൻ അമേരിക്കയുണ്ട്, ഹൾക്ക് ഉണ്ട്, ബ്ലാക് വിഡോ ഉണ്ട് പിന്നെ...

 

English Summary: Captain Marvel Review. Cast: Brie Larson, Jude Law, Samuel L. Jackson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com