ADVERTISEMENT

ഗാംബിനോസ്! പേരു കേൾക്കുമ്പോൾ ഒരു രാജ്യാന്തര ക്രൈം ത്രില്ലറാണെന്നു തോന്നിയാൽ തെറ്റു പറയാനാവില്ല. ഒരു കാലത്ത് അമേരിക്കയെ വിറപ്പി‍ച്ച് രാജ്യാന്തര മയക്കുമരുന്നു കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളുമായി അധോലോകം ഭരിച്ച ഒരു കുടുംബത്തിന്റെ കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഗാംബിനോസ് ഒരുക്കിയിരിക്കുന്നത്. കൊല്ലും കൊലയും വീട്ടിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതും ഒരു പതിവു സംഗതിയായി കണ്ടിരുന്ന ഒരു ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബം മലബാറിലുണ്ടായിരുന്നത്രെ. ആ കുടുംബത്തിന്റെ കഥയാണ് സ്റ്റോറി ഓഫ് ക്രൈം ഫാമിലി എന്ന ടാഗ് ലൈനിൽ നവാഗത സംവിധായകൻ ഗിരീഷ് പണിക്കർ ഒരുക്കിയിരിക്കുന്നത്. 

 

ടൈറ്റിൽ ഡിസ്ക്രിപ്ഷനു പിന്നാലെ ആദ്യ സീനിൽ ക്രിമിനൽ കുടുംബത്തിന്റെ മരിച്ചു പോയ കാരണവർ കാർലോസായി നടൻ രാജൻ പി. ദേവിന്റെ പൂമാല ചാർത്തിയ ചിത്രം വരുമ്പോൾ തന്നെ പ്രേക്ഷകർ കയ്യടിച്ചു തുടങ്ങിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ കാര്യമായ വലിച്ചിലില്ലാതെ, ബോറടിക്കാതെ ഇരുന്നു കാണാവുന്ന ക്രൈം സ്റ്റോറിയാണ് ഗാംബിനോസ്. ഗാംബിനോസ് കുടുംബത്തിലെ നാലു സഹോദരൻമാരുടെ ഒരേ ഒരു സഹോദരി മറ്റൊരു മതവിഭാഗത്തിലേയ്ക്ക് വിവാഹം കഴിച്ചു പോയെങ്കിലും കാൻസർ ബാധിച്ച് മരണത്തിനു കീഴടങ്ങുന്നതും അവരുടെ മകൻ തിരികെ ഗാംബിനോസ് കുടുംബത്തിൽ എത്തുന്നിടത്തുനിന്നുമാണ് കഥ തുടങ്ങുന്നത്. 

 

അപ്പന്റെ കാലത്ത് കള്ളക്കടത്തും മയക്കു മരുന്നു വ്യാപാരവും എല്ലാം ഉണ്ടായിരുന്നെങ്കിലും വരുത്തിവച്ച കടങ്ങൾ തീർക്കാൻ കുടുംബത്തിലെ മൂത്ത മകൻ വേണ്ടി വന്നു. പക്ഷെ രാജ്യദ്രോഹക്കുറ്റം പൊലീസ് ചുമത്തിയിട്ടുള്ളതിനാൽ ഒളിച്ചും പാത്തും മാത്രമേ വീട്ടിൽ വരാനൊക്കൂ. ഒരുകാലത്ത് അപ്പന്റെ എല്ലാ നെറികേടിനും കൂട്ടുനിൽക്കുന്ന മമ്മയായി രാധിക ശരത്കുമാറിന്റെ ശക്തമായ കഥാപാത്രം അപ്പൻ മരിച്ച ശേഷം മക്കളുടെ എല്ലാ തോന്നിവാസത്തിനും സമ്പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ദിലീപ് നായകനായ രാംലീലയിലും കരുത്തയായ വീട്ടമ്മയുടെ വേഷത്തിൽ രാധിക എത്തിയിരുന്നു. മക്കളുടെ മയക്കു മരുന്ന് കച്ചവടം മാത്രമല്ല, അത് ഉപയോഗിക്കുന്നത് പോലും വിലക്കാത്ത മമ്മയാണ് മറിയാമ്മ. ക്രിമിനൽ കുടുംബത്തിന്റെ മുതിർന്ന ചേട്ടനായി എത്തുന്ന സമ്പത്ത് രാജിന്റെ കാസ്റ്റിങ് ജോസ് എന്ന കഥാപാത്രത്തിന് തികച്ചും യോജിച്ചതായി. 

 

ചിത്രത്തിൽ നായകനായി സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയനാണ് എത്തുന്നത്. തുടക്കം മുതൽ അവസാനം വരെ ഫ്രേമുകളിൽ സജീവമാണെങ്കിലും പലതും കണ്ടിട്ടും കാണാത്തതു പോലെ, അമ്മാവൻ‍മാരുടെ നിർബന്ധത്തിൽ അരുതാത്തത് പലതും ചെയ്യേണ്ടി വരുന്ന മുസ്തഫ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. ഒടുവിൽ സ്വന്തം കാമുകിക്ക് ജീവൻ ബലികൊടുക്കേണ്ടി വന്നത് അറിയുമ്പോൾ മുതൽ പ്രതികാര ദാഹിയായി മാറുകയാണ് മുസ്തഫ. നായികയായി എത്തുന്നതാകട്ടെ നടി നീരജയും. മലയാളികൾ ഇഷ്ടപ്പെടുന്ന നടൻ ശ്രീജിത്ത് രവിയും സിനോജ് വർഗീസുമെല്ലാം കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. 

 

സൂപ്പർ താരങ്ങളുമായി എത്തുന്ന മിക്ക ക്രൈം ത്രില്ലർ സിനിമകളും ക്രൈമിനെ മഹത്വവൽക്കരിക്കുകയും ക്രിമിനൽ തന്ത്രങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്യുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ സംവിധായകൻ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കേരളം പോലെയൊരു പശ്ചാത്തലത്തിൽ ചോരക്കഥ ചിത്രീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മികച്ച ധാരണ പുലർത്തി എന്നു വേണം മനസിലാക്കാൻ. അപ്പന്റെ കാലത്ത് പൊലീസ് കയറിയിറങ്ങാൻ ഭയന്ന വീട്ടിൽ നിന്ന് ക്രിമിനലുകളെ എല്ലാം ഉൻമൂലനം ചെയ്യുകയും കുടുംബത്തിന്റെ കണ്ണികൾ ഓരോന്നായി ഇല്ലാതാകുകയും ചെയ്യുമ്പോൾ ചിത്രം നിയമ സംവിധാനങ്ങളോട് വേണ്ടത്ര ആദരവ് പുലർത്തിയിട്ടുണ്ട് എന്നുവേണം കരുതാൻ. 

 

കോഴിക്കോട് നഗരവും പരിസര പ്രദേശങ്ങളുമെല്ലാം കാമറാമാൻ ഏബൽ കൃഷ്ണ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. നിർമാണത്തിലും ശബ്ദമിശ്രണത്തിലുമെല്ലാം മികച്ച ഗുണമേൻമ ചിത്രം പുലർത്തി. ഓസ്‌ട്രേലിയൻ സിനിമാ നിർമാണ കമ്പനി കങ്കാരു ബ്രോഡ്കാസ്റ്റിങ്ങാണ് നിർമാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com