ADVERTISEMENT

ഒരു നാദിർഷ ചിത്രമെന്ന് പറയുമ്പോഴെ തല തല്ലി ചിരിച്ച് ഉല്ലസിക്കാൻ പറ്റുന്ന സിനിമ എന്നതാണ് മനസ്സിലേക്ക് ഒാടി വരുന്ന സങ്കൽപം. സങ്കീർണതകൾ കെട്ടുപിണഞ്ഞു കിടക്കുന്ന കഥയോ നിരനിരയായി വരുന്ന ട്വിസ്റ്റുകളോ ഇല്ലാതെ അവധിക്കാലത്ത് ചിരിച്ചുല്ലസിക്കാൻ സാധിക്കുന്ന ചിത്രം തന്നെയാണ് അദ്ദേഹം സംവിധാനം ചെയ്ത പുതിയ ചിത്രമായ മേരാ നാം ഷാജിയും. 

 

Mera Naam Shaji Official Teaser | Biju Menon | Asif Ali | Baiju | Nadirshah

തിരുവനന്തപുരത്ത് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഷാജി, കോഴിക്കോട് ഗുണ്ടാ പണിയും അൽപം ക്വട്ടേഷനുമായി നടക്കുന്ന മറ്റൊരു ഷാജി (ഷാജി ഉസ്മാൻ), കൊച്ചിയിൽ സകല ഉടായിപ്പുവേലകളും ചെയ്തുനടക്കുന്ന യൂത്തന്‍ ഷാജി (ഷാജി ജോർജ്). ഇതിൽ തിരുവന്തപുരത്തും കോഴിക്കോട്ടുമുള്ള രണ്ട് ഷാജിമാർ കൊച്ചിയിൽ എത്തുന്നതും ഈ മൂന്ന് ഷാജിമാര്‍ എങ്ങനെ കഥയിൽ ഒന്നാകുന്നു എന്നതുമാണ് സിനിമയുടെ പ്രമേയം.

 

mera-naam-shaji-review-1

ആദ്യ പകുതി മൂവരെയും പരിയപ്പെടുത്തി രസകരമായി മുന്നോട്ടുപോകുന്നതാണ്. രണ്ടാം പകുതിയിൽ മനോഹരമായ പ്രണയകഥയ്ക്ക് സിനിമ വഴിമാറികൊടുക്കുന്നു. സന്ദർഭോചിതമായി സംഭവിക്കുന്ന തമാശകളും ധർമജന്റെയും ബൈജുവിന്റെയും കൗണ്ടറുകളും ചിരിപൊട്ടിക്കും. നാദിർഷയുടെ മുൻ ചിത്രങ്ങൾ പോലെ തന്നെയാണ് ഇതുമെന്ന കാര്യത്തിൽ തർക്കമില്ല. 

 

ഷാജിമാരായെത്തിയ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. പ്രേക്ഷകനെ ഇൗ മൂവരും പലപ്പോഴും പൊട്ടിച്ചിരിപ്പിച്ചു. ചിരിക്കൊപ്പം ഒരു മാസ് മസാലാ സിനിമയ്ക്കു വേണ്ട ചേരുവകളും നാദിർഷ വളരെ രസകരമായി ഇൗ ചിത്രത്തൽ സമന്വയിപ്പിച്ചു. 

 

ആദ്യാവസാനം വരെ ഷാജിമാർ നിറഞ്ഞുനിൽക്കുന്ന സിനിമയിൽ നിഖിലയാണ് നായിക. ശ്രീനിവാസൻ മറ്റൊരു പ്രധാനകഥാപാത്രമാകുന്നു. രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ഗണേഷ്കുമാർ തിളങ്ങി. സാദിഖ്, മൈഥിലി, ജാഫർ ഇടുക്കി, ഭീമൻ രഘു, സാവിത്രി ശ്രീധരൻ, സുരഭി, രഞ്ജിനി ഹരിദാസ്, സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.ദിലീപ് പൊന്നന്റേതാണ് തിരക്കഥയും സംഭാഷണവും. ജോൺകുട്ടിയുടെ ചിത്രസംയോജനം നീതിപുലർത്തി. എമിൽ മുഹമ്മദിന്റെ ഗാനങ്ങളും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും മനോഹരം.

 

വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. കളർഫുൾ എന്റർടെയ്നറിനു ചേർന്ന ഫ്രെയിമുകളാണ് ചിത്രത്തിനായി അദ്ദേഹം ഒരുക്കിയത്. ക്ലൈമാക്സിലെ ബിജു മേനോന്റെ ഫൈറ്റ് സ്വീക്വൻസും എടുത്തുപറയേണ്ടതാണ്. ചുരുക്കത്തിൽ മേരാ നാം ഷാജി എല്ലാവർക്കും ഒരുപോടെ ആസ്വദിക്കാവുന്ന ഒരു അടിപൊളി അവധിക്കാല സിനിമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com