ADVERTISEMENT

ഒൻപത് വർഷങ്ങൾക്കിപ്പുറം രാജ എന്ന കഥാപാത്രം പുനവതരിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ ആസ്വാദനം മാറി, മലയാളസിനിമ ഒന്നാകെ മാറി. അന്നത്തെ രാജ ഇന്നിറങ്ങുമ്പോൾ സംവിധായകൻ വൈശാഖും മമ്മൂട്ടിയും എന്താകും പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുക ? രാജ എന്താകുമെന്ന് എല്ലാവരുടെയും മനസ്സിൽ തോന്നിയ ചിന്തയെ തച്ചുടയ്ക്കുകയാണ് മധുരരാജ എന്ന മെഗാ മാസ് ചിത്രം.

മധുരയിലെ രാജാവായി വിലസുന്ന രാജാ കേരളത്തിൽ വീണ്ടുമെത്തുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ഇത്തരത്തിലൊരു ചിത്രത്തിൽ കഥയുടെ പ്രാധാന്യമൊക്കെ തുലോം കുറവാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യത്തിൽ ഈകുറവൊന്നും ചിത്രത്തിനില്ല. ആദ്യാവസാനം ഏതു പ്രായക്കാർക്കും കണ്ടിരിക്കാവുന്ന മാസ് ചിത്രം തന്നെയാണ് മധുരരാജ.

madhura-raja-movie-3

ഒൻപത് വർഷങ്ങൾക്ക് മുൻപ് വന്ന അതേ എനർജിയോടെ അല്ലെങ്കിൽ ഒരുപക്ഷേ അതിനെക്കാൾ ഒരുപടി മുകളിൽ രാജ തിരികെ വരുമ്പോൾ ആരാധകർക്ക് ആഘോഷിക്കാൻ തക്കവണ്ണമുള്ള പല ട്വിസ്റ്റുകളും സിനിമ കരുതി വയ്ക്കുന്നുണ്ട്. ഗംഭീര ആക്‌ഷൻ രംഗങ്ങൾക്കൊപ്പം നിലവാരമുളള കോമഡി രംഗങ്ങളും ഉണ്ടെന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. സലിംകുമാർ, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർക്കൊപ്പം കോമഡിരംഗങ്ങളിൽ മമ്മൂട്ടിയും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

പീറ്റർ ഹെയ്ൻ കൈകാര്യം ചെയ്ത സംഘട്ടന രംഗങ്ങൾ മികച്ചതായി. മമ്മൂട്ടി ആക്ഷൻ രംഗങ്ങളിൽ മികച്ചു നിന്നു. ക്ളൈമാക്‌സിലെ പ്രകടനമൊക്കെ മികച്ച കയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയോട് യോജിച്ചതായി. കഥയിൽ പുതുമയില്ലെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകുന്ന കഥാമുഹൂർത്തങ്ങളാണ് ആദ്യ പകുതിയിൽ. കൊമേഴ്സ്യൽ ചേരുവകളും വൈകാരിക രംഗങ്ങളും ഒരുപോലെ ഉൾപ്പെടുത്താൻ ഉദയ് കൃഷ്ണയ്ക്ക് സാധിച്ചു. വൈശാഖ് തന്നിലെ സംവിധായകന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് അതീവ രസകരവും സുന്ദരവുമായി സിനിമ ഒരുക്കിയിരിക്കുന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണം സിനിമയുടെ മുതൽക്കൂട്ടാണ്. മഹേഷ് നാരായണന്റെയും സുനിലിന്റെയും എഡിറ്റിങ്ങും മികച്ചതായി.

madhura-raja-movie-2

മമ്മൂട്ടിയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും ജയ്, നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ, അന്ന രാജൻ, ഷംന കാസിം തുടങ്ങിയ നീണ്ട താരനിരയ്ക്കും തിരക്കഥയിൽ പ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. വില്ലൻ വേഷം കൈകാര്യം ചെയ്ത ജഗപതി ബാബുവും മികച്ച രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യ സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച സൂര്യ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള സംഭാഷണങ്ങളും രസകരമായ രീതിയിലുള്ള കഥാവതരണവും ചിത്രത്തെ മികച്ചതാക്കുന്നു.

ഈ അവധിക്കാലത്ത് ആനന്ദത്തോടെയും ആവേശത്തോടെയും രസിച്ചിരുന്നു കാണാവുന്ന ഫുൾ പാക്ക്ഡ് എന്റർടെയ്നർ തന്നെയാണ് മധുരരാജ. കുട്ടികൾക്കും മുതിർന്നവർക്കും സകല പ്രായക്കാർക്കും മുഷിച്ചിലില്ലാതെ കാണാവുന്ന മാസ് ചിത്രം. വൈശാഖിന്റെ കൈയ്യ‌ടക്കമുള്ള സംവിധാനവും മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും കൂടിയാകുമ്പോൾ മധുരരാജ മെഗാ രാജയായി മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com