sections
MORE

ഉയരങ്ങളിലേക്ക് വീണ്ടുമൊരു ടേക്ക് ഓഫ്; റിവ്യു

Uyare
SHARE

കഴിവുണ്ട്, ഹൃദയവുമുണ്ട്. ഇത് 2019 ആണ് സാർ.. ഇനിയെങ്കിലും സൗന്ദര്യത്തെ ഇങ്ങനെകൂടി കണ്ടുതുടങ്ങിക്കൂടെ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കാമുകന്റെ രോഷാഗ്നിയിൽ എരിഞ്ഞടങ്ങിയ പെൺകുട്ടിയുടെ വാർത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. സ്ത്രീസുരക്ഷയും നിയമത്തിന്റെ നൂലാമാലകളും ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് അതിനോടുചേർത്തു വായിക്കാവുന്ന ഏറെ പ്രാധാന്യമുള്ള വിഷയമാണ് ഉയരെ എന്ന ചിത്രത്തിലുള്ളത്. പല്ലവി എന്ന പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ, പോരാട്ടത്തിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് ഉയരെ.

വിടപറഞ്ഞ സംവിധായകൻ രാജേഷ് പിള്ളയുടെ പ്രിയപ്പെട്ട അസോഷ്യേറ്റ് ആയ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രാഫിക്, വേട്ട എന്നീ സിനിമകളിലും രാജേഷ് പിള്ളയ്ക്കൊപ്പം മനു പ്രവർത്തിച്ചിരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയാണ് ഉയരെ. നായികയായ പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് സ്ത്രീകളാണ്. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന‍, ഷെര്‍ഗ, ഷെനുഗ എന്നിവരാണ് നിർമാണം. സിനിമയുടെ അണിയറയിലും സ്ത്രീപ്രാതിനിധ്യമുണ്ട്. നായികാകേന്ദ്രീകൃതമായ സിനിമയായിട്ടുകൂടി യുവതാരങ്ങളുടെ സാന്നിധ്യവും ചിത്രത്തെ വേറിട്ട് നിർത്തുന്നു. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്മാർ. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു മുഖ്യതാരങ്ങൾ.

പ്രമേയം...

കുട്ടിക്കാലം മുതൽ പൈലറ്റാകണം എന്നതായിരുന്നു പല്ലവിയുടെ സ്വപ്നം. ആ സ്വപ്നം പൂർത്തിയാകാൻ കുറച്ചുദൂരംമാത്രം ബാക്കി നിൽക്കെ അവളുടെ ജീവിതത്തിൽ ഒരു ദുരന്തം സംഭവിക്കുന്നു. സുന്ദരിയായ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മരണത്തെക്കാളും വേദന നൽകുന്ന ഒരു ദുരനുഭവം. കയ്യെത്തുംദൂരത്ത് താൻ കൊതിച്ച ജോലിയിൽ നിന്നും അവൾ അയോഗ്യയാകുന്നു. യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയപ്പോൾ സമൂഹത്തിന്റെ അവഗണകളും പരിഹാസവും അവളെ വേട്ടയാടുന്നു. അതിനെ അവൾ അതിജീവിക്കുന്നതും ഉയിർത്തെഴുന്നേൽക്കുന്നതും സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒടുവിൽ താൻ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഒരു കാര്യം നിയോഗം പോലെ അവളിലേക്ക് വന്നുചേരുമ്പോൾ കാവ്യനീതി പോലെ ചിത്രം പരിസമാപ്തിയിലെത്തുന്നു.

അഭിനയം...

ടേക്ഓഫിനുശേഷം പാർവതിയുടെ ശക്തമായ തിരിച്ചുവരവാണ് ഉയരെ. പ്രണയം, സ്വപ്ങ്ങൾ, അവ തകരുമ്പോഴുളള വേദന, നിസ്സഹായത, പോരാട്ടം, പ്രതികാരം, സാക്ഷാത്കാരം എന്നിങ്ങനെ വൈകാരികഭാവഭേദങ്ങളുടെ കടലിരമ്പുകയാണ് പാർവതിയുടെ മുഖത്ത്. രണ്ടാം പകുതിയിൽ ഞെട്ടിക്കുന്ന മേക്കോവറാണ് പാർവതി നടത്തുന്നത്. നെടുനീളൻ സംഭാഷണങ്ങൾ തോറ്റുപോകുന്ന ചില രംഗങ്ങളുണ്ട് സിനിമയിൽ. ഒരു മുഖം, നോട്ടം..ആയിരം വാക്കുകളെക്കാളും വാചാലമാണ് അതിന്റെ തീവ്രത. പല്ലവി കടന്നുപോകുന്ന വേദനകൾ പ്രേക്ഷകന്റെ ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങുന്നു.

കൊടുക്കുന്ന ഏതു വേഷങ്ങളും ഗംഭീരമാക്കുന്ന പതിവ് സിദ്ദിഖ് ഇവിടെയും തുടരുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതകളും വിങ്ങലുകളും ഭാവതീവ്രതയോടെ അദ്ദേഹം അവതരിപ്പിക്കുന്നു. ഫീൽ ഗുഡ് സിനിമകൾ ചെയ്തു നിറഞ്ഞുനിൽക്കുമ്പോൾ ഇതുപോലെ ഒരു കഥാപാത്രം ചെയ്യാൻ ആസിഫ് കാണിച്ച ധൈര്യം പ്രശംസനീയം. ടോവിനോയും തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. അനാർക്കലി മരയ്ക്കാർ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യമാണ്.

സാങ്കേതികവശങ്ങൾ..

സൂക്ഷ്‌മമായി നെയ്തെടുത്ത തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ. ആനുകാലിക ജീവിത യാഥാർഥ്യങ്ങളുമായി ചേർന്നു നിൽക്കുന്ന വിഷയങ്ങൾ അഭ്രപാളിയിൽ എത്തിക്കുന്നതിൽ ബോബിയും സഞ്ജയ്‌യും ഒരുപടി കൂടി ഉയരുന്നു. ഒരു പൈലറ്റിന്റെ ജീവിതവും വിമാനനിയന്ത്രണത്തിലെ സാങ്കേതിക വശങ്ങളുമെല്ലാം സൂക്ഷ്‌മമായി അവതരിപ്പിക്കുന്നു.

വെല്ലുവിളി നിറഞ്ഞ രംഗങ്ങൾ സൂക്ഷ്‌മമായി ഒപ്പിയെടുക്കുന്ന ക്യാമറ, കഥാഗതിയെ ഹൃദയഹാരിയാക്കി നിലനിർത്തുന്ന പശ്‌ചാത്തല സംഗീതം , ഗാനങ്ങൾ, ടേക് ഓഫ് സംവിധായകൻ മഹേഷ് നാരായണന്റെ എഡിറ്റിങ്... ഉയരെ എന്ന ചിത്രത്തെ ഉയരത്തിൽ എത്തിക്കുന്നതിൽ സാങ്കേതികവശങ്ങൾ നിർണായക പങ്ക്‌ വഹിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന മേക്കോവറിലേക്ക് പാർവതിയെ അണിയിച്ചൊരുക്കിയവരും കയ്യടി അർഹിക്കുന്നു. അർധോക്തിയിൽ ചിത്രം ഉപസംഹരിച്ചതുമാത്രമാണ് കഥാഗതിയിൽ പോരായ്മയായി തോന്നിയത്.

രത്നച്ചുരുക്കം... 

സിനിമകൾ ജീവിതഗന്ധിയാകുന്നത് തിരശീലയിലെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ്. തിയറ്റർ വിട്ടിറങ്ങിയാലും പല്ലവി എന്ന കഥാപാത്രം ഒരു നോവായി പുഞ്ചിരിയായി പ്രചോദനമായി പ്രേക്ഷകനെ പിന്തുടരും. അവിടെയാണ് ഉയരെ എന്ന സിനിമ ഉയർന്നുപറക്കുന്നത്.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ കുറിച്ച വരികൾ നായകൻ സിനിമയിലെ ഒരു ഘട്ടത്തിൽ പറയുന്നതാണ്. ശുഭകരമായ മാറ്റങ്ങളിലേക്കുള്ള ടേക്ക് ഓഫ് ആകട്ടെ ഉയരെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA