ADVERTISEMENT

ഇഷ്ക് എന്നൊരു റൊമാന്റിക്ക് പേര്, പ്രണയം തുളുമ്പുന്ന പാട്ടുകൾ, ഉമ്മ ആവശ്യപ്പെടുന്ന ടീസർ, പൊതുവേ പാവത്താൻ ലുക്കുള്ള ഷെയ്ൻ നിഗം പല്ലിൽ കമ്പിയൊക്കെ ഇട്ട് ഒരു ‘നിഷ്കു റോളിൽ’, അങ്ങനെ ഇൗ സിനിമയൊരു ക്ലീഷേ പ്രേമകഥയായിരിക്കും എന്നു വിധിയെഴുതാനുള്ള കാരണങ്ങൾ അനവധിയാണ്. എന്നാൽ ഇഷ്ക് ഇതൊന്നുമല്ല. എന്നാൽ മറ്റു പലതുമാണ് താനും. പ്രണയമുണ്ടെങ്കിലും ഇതിനെ ഒരു പ്രണയകഥ എന്നു വിളിക്കണോ എന്ന് തീരുമാനിക്കേണ്ടത് ചിത്രം കാണുന്ന പ്രേക്ഷകരാണ്. 

 

ISHQ Official Teaser | Shane Nigam | E4 Entertainment | Anuraj Manohar

സച്ചി എന്ന സച്ചിദാനന്ദനും വസു എന്ന വസുധയും പ്രണയത്തിലാണ്. വസുവിന്റെ പിറന്നാൾ രാത്രി സച്ചി അവളെയും കൊണ്ട് ഒരു ഡ്രൈവിനു പോകുന്നു. എന്നാൽ അവർക്ക് ഒരിക്കലും മറക്കാനാകാത്ത ചില അനുഭവങ്ങൾ ആ യാത്ര അവർക്കു സമ്മാനിക്കുന്നു. ആ സംഭവങ്ങൾ പിന്നീടുള്ള അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. 

 

ishq-movie

സച്ചിയുടെയും വസുവിന്റെയും പ്രണയത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. സച്ചിയുടെ കുടുംബാന്തരീക്ഷവും കുസൃതികളും വസുവിന് അവനോടുള്ള പ്രണയവും എല്ലാം ചേർന്ന് വളരെ രസകരമായി മുന്നേറുന്ന സിനിമ പൊടുന്നനെ ചില ഗൗരവകരമായ സംഭവങ്ങളിലേക്ക് വഴി മാറുന്നു. സ്ക്രീനിലെ കഥാപാത്രങ്ങളുടെ വികാരം, അതു ചിരി ആയാലും കരച്ചിൽ ആയാലും പേടി ആയാലും പ്രേക്ഷകനിലേക്കു പകരുന്നിടത്താണ് ഒരു സിനിമയുടെയും സംവിധായകന്റെയും വിജയം. അങ്ങനെ നോക്കിയാൽ ഇഷ്ക് എന്ന സിനിമയും സംവിധായകനും നൂറിൽ നൂറ് മാർക്ക് അർഹിക്കുന്നു. കാരണം ആദ്യ പകുതിയിലെ സച്ചിയുടെയും വസുവിന്റെയും അവസ്ഥ കാണികളെ അത്ര മേൽ അലട്ടും. അവരുടെ സ്ഥാനത്ത് തങ്ങളായിരുന്നെങ്കിൽ എന്ന് ഏതൊരു പ്രേക്ഷകനും ചിന്തിച്ചു പോകും. 

ishq-movie-shane-teaser

 

രണ്ടാം പകുതിയുടെ തുടക്കം കാഴ്ചക്കാരനെ പല തരത്തിലും സംശയത്തിലാക്കുന്നതാണ്. നായക കഥാപാത്രത്തിന്റെ പല ചെയ്തികളും എന്താണെന്നോ എന്തിനാണെന്നോ പോലും മനസ്സിലാകാത്ത അവസ്ഥ. ചില സ്ഥലങ്ങളിൽ ഒരു ഇഴച്ചിൽ അനുഭവപ്പെടുമെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുന്നതായി മാറുന്നില്ല. പക്ഷേ രണ്ടാം പകുതി മുന്നേറുമ്പോൾ പ്രേക്ഷകർക്ക് കാര്യങ്ങൾ പലതും വ്യക്തമായി തുടങ്ങും. ഉരുളയ്ക്കുപ്പേരി എന്ന കണക്കെ പോകുന്ന സിനിമയുടെ ക്ലൈമാക്സ് സീനുകൾ പ്രേക്ഷകനെ പൂർണമായും സംതൃപ്തരാക്കും. ഒടുവിലുള്ള ചെറിയ ട്വിസ്റ്റുകൾ ചിലർക്കെങ്കിലും ദഹിക്കാതിരിന്നിട്ടുണ്ടെങ്കിലും ഒന്നിരുത്തി ചിന്തിച്ചാൽ അതു തന്നെയാണ് അതിന്റെ ശരി എന്ന് മനസ്സിലാകുന്നാണ്. 

 

കുമ്പളങ്ങിയിലെ ഡാർക്ക് മച്ചാനായ ബോബിയിൽ നിന്ന് കുടുംബത്തിലെ കണ്ണിലുണ്ണിയായ സച്ചിയിലേക്കുള്ള ഷെയിനിന്റെ മാറ്റം എടുത്തു പറയേണ്ടതാണ്. സച്ചിയുടെ കഥാപാത്രത്തിന് രണ്ടാം പകുതിയിലുണ്ടാകുന്ന മാറ്റങ്ങളും ഷെയ്ൻ അനായാസം അവതരിപ്പിച്ചു. നായികയായ ആൻ ശീതൾ വസു എന്ന തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. സംവിധായകനായ അനുരാജ് മനോഹർ സ്വന്തം സിനിമയ്ക്കൊപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്നതിൽ വിജയിച്ചു. സമകാലീന സംഭവങ്ങൾ കൂട്ടിയിണക്കി തിരക്കഥ ഒരുക്കിയ രതീഷ് രവിയും സംഗീതമൊരുക്കിയ ജെയ്ക്സ് ബിജോയിയും മികച്ചു നിന്നു. കാറിനുള്ളിലെ രാത്രി രംഗങ്ങൾ പോലെ സാങ്കേതികത്തികവ് കൂടുതൽ ആവശ്യമായി വരുന്നയിടത്തൊക്കെ അണിയറക്കാർ അതിന്റെ പരമാവധി ഒരുക്കിയിരിക്കുന്നു. 

 

ഇഷ്ക് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയം മാത്രമുള്ള സിനിമയല്ല ഇത്. ഇതിൽ പ്രണയമുണ്ട്, പ്രതിഷേധമുണ്ട്, പ്രതികാരമുണ്ട് ചില പ്രതിധ്വനികളുമുണ്ട്. തീയറ്ററിൽ പോയി വെറുതെ കണ്ട് ഇറങ്ങി പോരുന്നതിനു പകരം സ്വന്തം സീറ്റിൽ നിന്ന് സിനിമയ്ക്കുള്ളിലേക്ക് കയറി കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഒടുക്കം അവരെ അവരുടെ വഴിക്ക് വിട്ട് തിരിച്ചിറങ്ങി പോരുന്ന തരത്തിൽ ഒരു അനുഭവം സമ്മാനിക്കുന്നതാണ് ഇൗ ചിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com