ADVERTISEMENT

ആരാണ് യഥാർത്ഥത്തിൽ സൂപ്പർ ഹീറോ? ആപത്തിലോ പ്രശ്നത്തിലോ പെട്ടുപോകുന്നവരെ രക്ഷിക്കാനെത്തുന്ന അതിമാനുഷിക കഥാപാത്രമെന്ന് എളുപ്പത്തിൽ പരിചയപ്പെടുത്താം. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഗാംബ്ലർ എന്ന കൊച്ചുസിനിമ പരിചയപ്പെടുത്തുന്നതും ഒരു സൂപ്പർ ഹീറോയെയാണ്. എന്നാൽ, പത്തുനൂറു പേരെ ഒറ്റയടിക്ക് ഇടിച്ചുവീഴ്ത്തുന്ന സൂപ്പർ ഹീറോയല്ല ഈ ചിത്രത്തിലെ താരം. മറിച്ച്, തന്റെ മകന്റെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്ന അച്ഛനാണ് ഗാംബ്ലറിലെ സൂപ്പർ ഹീറോ. 

 

ഇത് ഫ്രാൻസ് ലാസറിന്റെ കഥ

gambler-promo-song

 

gambler-trailer

ഫ്രാൻസ് ലാസർ എന്ന ഏഴുവയസുകാരന്റെ ഏറ്റവും വലിയ പ്രശ്നം ഇംഗ്ലിഷ് വാക്കുകളുടെ സ്പെല്ലിങ് ആണ്. വാക്കുകൾ എഴുതാൻ അറിയാതെ പഠനത്തിൽ പിന്നിലായിപ്പോകുന്ന ഫ്രാൻസ് സ്കൂളിലെ ഒരു സ്ഥിരം പ്രശ്നക്കാരനാണ്. അധ്യാപകർക്ക് ഫ്രാൻസിനെക്കുറിച്ച് എന്നും പരാതികൾ മാത്രം. പഠനത്തിൽ ഒട്ടും ശ്രദ്ധയില്ലാത്ത ഫ്രാൻസിന്റെ ഇഷ്ടവിനോദം ചീട്ടുകളിയാണ്. വീട്ടിൽ വന്നാൽ അപ്പൂപ്പനൊപ്പം ഇരുന്ന് സദാസമയവും ചീട്ടുകളി. 

 

തുടങ്ങി വച്ച ബിസിനസ് നഷ്ടത്തിലായി കിടപ്പാടം വരെ നഷ്ടപ്പെട്ട നിലയിലാണ് ഫ്രാൻസിന്റെ അച്ഛൻ ആൻസൺ. ബിസിനസിലെ തിരിച്ചടികളിൽ നിന്നു കരകയറാൻ രാപ്പകലില്ലാതെ ഓടിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ജീവിതത്തിലും ആൻസൺ ഒറ്റപ്പെട്ടു പോകുന്നു. വീടിന്റെ വാടക പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഭാര്യ ഇറങ്ങിപ്പോകുന്നു. എന്നാൽ, മകനെ ഭാര്യക്കൊപ്പം പറഞ്ഞുവിടാതെ തന്റെ ജീവിതത്തോടു ചേർത്തുപിടിക്കുന്നുണ്ട് ആൻസൺ. സ്പെല്ലിങ്ങിലുള്ള മകന്റെ പ്രശ്നം തിരിച്ചറിയുന്ന ആൻസൺ അവനു വേണ്ടി ഇംഗ്ലിഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള സ്പെഷൽ കാർഡ് ഗെയിം വികസിപ്പിച്ചെടുക്കുന്നു. പതുക്കെയാണെങ്കിലും വാക്കുകളെ വരുതിയിലാക്കാൻ ഫ്രാൻസ് ശീലിക്കുന്നുണ്ട്. ആൻസണിന്റെയും മകന്റെയും കൊച്ചുസംഭാഷണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. 

 

മകന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിൽ വിജയിക്കുന്ന ആൻസണിന് പക്ഷേ, സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയുന്നില്ല. കൂടുതൽ കുരുക്കുകളിലേക്ക് വീണുപോകുന്ന ആൻസൺ എന്ന യുവസംരംഭകന്റെ കഥ കൂടിയാണ് ഗ്യാംബ്ലർ പറയുന്നത്. ജീവിതമായാലും ബിസിനസ് ആയാലും വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ മറ്റൊരു കുറുക്കുവഴികളൊന്നുമില്ലെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. നെറികേടിന്റെ വഴി ശാശ്വതമല്ലെന്നും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.  

 

അഭിനേതാക്കൾക്ക് കൈയടി

 

യുവതാരങ്ങളിൽ ശ്രദ്ധേയനായ ആൻസൺ പോളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പേരും ആൻസൺ എന്നു തന്നെ. തൃശൂർ ശൈലിയിലുള്ള സംഭാഷണങ്ങൾ ഒട്ടും അതിഭാവുകത്വം കലർത്താതെ ആൻസൺ അവതരിപ്പിക്കുന്നു. വൈകാരികത നിറഞ്ഞ രംഗങ്ങളിൽ പോലും കൈയടക്കത്തോടെ ആൻസൺ തന്റെ കഥാപാത്രത്തെ ഭംഗിയാക്കുന്നുണ്ട്. സംവിധായകന്റെ മകൻ ജോർജ്ജാണ് ഫ്രാൻസ് ലാസറായി വേഷമിടുന്നത്. 

 

പലയിടങ്ങളിലും കാഴ്ചക്കാരെ പിടിച്ചിരുത്തുന്നുണ്ട് കുഞ്ഞു ജോർജ്ജ്. ആൻസണിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജോപ്പനെ അവതരിപ്പിക്കുന്ന ജോസഫ് അന്നക്കുട്ടി ജോസ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. നായികയായെത്തിയ പുതുമുഖം ഡയാന ഹമീദും കാഴ്ചക്കാരെ നിരാശപ്പെടുത്തുന്നില്ല.  ബല്ലാത്ത പഹയൻ എന്ന പേരിൽ പ്രശസ്തനായ വ്ലോഗർ വിനോദ് നാരായണും ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രജനി ചാണ്ടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്നസെന്റ്, സലിംകുമാർ, ജയരാജ് വാര്യർ, സിജോയ് വർഗീസ്, വിഷ്ണു ഗോവിന്ദൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.   

 

തങ്കച്ചൻ ഇമ്മാനുവലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ പ്രകാശ് വേലായുധൻ, സംഗീതം മണികണ്ഠൻ അയ്യപ്പൻ, പശ്ചാത്തല സംഗീതം ഗോപി സുന്ദർ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദാണ് ചിത്രസംയോജനം. അവധിക്കാലത്ത് കുട്ടികളുമായി പോയി കാണാവുന്ന റിയലിസ്റ്റിക് ഫാമിലി എന്റർടൈനർ ആണ് ഗാംബ്ലർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com