ADVERTISEMENT

തലയിൽ മുടി ഇല്ലാത്തവർക്കേ അതിന്റെ വിഷമം ശരിക്ക് അറിയൂ... അതിപ്പോ ആണുങ്ങളിലായാലും പെണ്ണുങ്ങളിലായാലും.  കഷണ്ടിയായാൽ പ്രശ്നം, തടി കൂടിയാൽ പ്രശ്നം... എന്തിനു പറയുന്നു, താടി ഇല്ലാത്തതു പോലും ഒരു കുറവാണെന്നു വിശ്വസിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. ഈ കുറവുകളെ 'തമാശ'യോടെ നോക്കി കാണുന്നവരുമുണ്ട് പരിഹസിക്കുന്നവരുമുണ്ട്. അഷ്റഫ് ഹംസ ഒരുക്കിയ തമാശയും ഇക്കൂട്ടരിലൂടെയുള്ള യാത്രയാണ്... 

 

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ കോളജ് അധ്യാപകനാണ്. നിഷ്കളങ്കനും തന്റേതായ ലോകത്ത് ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണക്കാരൻ. തലയിൽ മുടിയില്ല എന്ന അപകർഷതാബോധം അയാളിൽ എപ്പോഴും ഉണ്ട്. മുടിയുടെ മാത്രം കുറവുകൊണ്ട് പല കല്യാണങ്ങളും മുടങ്ങുന്നു. ചുറ്റുമുള്ളവർക്കും പ്രേക്ഷകർക്കും ശ്രീനിയൊരു തമാശ കഥാപാത്രമായി തോന്നുമെങ്കിലും ചിത്രം മുന്നോട്ടു പോകുന്തോറും അയാൾ നമ്മളിലൊരാളാകുന്നു.

 

പേര് ലളിതമാണെങ്കിലും പ്രമേയത്തിന്റെ മൂല്യം കൊണ്ടും അവതരണത്തിലെ കയ്യൊതുക്കം കൊണ്ടും മനോഹരമായ സൃഷ്ടിയാണ് തമാശ. മുഴുനീള  തമാശ നിറഞ്ഞ ചിത്രം എന്ന നിലയിലല്ല  സംവിധായകൻ ചിത്രത്തിന്  ഇങ്ങനെയൊരു പേരിട്ടത്. പറഞ്ഞു പഴകിയ തമാശകളെ പൊളിച്ചടുക്കുന്ന 'തമാശ' മാറുന്ന കാലത്തിന്റെ മുഖചിത്രം കൂടിയാണിത്.

 

 

പൊന്നാനിക്കാരന്‍ ശ്രീനി മാഷായി അതിഗംഭീര പ്രകടനമാണ് വിനയ് ഫോർട് കാഴ്ചവച്ചത്. ഇതുവരെ ചെയ്തതിൽ അദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം. സിനിമയിൽ അടിമുടി നിറഞ്ഞു നിൽക്കുന്നതും വിനയ് തന്നെ. പ്രേമത്തിലെ ജാവാ സാറല്ല, തമാശയിലെ മലയാളം മാഷ്. അനായാസമായ അഭിനയ മികവിലൂടെ നമ്മളിലൊരാളായി മാറാൻ വിനയ്ക്കു സാധിച്ചു. 

 

തഴക്കമുള്ളൊരു സംവിധായകനെ അനുഭവപ്പെടുത്തുന്ന തുടക്കമാണ് അഷ്‌റഫിന്റേത്. തിരക്കഥയും അഷ്റഫ് തന്നെ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ആവിഷ്കരണ രീതിയിലും ചിത്രം വേറിട്ടു നിൽക്കുന്നു. പേരിലെ തമാശയ്ക്കപ്പുറം പ്രമേയത്തെ സത്യസന്ധമായി  അവതരിപ്പിക്കാനും സംവിധായകനു സാധിച്ചു. 

 

നായികമാരായി എത്തിയ ദിവ്യപ്രഭ, ഗ്രേസ് ആന്റണി , പുതുമുഖമായ ചിന്നു എന്നിവർ തങ്ങളുടെ വേഷം മനോഹരമാക്കി. തന്റെ  അതേ പേരുള്ള കഥാപാത്രമായാണ് ചിന്നു എത്തുന്നത്. 

 

തമാശയിൽ തമാശ കൈകാര്യം ചെയ്യുന്നത് വിനയ് യും  നവാസ് വള്ളിക്കുന്നും ചേർന്നാണ്. സുഡാനിയിലെ ഓട്ടോ ഡ്രൈവർ ആയി കൈയ്യടി നേടിയ താരമാണ് നവാസ്. ഇവിടെ റഹീം ആയും നവാസ് തിളങ്ങുന്നു.  അരുണ്‍ കുര്യന്‍, ,അമീറയായെത്തിയ നടി, ശ്രീനിയുടെ അമ്മയുടെ റോളിലെത്തിയ ഉമ, അച്ഛന്‍ വൈദ്യന്‍ അങ്ങനെ ഓരോ അഭിനേതാക്കളും അരങ്ങു തകർത്തു. 

 

ഷഹബാസ് അമനും റെക്‌സ് വിജയനും ചേർന്നുള്ള സംഗീതം സിനിമയുടെ തന്നെ താളമാണ്. ഗാനങ്ങളെല്ലാം സിനിമയോട് ഇഴചേർന്നു നിൽക്കുന്നു.  പൊന്നാനിയിലെ ഇടവഴികളിലൂടെ പ്രേക്ഷക മനസ്സുകൾക്കൊപ്പം സഞ്ചരിക്കുന്ന സമീര്‍ താഹിറിന്റെ ക്യാമറ തമാശയുടെ സൗന്ദര്യമാണ്.

 

രണ്ടു മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം.  നമുക്ക് പരിചിതമായ കഥാപാത്രങ്ങളും  ജീവിതസന്ദർഭങ്ങളെ രസകരമായി സന്നിവേശിപ്പിക്കുന്ന ചിത്രം ഒരു ഘട്ടത്തിലും മുഷിപ്പിക്കുന്നില്ല.

 

നായക കഥാപാത്രത്തിനു ശ്രീനിവാസൻ എന്ന പേരു നൽകിയതും ചിലപ്പോൾ മന: പൂർവമാകാം. ഫെയ്സ്ബുക്കിലെ തന്റെ ഫോട്ടോയിൽ വടക്കുനോക്കിയന്ത്രത്തിലെ കല്ല്യാണ ഫോട്ടോ കമന്റടിക്കുന്ന യുവാവിനോട് സിനിമയിലെ നായിക പറയുന്ന ഡയലോഗുണ്ട് : ഇതൊക്കെ ഇപ്പോഴും നിങ്ങൾക്ക് തമാശയാണോ? എന്ന്.

 

അത്തരം 'തമാശകൾ' വിറ്റ് കാശുണ്ടാക്കുന്ന കാലം കഴിഞ്ഞു. ഇതു പുതിയ തമാശയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com