sections
MORE

ചങ്കിൽ തൊട്ട് അപ്പൻ; റിവ്യു

thottappan-review
SHARE

'ജന്മം നൽകുന്നതുകൊണ്ടുമാത്രം ആരും രക്ഷകർത്താക്കൾ ആകുന്നില്ല. രക്ഷകർത്താവാകാൻ ജന്മം നൽകണമെന്നുമില്ല'...

കിസ്മത്ത് എന്ന സൂപ്പർഹിറ്റിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പൻ. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖ്. മുഴുനീള നായകവേഷത്തിൽ വിനായകന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും തൊട്ടപ്പനുണ്ട്. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്കു ശേഷം വിനായകന്റെ മറ്റൊരു ശക്തമായ കഥാപാത്രമാണ് തൊട്ടപ്പനിലേത് എന്നു നിസ്സംശയം പറയാം. വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ ജയന്‍, ലാൽ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. ഈമയൗ എന്ന ചിത്രത്തിനു ശേഷം പച്ചയായ ജീവിതം മലയാളത്തിന്റെ അഭ്രപാളിയിൽ തെളിയുന്നത് ഒരുപക്ഷേ തൊട്ടപ്പനിലായിരിക്കും.

Thottappan | Official Trailer | Vinayakan | Shanavas K Bavakutty | Pattam Cinema Company

1990 കളുടെ മധ്യത്തിൽ കേരളത്തിലെ ഒരു ചെറുദ്വീപിൽ നടക്കുന്ന കഥയാണ് തൊട്ടപ്പൻ പറയുന്നത്. ഇത്താക്കും ജോണപ്പനും ഉറ്റസുഹൃത്തക്കളാണ്. ചെറിയ മോഷണങ്ങൾ നടത്തിയാണ് ഇരുവരും ഉപജീവിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ജോണപ്പന്റെ മകൾ സാറയുടെ സംരക്ഷണം ഇത്താക്കിനു ഏറ്റെടുക്കേണ്ടി വരുന്നു. അങ്ങനെ വർഷങ്ങൾ കൊണ്ട് അപ്പൻ-മകൾ ബന്ധത്തേക്കാൾ ദൃഢമായ തൊട്ടപ്പൻ-മകൾ ബന്ധം ഇരുവർക്കുമിടയിൽ ഉടലെടുക്കുന്നു. അവിടേക്ക് മൂന്നാമതൊരാൾ കടന്നു വരുന്നതോടെ ഉണ്ടാകുന്ന സങ്കീർണതകളും വഴിത്തിരിവുകളിലൂടെയുമാണ് ചിത്രം കഥ പറയുന്നത്.

vinayakan

വിനായകന്റെ ഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പതിവ് ഇവിടെയും വിനായകൻ തുടരുന്നു. സങ്കീർണമായ മാനസിക വ്യാപാരങ്ങൾ ആവശ്യപ്പെടുന്ന വേഷം വിനായകൻ അനായാസേന ഭദ്രമാക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം പുതുമുഖമായ പ്രിയംവദ കൃഷ്ണന്റേതാണ്. ജനിച്ചു വളർന്ന സാഹചര്യങ്ങൾ തന്റേടിയാക്കി മാറ്റിയ സാറയെ പ്രിയംവദ മനോഹരമാക്കി. റോഷൻ മാത്യു ഇതുവരെ അഭിനയിച്ചതിൽ നിന്നും വ്യത്യസ്തമായി ലോക്കൽ കഥാപാത്രമായി എത്തുന്നു.

കായലിന്റെയും കരയുടെയും മനോഹരമായ ആകാശദൃശ്യങ്ങൾ, രാത്രിയുടെ വന്യത എന്നിവ ചിത്രത്തിന്റെ ദൃശ്യഭാഷയ്ക്ക് പുതിയ വ്യാകരണങ്ങൾ രചിക്കുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകൾ ചിത്രത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നു. രക്തബന്ധത്തേക്കാൾ ദൃഢമായ ബന്ധങ്ങൾ ജീവിതത്തിൽ ഉടലെടുക്കാമെന്നു ചിത്രം പറഞ്ഞുവയ്ക്കുന്നു. നാട്യങ്ങളില്ലാത്ത സ്നേഹം, ബന്ധങ്ങളിലെ അവിശ്വസ്തത, പ്രേമം, കാമം, നിസ്സഹായത, പ്രതികാരം..എന്നിങ്ങനെ മനുഷ്യൻ നടമാടാൻ വിധിക്കപെട്ട വേഷങ്ങൾ ഓരോ കഥാപാത്രങ്ങളും തന്മയത്വത്തോടെ അഭിനയിച്ചു വിടവാങ്ങുന്നു.

രണ്ടു മണിക്കൂർ ഇരുപതു മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു മുഴുനീള എന്റർടെയിനർ പ്രതീക്ഷിച്ചു പോകരുത്. ഒരു ചെറിയ പ്രമേയം ജീവിതത്തോട് ചേർന്നുനിൽക്കുംവിധം നാട്യങ്ങളില്ലാതെ അവതരിപ്പിക്കുന്നിടത്താണ് തൊട്ടപ്പൻ ഹൃദയത്തിൽ തൊടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA