ADVERTISEMENT

'വെളിച്ചപ്പാട് വന്നാലും വിരുന്നുകാർ വന്നാലും കോഴിക്ക് ഇരിക്കപ്പൊറുതിയില്ല' എന്ന പറയുംപോലെയാണ് താഴെത്തട്ടിലുള്ള പൊലീസുകാരുടെ കാര്യം. കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ളു മുരിക്ക് മൂർഖൻ പാമ്പു വരെ നേരിടേണ്ടിവരും. സദാ പ്രശ്നമുഖരിതം. എന്നിട്ടും കുറച്ചുപേർ ചെയ്യുന്ന അഴിമതിയും അക്രമവും കാരണം പൊലീസുകാരെ പൊതുസമൂഹം വെറുക്കപ്പെട്ടവരായി വീക്ഷിക്കാറുണ്ട്. ‘ഉണ്ട’ എന്ന ചിത്രം ക്രമസമാധാന പാലനത്തിനു ആദ്യം രംഗത്തിറങ്ങേണ്ടി വരുന്ന, പൊലീസ് ക്യാംപിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടിന്റെ (ഗതികേട് എന്ന വാക്കാണ് കൂടുതൽ യോജ്യം) കഥയാണ് പറയുന്നത്.

Unda Official Trailer | Mammootty | Khalid Rahman | Prashant Pillai

 

ഒരിക്കൽപ്പോലും ഒരു കള്ളന്റെ പിന്നാലെ ഓടുകയോ ഒരു കൊലപാതകിയെ പിടിക്കുകയോ ചെയ്യാത്ത മലയാളി പൊലീസ് സംഘം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ഉൾനാടൻ ഗ്രാമത്തിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതാണ് ഉണ്ടയുടെ പ്രമേയം. മമ്മൂട്ടിയുടെ താരപദവി ഉപയോഗിക്കാതെ തിരക്കഥയുടെ മികവുകൊണ്ടും അഭിനയപ്രകടനംകൊണ്ടും ചിത്രം പ്രേക്ഷകരിലേക്ക് അടുത്തുനിൽക്കുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. 

unda-movie-review-2

 

unda-movie-review-3

അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകന്റെ കഥയ്ക്ക് ഹർഷാദ് തിരക്കഥ എഴുതിയിരിക്കുന്നു. മൂവി മിൽ, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

unda-movie-review-5

 

സബ് ഇൻസ്പെക്ടർ മണികണ്ഠൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ആസിഫ് അലിയും വിനയ് ഫോർട്ടും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു.

 

ബസ്തർ എന്ന ഗ്രാമമാണ് കഥാപശ്ചാത്തലം. ദാരിദ്ര്യവും പട്ടിണിയും മാവോയിസ്റ്റ്- പൊലീസ് സംഘട്ടനങ്ങളും അഴിഞ്ഞാടുന്ന കുഗ്രാമം. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ഭയത്തോടെ ജീവിക്കുന്ന കുറച്ചു മനുഷ്യർ. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ മാവോയിസ്റ്റായോ അവർ മുദ്ര കുത്തപ്പെടാം. ബസ്തറിലെ തികച്ചും അപരിചിതമായ സാഹചര്യത്തിലേക്ക് എത്തുന്നതോടെ ആ ഭയവും അരക്ഷിതാവസ്ഥയും പൊലീസുകാരിലേക്കും പടരുന്നു. തിരഞ്ഞെടുപ്പിന് മുൻപുള്ള അഞ്ചു ദിവസങ്ങൾ അവർക്ക് നിദ്രാവിഹീനങ്ങളാകുന്നു. തോക്ക് ഉണ്ടെങ്കിലും ഉന്നം നോക്കി വെടി വയ്ക്കാൻ അറിയില്ല. ഒരു പ്രത്യേക ഘട്ടത്തിൽ വെടിയുണ്ട അവരുടെ ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

 

രണ്ടാംപകുതിയിൽ, ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന ശത്രുവിനേക്കാൾ ഭീഷണി ഉയർത്തുന്നത് തങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഭയവും മുൻവിധികളുമാണ് എന്ന് പൊലീസ് സംഘം തിരിച്ചറിയുന്നതോടെ ചിത്രം വഴിത്തിരിവിലേക്കും പരിസമാപ്തിയിലേക്കും എത്തുന്നു. സഹപ്രവർത്തകർക്ക് ഇടയിലുള്ള വർണവിവേചനവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾ സൃഷ്ടിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങളിലേക്കും ചിത്രം വിരൽചൂണ്ടുന്നു.

 

ഇവിടെ നായകൻ അതിമാനുഷനല്ല. മാനുഷികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. മണി എന്ന കഥാപാത്രം മമ്മൂട്ടി ഭദ്രമാക്കിയിട്ടുണ്ട്. മമ്മൂട്ടി എന്ന നടനെ പൂർണമായും ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ഉണ്ട. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. 

 

സജിത്ത് പുരുഷോത്തമൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർവഹിച്ചിരിക്കുന്നു. കാടിന്റെ വന്യതയും ഭീതിയുമെല്ലാം പ്രേക്ഷകരിലേക്ക് പടരുന്നു. കഥയ്ക്ക് ആസ്പദമായ സംഭവങ്ങൾ അതു നടന്ന സ്ഥലങ്ങളിൽ ചിത്രീകരിച്ചതും ചിത്രത്തെ യാഥാർഥ്യത്തോട് അടുത്തുനിർത്തുന്നു. രണ്ടു മണിക്കൂർ പത്തു മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഉണ്ട ഒരു മെഗാസ്റ്റാർ ചിത്രമല്ല എങ്കിലും ആരാധകരിൽ ആവേശം ഉണർത്തുന്ന എണ്ണം പറഞ്ഞ രംഗങ്ങളും സംവിധായകൻ മാറ്റിവച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരുപോലെ ഈ പ്രമേയത്തിലൂടെ പറയാൻ ഉദ്ദേശിച്ച ജീവിതയാഥാർഥ്യങ്ങളും ലക്ഷ്യം ഭേദിച്ചു. അതിനാൽ റിയലിസ്റ്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഉണ്ട തൃപ്തിപ്പെടുത്തും എന്നുതീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com