sections
MORE

മലയാളത്തിന്റെ ഓസ്കർ; റിവ്യു

And The Oscar Goes To New Poster
SHARE

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന് അനേകം അവാർഡുകളും ആസ്വാദകപ്രശംസയും നേടി മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം അഹമ്മദ് എന്ന വ്യക്തിയുടെ നിശ്ചയദാർഢ്യത്തിന്റെയും കഴിവിന്റെയും പ്രതീകമായി നില കൊള്ളുന്ന ആ ചിത്രത്തിന്റെ പിറവിയാണ് ‘ആൻഡ് ദ് ഒാസ്കർ ഗോസ് ടു’ എന്ന സിനിമയിലൂടെ അതേ സംവിധായകൻ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ആത്മകഥാംശമുള്ള സിനിമയുമായി ഒരു സംവിധായകൻ മലയാളത്തിൽ എത്തുന്നത്. 

പിറന്നു വീണയുടൻ ഇസഹാക്കിന്റെ കാതുകളിലേക്ക് ആദ്യം കയറിയ ശബ്ദം, അവന്റെ വാപ്പ ഓതിയ വാക്കുകളല്ല, മറിച്ച് ആശുപത്രിക്ക് തൊട്ടരികിലുള്ള സിനിമാ ടാക്കിസീലെ ഒച്ചയായിരുന്നു. ആ ശബ്ദം െചവികൾകൊണ്ടല്ല മനസ്സുകൊണ്ടാണ് ഇസഹാക്ക് കേട്ടത്. ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’ ഇസഹാക്കിന്റെ കഥയാണ്. സിനിമ പ്രാണവായു ആക്കിയ ചെറുപ്പക്കാരന്റെ കഥ. കണ്ണൂരിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നും ലൊസാഞ്ചൽസിലെ ഓസ്കർ വേദി വരെ എത്തിയ അദ്ദേഹത്തിന്റെ കഥ.

And The Oskar Goes To | Official Trailer |Salim Ahamed| Tovino Thomas | Bijibal

സിനിമാ സ്വപ്നങ്ങള്‍ പേറി നടക്കുന്ന അനേകായിരങ്ങളുടെ പ്രതിനിധിയാണ് ഇസഹാക്ക് ഇബ്രാഹിം. ഒരു സംവിധായകനാകുക എന്നതായിരുന്നു ഇസഹാക്കിന്റെ സ്വപ്നം. ആദ്യ സിനിമ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി വർഷങ്ങളോളം കൊച്ചിയിൽ അലഞ്ഞെങ്കിലും ഇസഹാക്കിനു അതു സാധിച്ചില്ല. അവസാനം തനിക്ക് വീതമായി കിട്ടിയ സ്വത്തുക്കൾ പണയംവച്ച് ആ ചിത്രത്തിന്റെ നിർമാണവും ഇസഹാക്ക് ഏറ്റെടുക്കുന്നു. അലച്ചിലുകളിലൂടെ, നിരാശകളിലൂടെ, കൊച്ചുകൊച്ചുസന്തോഷങ്ങളിലൂടെ ആ യാത്ര മുന്നേറുന്നു. 

ഒരു തുടക്കകാരനെ സംബന്ധിച്ചടത്തോളം അത്ര എളുപ്പമായിരുന്നില്ല ആദ്യ സിനിമ പൂർത്തിയാക്കുക എന്നത്. കന്നി സംവിധായകന് അനുഭവിക്കേണ്ടി വരുന്ന മാനസികസംഘർഷങ്ങളും സിനിമക്കാരിൽ നിന്നുവരെ നേരിടേണ്ടി വരുന്ന തട്ടിപ്പുമൊക്കെ സത്യസന്ധമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ എല്ലാ സംഘർഷങ്ങളെയും തരണം ചെയ്ത് ഇസഹാക്ക് സിനിമ പൂർത്തിയാകുന്നു. ദേശീയ പുരസ്കാരങ്ങൾക്കപ്പുറം ഓസ്കറിലേയ്ക്കും ചിത്രം പരിഗണിക്കപ്പെടുന്നു. സ്വപ്നങ്ങൾ പിന്നെയും പൂവണിയുകയാണ്. ഓസ്കർ സ്വപ്നങ്ങളുമായി ഇല്ലാത്ത കാശും മുടക്കി ഇസഹാക്ക് അമേരിക്കയിലേക്ക് പോകുന്നു. എന്നാൽ അവിടെയും പ്രതിസന്ധികളായിരുന്നു ഇസഹാക്കിന് നേരിടേണ്ടി വന്നത്. 

Maya Mazhavillai | And The Oskar Goes To | Salim Ahamed | Tovino Thomas | Allens Media

ഇസഹാക്ക് എന്ന കഥാപാത്രം ടൊവിനോയുടെ കൈകളിൽ ഭദ്രമായിരുന്നു. കല്കടറോ പൊലീസോ ബിസിനസ്സുകാരനോ ആരുമാകട്ടെ ഏതു വേഷവും തനിക്കിണങ്ങും എന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിക്കുന്നു. മൊയ്തീൻ എന്ന കഥാപാത്രമായി സലിം കുമാറും ചിത്രത്തില്‍ നിറഞ്ഞു നിൽക്കുന്നു. അപ്പാനി ശരത്, സിദ്ധിഖ്, ശ്രീനിവാസൻ, ലാൽ, അനു സിതാര, മാല പാർവതി, വിജയരാഘവൻ, അമേരിക്കൻ നടി നിക്കി ഹുളൗസ്കി തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. മധു അമ്പാട്ടാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റസൂൽ പൂക്കുട്ടി ശബ്ദലേഖനം. ബിജിബാലിന്റെ സംഗീതവും ചിത്രത്തോട് ഇഴചേർന്നുനിന്നു.

and-the-oscar-goes-to

സലിം അഹമ്മദ് തന്റെ നാലാം സിനിമയി‌‌ലൂടെ തന്റെ ആദ്യ ചിത്രത്തിന്റെ കഥ സത്യസന്ധമായി പറഞ്ഞിരിക്കുന്നു. താൻ നേരിട്ട വെല്ലുവിളികളും അതിജീവിച്ച പ്രതിസന്ധികളും എല്ലാം അദ്ദേഹം ഇൗ സിനിമയിലൂടെ അവതരിപ്പിക്കുന്നു. കച്ചവട സിനിമയുടെ സമവാക്യങ്ങൾ പാലിച്ചപ്പോഴും സിനിമയുടെ മൂല്യത്തിന് ശോഷണം സംഭവിക്കാതെ അദ്ദേഹം ഇൗ ചിത്രം ഒരുക്കിയിരിക്കുന്നു. 

ജീവിതത്തിൽ നിന്നും സിനിമയിലേക്ക് വലിയ ദൂരമുണ്ട്. ആ സിനിമയ്ക്കുള്ളിലെ ചില ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’. സിനിമയെ ജീവനു തുല്യം സ്നേഹിക്കുന്ന ചില ‘ഭ്രാന്തന്മാരെ’ നമുക്കെല്ലാവർക്കും പരിചയം കാണും. അത് വെറും ‘ഭ്രാന്തല്ല’ എന്ന് തെളിയിച്ചു തരുന്ന ചിത്രമാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA