ADVERTISEMENT

കേരളത്തിലെ കുടുംബകോടതികളിൽ വിവാഹമോചനത്തിനായി എത്തുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട് എന്നതൊരു ആനുകാലിക യാഥാർഥ്യമാണ്. അതിന്റെ പിന്നിലുള്ള കാരണങ്ങൾ പലതും ബാലിശമാണെന്നു പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പങ്കാളിയുടെ അമിതവണ്ണം മുതൽ കൂർക്കംവലി വരെ വില്ലനായി കോടതി കയറിട്ടുണ്ടത്രേ! കാലമൊരുപാട് പുരോഗമിച്ചെങ്കിലും മക്കളുടെ ആഗ്രഹമോ താൽപര്യമോ ചോദിക്കാതെ വിവാഹം നടത്തുന്ന കുടുംബങ്ങളും പ്രതിസ്ഥാനത്തുണ്ട്. ഇത്തരം വിചിത്ര യാഥാർഥ്യങ്ങളിൽനിന്നാണ് നിന്നാണ് കക്ഷി അമ്മിണിപ്പിള്ളയുടെ കേസ് ഫയൽ തുറക്കുന്നത്. തലശ്ശേരിയിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. 

Kakshi: Amminippilla Official Trailer | Asif Ali | Dinjith Ayyathan | Zarah Films

 

വീട്ടുകാർ അമ്മിണി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഷജിത് എന്ന സാധാരണ ചെറുപ്പക്കാരൻ. ഗൾഫിൽ നിന്നും നാട്ടിലേക്ക് ലാൻഡ് ചെയ്തതും വീട്ടുകാർ കയ്യോടെ ഷജിത്തിനെ വിവാഹം കഴിപ്പിക്കുന്നു. പക്ഷേ ദാമ്പത്യത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ കല്ലുകടി ആരംഭിക്കുകയായി. തന്റെ സങ്കൽപങ്ങളുമായി ഒത്തുപോകുന്നില്ല എന്ന നിസ്സാര കാരണത്തിൽ അമ്മിണി വിവാഹമോചനത്തിനായി കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. എന്നാൽ ഭാര്യയ്ക്ക് അമ്മിണിയെ പിരിയാനും വയ്യ. ഈ സാഹചര്യത്തിൽ അമ്മിണിക്ക് ഡിവോഴ്സ് നേടിക്കൊടുക്കാൻ അഡ്വ. പ്രദീപൻ മഞ്ഞോടി നടത്തുന്ന ശ്രമങ്ങൾ വിജയം കാണുമോ എന്നാണ് പിന്നീട് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

kakshi-ammipilla

 

നർമത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ദിന്‍ജിത്ത് അയ്യത്താന്‍ എന്ന നവാഗത സംവിധായകനെയും മലയാളസിനിമയ്ക്ക് സംഭാവന ചെയ്യുന്നു. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു.

 

ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, അശ്വതി മനോഹരൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. 

 

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്.

 

ആദ്യപകുതിയിൽ തലശ്ശേരിയുടെ രുചിപ്പെരുമയും ഭംഗിയും സംസ്കാരവുമെല്ലാം ഒപ്പിയെടുത്ത് പ്രേക്ഷകരെ ചിത്രം വലിച്ചടുപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ഭൂരിഭാഗവും കോടതിയാണ് കഥാപശ്ചാത്തലം. കോടതി വ്യവഹാരങ്ങൾ തനിമയോടെ ചിത്രം ആവിഷ്കരിക്കുന്നു. വാദപ്രതിവാദങ്ങളുടെ നീണ്ട നാളുകൾക്ക് ശേഷം കോടതി വിധി വരുന്ന ദിവസം അപ്രതീക്ഷിതമായി കാത്തുവച്ച വഴിത്തിരിവിൽ ചിത്രം പര്യവസാനിക്കുന്നു.

 

സ്വഭാവ ദൃഢതയില്ലാത്ത അമ്മിണിപ്പിള്ളയെ അഹമ്മദ് സിദ്ദിഖി ഭംഗിയാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനവും സീറ്റുമോഹവും വക്കീൽപ്പണിയും ഒരുമിച്ചു കൊണ്ടുപോകുന്ന കഥാപാത്രത്തെ ആസിഫ് അലി ഭദ്രമാക്കുന്നു. കാന്തി എന്ന ഭാര്യാകഥാപാത്രത്തെ അവതരിപ്പിച്ച ഷിബില ഹൃദ്യമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി. ബേസിൽ, നിർമൽ പാലാഴി എന്നിവർ കോമഡി നമ്പരുകളുമായി ചിത്രത്തെ സജീവമാക്കി നിർത്തുന്നു.

 

പരമ്പരാഗത നായികാസങ്കൽപങ്ങളുടെ അഴകളവുകൾ മറികടന്നു, പ്ലസ് സൈസ് ഹീറോയിൻ സങ്കൽപം മലയാള സിനിമയിൽ അംഗീകരിക്കപ്പെടുന്നു എന്നത് ശുഭകരമായ മാറ്റമായി നിരീക്ഷിക്കാം. അടുത്തിടെ ഇറങ്ങിയ 'തമാശ' എന്ന സിനിമയിലും പരിഹാസങ്ങൾ വകവയ്ക്കാതെ, സ്വന്തം ആകാരത്തിൽ തൃപ്തരായി ആത്മവിശ്വാസത്തോടെ ജീവിക്കുന്ന സ്ത്രീകൾ വിഷയമായിരുന്നു.

 

സങ്കീർണമായ വഴിത്തിരിവുകളോ ആഘോഷമോ ഒന്നുമില്ലെങ്കിലും ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയുടെ രഹസ്യം അവസാനം വെളിവാകുമ്പോൾ അത് പ്രേക്ഷകർക്കും ഹൃദ്യമായ കാഴ്ചാനുഭവമാകും. പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ മുള്ളുകൾക്കിടയിലും, ദാമ്പത്യം എന്ന റോസാപുഷ്പം സ്നേഹസുരഭിലമായിരിക്കും എന്ന സന്ദേശത്തോടെയാണ് ചിത്രം പര്യവസാനിക്കുന്നത്. ചുരുക്കത്തിൽ അന്തർലീനമായ അർഥതലങ്ങൾ ഉണ്ടെങ്കിലും കടുകട്ടി നിരൂപണത്തിന്റെ ഭാരമില്ലാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും ഈ കൊച്ചുചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com