ADVERTISEMENT

മിസ്റ്ററിയും സസ്‌പെൻസും ചാലിച്ച് തികച്ചും ആനുകാലിക പ്രസക്തിയുള്ള ഒരു സന്ദേശം നൽകുകയാണ് കെ.കെ. രാജീവ് സംവിധാനം ചെയ്ത ‘എവിടെ’ എന്ന ചിത്രം. മലയാളസിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തൂലികയിൽ പിറന്ന കഥ എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഒരു തിരോധാനത്തിന്റെ പിന്നാലെയുള്ള അന്വേഷണമായാണ് കഥ വികസിക്കുന്നത്.

 

Evide movie trailer

സി.കൃഷ്ണന്റേതാണ് തിരക്കഥ. ഹോളിഡേ മൂവീസിന്റെ ബാനറിൽ ജൂബിലി പ്രൊഡക്‌ഷൻസ്, പ്രകാശ് മൂവി ടോൺ, മാരുതി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

 

ആശ ശരത്, മനോജ് കെ. ജയന്‍, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ, ബൈജു, സുരാജ് വെഞ്ഞാറമൂട്, അനശ്വര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം. കെ. ജയകുമാറും ബി.കെ. ഹരിനാരായണനുമാണ് ഗാനരചന.

 

പ്രമേയം

EVIDE

 

തന്റെ ഭർത്താവ് സക്കറിയയെ കാണാനില്ല എന്ന പരാതിയുമായി ഭാര്യ ജെസിയും മകനും പൊലീസിൽ പരാതി നൽകുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. സക്കറിയ ഒരു സിംഫണി ആർട്ടിസ്റ്റാണ്. നൂലില്ലാത്ത പട്ടം പോലെ ഒഴുകിനടക്കുന്ന അയാളുടെ ദുരൂഹമായ ജീവിതത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളും നാട്ടിൽ പരക്കുന്നുണ്ട്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ചില അസ്വാഭാവികതകൾ ജെസി കണ്ടെത്തുന്നു. അതിന്റെ ചുരുളഴിക്കാൻ ജെസി നടത്തുന്ന യാത്രകളും വഴിത്തിരിവുകളും ഞെട്ടിക്കുന്ന തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

evidesong

 

അഭിനയം

 

ജെസി എന്ന വീട്ടമ്മയായി മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ച വയ്ക്കുന്നത്. തുടക്കത്തിൽ നിസ്സഹായയായ സാധാരണ വീട്ടമ്മയാണെങ്കിലും ഒരു നിർണായക ഘട്ടത്തിൽ, ദൃശ്യം എന്ന സിനിമയിൽ അവർ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ അന്വേഷണബുദ്ധിയുടെ പ്രതിഫലനം ദൃശ്യമാകും. ചിത്രത്തിന്റെ ആകാംക്ഷ നിലനിർത്തുന്നതിൽ ഷെബിൻ ബെൻസൺ അവതരിപ്പിച്ച മകൻ കഥാപാത്രവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു കാറ്റുപോലെ വന്നു കയ്യടി നേടിപ്പോകുന്ന കഥാപാത്രങ്ങൾ ഇപ്പോൾ സുരാജ് വെഞ്ഞാറമൂടിന്റെ പതിവായിരിക്കുകയാണ്. രണ്ടാം പകുതിയിൽ ചിത്രത്തിൽ കൂടുതൽ കയ്യടി നേടുന്നത് ഈ കഥാപാത്രമാണ്. അനായാസലളിതമായ പതിവ് അഭിനയശൈലി കൊണ്ട് ബൈജുവും നിസ്സഹായനായ പിതാവായി പ്രേം പ്രകാശും തങ്ങളുടെ കഥാപാത്രങ്ങൾ ഭദ്രമാക്കുന്നു. 

 

സാങ്കേതികവശങ്ങൾ

 

ചെറുതെങ്കിലും കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ അടിത്തറ. അതിന്റെ സത്ത ചോർന്നുപോകാതെ ദൃശ്യാവിഷ്കരണം നിർവഹിക്കുന്നതിൽ സംവിധായകനും വിജയിച്ചു. ചിത്രത്തിന്റെ ഉദ്വേഗം നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പിന്തുണ നൽകുന്നുണ്ട്. ചിത്രത്തിന്റെ മുറുകിയിരിക്കുന്ന കഥാതലത്തിന് അയവു പകരുന്നതിൽ ഗാനങ്ങൾ പിന്തുണ നൽകുന്നു.

 

രത്നച്ചുരുക്കം

 

പുതിയ കാലത്തെ പാരന്റിങ് സങ്കീർണമായ ഒരു സമസ്യയായി സമൂഹം ചർച്ച ചെയ്യുന്ന കാലഘട്ടമാണ്. യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് കലാലയങ്ങളിൽ വ്യാപകമായ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും അത് കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന വിള്ളലുകളും ചിത്രം ചർച്ച ചെയ്യുന്നു. അതുകൊണ്ടുതന്നെ കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾ കുടുംബവുമൊത്ത് കാണേണ്ട ഒരു ചിത്രം കൂടിയാണ് എവിടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com