ADVERTISEMENT

നന്മയുള്ള കുടുംബചിത്രമാണ് ശുഭരാത്രി. യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപം കൊണ്ടിട്ടുള്ളത്. വ്യാസൻ കെ.പി. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ കൃഷ്ണൻ എന്ന സാധാരണക്കാരനായ കുടുംബനാഥനായി ദിലീപ് എത്തുന്നു. അനു സിതാരയാണ് നായിക. സിദ്ദിഖ് എന്ന നടന്റെ ശക്തമായ വേഷമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മനുഷ്യനിലുള്ള നന്മയും സഹാനുഭൂതിയും ഇനിയും മരിച്ചിട്ടില്ല എന്ന് ചിത്രം അടിവരയിടുന്നു. 

 

Shubarathri | Official Trailer | Dileep | Anu Sithara | Vyasan K P

കേരളത്തിൽ മതത്തിന്റെ പേരിൽ വളർന്നു വരുന്ന തീവ്രചിന്താഗതികളുടെ ആനുകാലിക യാഥാർഥ്യത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഹജ്ജിനു പോകാനായി തയാറെടുക്കുന്ന മുഹമ്മദിനെ കേന്ദ്രമാക്കിയാണ് കഥ വികസിക്കുന്നത്. അയാളുടെ കുടുംബവും സുഹൃത്തുക്കളും, തയാറെടുപ്പുകളുമായി ആദ്യ പകുതി കടന്നുപോകുന്നു. 

anu-dileep

 

dileep-anu-sithara-subharatri-5

അയാൾക്ക് യാത്ര പുറപ്പെടേണ്ട തലേദിവസം രാത്രി നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് രണ്ടാം പകുതി സജീവമാക്കുന്നത്. തുടർന്ന്, കൃഷ്ണൻ എന്ന സാധാരണക്കാരനായ കുടുംബനാഥന്റെ ജീവിതത്തിലേക്ക് കഥ വഴിമാറുന്നു. മുഹമ്മദിനേയും കൃഷ്ണനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമെന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രം പിന്നീട് നൽകുന്നത്. ഭൂതകാലത്തിൽ ചെയ്ത ചെറിയ തെറ്റുകൾ പോലും പിന്നീട് കുടുംബജീവിതത്തിന്റെ അടിത്തറ തെറ്റിക്കാമെന്നു ചിത്രം ഓർമിപ്പിക്കുന്നു.

 

നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം മാത്യു നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

 

dileep-anu-sithara-subharatri-7

പതിവ് കോമഡി റോളുകളിൽ നിന്നുള്ള മാറിനിൽക്കുന്ന കഥാപാത്രമാണ് ദിലീപിന്റെ കൃഷ്ണൻ. കഥാവശേഷൻ പോലെ എണ്ണംപറഞ്ഞ സിനിമകളിൽ ദിലീപ് ചെയ്ത സീരിയസ് വേഷങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന കഥാപാത്രമാണ് കൃഷ്ണനും. തന്റെ അഭിനയമികവിലൂടെ കൃഷ്ണനെ ദിലീപ് ഭദ്രമാക്കുന്നു. അനു സിതാരയും തന്റെ കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ട്.

 

ചെയ്യുന്ന ഏത് വേഷങ്ങളും അതിന്റെ പൂർണതയിൽ അവതരിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. മുഹമ്മദ് എന്ന ഗൃഹനാഥനായി സിദ്ദിഖ് അഭ്രപാളിയിൽ ജീവിക്കുന്നു. ചിത്രത്തിന്റെ വൈകാരിക നിമിഷങ്ങളെ വാക്കുകളിലൂടെ തൊട്ടുണർത്തുന്നതും മുഹമ്മദാണ്. ശുഭരാത്രി യഥാർഥത്തിൽ സിദിഖിന്റെ കൂടി സിനിമയാണ്.

 

വ്യാസൻ കെ.പി.യുടെ സംവിധാനമികവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്ന ഘടകമാണ്. ഛായാഗ്രഹണം പശ്ചാത്തലസംഗീതം, ഗാനങ്ങൾ എന്നിവ മികവ് പുലർത്തുന്നുണ്ട്. ചിത്രത്തിലെ ഇശലിന്റെ ഭംഗിയുള്ള ഒരു ഗാനത്തിൽ സംഗീത സംവിധായകൻ ബിജിപാൽ പാടി അഭിനയിക്കുന്നുണ്ട്.

 

തന്റെ ചിറകിൻകീഴിൽ അഭയം പ്രാപിച്ചിരിക്കുന്ന കുടുംബത്തിനുവേണ്ടി സാധാരണക്കാരൻ ഏതറ്റം വരെയും പോകും എന്ന് ചിത്രം സമർഥിക്കുന്നു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്.

 

സ്ഥിരം ദിലീപ് ചിത്രങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നർമരംഗങ്ങളോ മാസ് പ്രകടനങ്ങളോ ശുഭരാത്രിയില്‍ പ്രതീക്ഷിക്കരുത്.  ഇന്ന് നാം ജീവിക്കുന്ന കേരളത്തിന്റെ സാമൂഹികസാഹചര്യത്തിൽ പ്രസക്തമായ ഒരു ഓർമപ്പെടുത്തൽ നൽകി കുടുംബപ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു ഈ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com