ADVERTISEMENT

ഇത്തവണയും ഫ്രഞ്ച് ആക്‌ഷൻ ചിത്രത്തിൽ നിന്നും കഥ കടമെടുത്താണ് സംവിധായകൻ രാജേഷ് എം. സെൽവ എത്തുന്നത്. കമൽഹാസനെ നായകനായി ഒരുക്കിയ തൂങ്കാവനം ഫ്രഞ്ച് ആക്‌ഷൻ ചിത്രം സ്ലീപ്‌ലെസ് ടൈറ്റിന്റെ റീമേക്ക് ആയിരുന്നുവെങ്കിൽ വിക്രത്തിന്റെ കദാരം കൊണ്ടാൻ ഫ്രഞ്ച് ത്രില്ലർ ‘പോയ്ന്റ് ബ്ലാങ്കി’ന്റെ റീമേക്കാണ്.

 

മലേഷ്യയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ആക്‌ഷനും കാർ ചെയ്സും അധോലോകവുമൊക്കെ നിറഞ്ഞ കദാരം കൊണ്ടാൻ ത്രില്ലർ ഗണത്തിൽപെടുന്നു. 

 

Kadaram Kondan - Official Trailer | Kamal Haasan | Chiyaan Vikram | Rajesh M Selva | Ghibran

മലേഷ്യയിലെ ആശുപത്രിയിൽ ഡോക്ടറായ വാസുവിന്റെയും ഭാര്യ ആതിരയുടെയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. ആതിര ഒൻപതുമാസം ഗർഭിണിയാണ്. കുഞ്ഞുകൺമണിയെ കാത്തിരിക്കുന്ന സമയത്താണ് ഇവരുടെ ജീവിതത്തിലേക്ക് കെ.കെ എന്നൊരാൾ കടന്നുവരുന്നത്. മലേഷ്യൻ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപുള്ളിയാണ് കെ.കെ. 

 

Point Blank (2011) HD Trailer

കെ.കെയുടെ കടന്നുവരവ് വാസുവിന്റെ ജീവിതത്തെയാകെ തകിടം മറിക്കുന്നു. പിന്നീട് സംഭവിക്കുന്ന ഉദ്വേകജനകമായ നിമിഷങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി കടന്നുപോകുന്നത്. എന്നാൽ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലെത്തുമ്പോൾ അവിടിവിടെയായി കഥയിൽ പ്രശ്നങ്ങൾ തുടങ്ങുന്നു.

 

ആവേശഭരിതമായ സംഘട്ടന രംഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകർഷിക്കുന്നത് വിക്രം എന്ന നടൻ മാത്രമാണ്. പതിഞ്ഞ താളത്തിൽ കഥ പറയുന്ന രീതി തന്നെയാണ് ചിത്രത്തെ പിന്നോട്ടുവലിക്കുന്നത്. വിക്രത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പും ഗിബ്രാന്റെ പശ്ചാത്തലസംഗീതവുമാണ് ഏക ആശ്വാസം.

 

വാസുവായി തമിഴ് നടൻ നാസറിന്റെ മകൻ അബി ഹാസൻ എത്തുന്നു. ആതിരയെ അവതരിപ്പിച്ചിരിക്കുന്നത് അക്ഷര ഹാസ്സനാണ്. കൽപന എന്ന പൊലീസ് ഉദ്യോഗസ്ഥയായി ലെനയും ആദ്യ പകുതിയിൽ തിളങ്ങുന്നു. വികാസ്, ജാസ്മിൻ എന്നിവരാണ് മറ്റുതാരങ്ങൾ.

 

രാജേഷ് എം. സെൽവ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ കഥ വികസിപ്പിക്കുന്നതിൽ സംവിധായകൻ പൂർണമായും പരാജയപ്പെട്ടു. 

 

റീമേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇവിടെയുള്ള പ്രേക്ഷകരുടെ അഭിരുചികളും പരിഗണിക്കേണ്ടതായിരുന്നു. തൂങ്കാവനം എന്ന സിനിമയുടെ വിജയവും അതുതന്നെയായിരുന്നു. തമിഴ് സിനിമാ പ്രേക്ഷകര്‍ക്കും രസിക്കുന്ന തരത്തിലൊരു കഥയായിരുന്നു ചിത്രത്തിന്റേത്. ആ തിരഞ്ഞെടുപ്പ്, കദാരം കൊണ്ടാനിലെത്തുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു.

 

തമിഴ് അല്ലെങ്കിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ, ഈ ചിത്രം റീമേയ്ക്ക് ചെയ്യുന്നതിനുള്ള ആവശ്യകത ഇല്ലെന്നതാണ് പ്രധാനവസ്തുത. ഇതുവരെ മൂന്ന് ഭാഷകളിൽ ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പോയ്ന്റ് ബ്ലാങ്ക് എന്ന പേരിൽ സിനിമയുടെ അമേരിക്കൻ റീമേക്ക് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിരുന്നു.

 

കെ.കെ. എന്ന കഥാപാത്രത്തോട് പൂർണമായും നീതിപുലർത്താൻ വിക്രത്തിനു സാധിച്ചു. രണ്ടോ മൂന്നോ രംഗങ്ങളിൽ മാത്രമാണ് വിക്രത്തിന്റെ കഥാപാത്രം സംസാരിക്കുന്നത് തന്നെ. പോയ്ന്റ് ബ്ലാങ്ക് എന്ന ചിത്രത്തെ അതേപടി ക്യാമറയിലേക്ക് പകർത്താൻ നോക്കാതെ കെ.കെ. എന്ന കഥാപാത്രത്തിന് പ്രാമുഖ്യം കൊടുത്തിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിലെത്തിയേനെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com