sections
MORE

പെണ്ണുടലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം; ആടൈ റിവ്യു

aadai-review
SHARE

പ്രേക്ഷകർ ഏറെ കാത്തിരുന്ന അമല പോൾ ചിത്രം ‘ആടൈ’ തിയറ്ററുകളിലെത്തിയത് പ്രഖ്യാപിച്ചതിലും ഒരു ദിവസം വൈകിയാണെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ മനസു പറയും, ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന്! അമല പോൾ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആടൈയിലെ കാമിനി. ക്യാമറയ്ക്കു മുൻപിൽ ഒരു നടി നഗ്നയായി അഭിനയിക്കുന്നത് ചൂടൻ രംഗങ്ങൾക്കു വേണ്ടിയാകുമെന്ന മുൻധാരണകളെ കാമിനി എന്ന കഥാപാത്രത്തിലൂടെ അമല പോൾ തിരുത്തി എഴുതുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്യുന്ന അടിമുടി ത്രില്ലർ സിനിമയാണ് ആടൈ. 

പ്രമേയം

മാധ്യമപ്രവർത്തകയാണ് കാമിനി. എന്നാൽ വാർത്തകളോടല്ല കാമിനിയുടെ ഇഷ്ടം. ജോലി ചെയ്യുന്നത് വാർത്താ ചാനലിൽ ആണെങ്കിലും ആളുകളെ പറ്റിക്കുന്ന ഒരു പരിപാടിയുടെ അണിയറപ്രവർത്തകരിൽ ഒരാളാണ് കാമിനി. ആളുകളെ പേടിപ്പിക്കുന്നതിലും പറ്റിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കാമിനിയെ സഹപ്രവർത്തകർ പോലും പരാമർശിക്കുന്നത് 'സാഡിസ്റ്റ്' എന്ന വാക്ക് ഉപയോഗിച്ചാണ്. കാമിനി ജോലി ചെയ്യുന്ന ചാനൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്ന ദിവസമാണ് സിനിമയുടെ കഥ തുടങ്ങുന്നത്. 

Aadai - Tamil Official Trailer | Amala Paul | Rathnakumar | Pradeep Kumar, Oorka | V Studios

ആളുകളെ പറ്റിച്ചു നടക്കുന്നതുപോലെ എളുപ്പമല്ല ലൈവ് ആയി വാർത്ത വായിക്കാൻ എന്ന സഹപ്രവർത്തകയുടെ പരാമർശം കാമിനി വെല്ലുവിളിയായി ഏറ്റെടുക്കുന്നു. തെറ്റുവരുത്താതെ വാർത്ത വായിക്കാൻ മാത്രമല്ല വേണമെങ്കിൽ വിവസ്ത്രയായും വാർത്ത വായിക്കുമെന്ന് കാമിനി പ്രഖ്യാപിക്കുന്നു. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കപ്പെട്ട ഓഫീസ് കെട്ടിടത്തിൽ പിറന്നാൾ ആഘോഷിക്കാൻ കാമിനിയും സുഹൃത്തുക്കളും തീരുമാനിക്കുന്നത്. എന്നാൽ ആ ആഘോഷരാത്രിക്കു ശേഷം കാമിനി കണ്ണുതുറക്കുന്നത് ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളിലേക്കാണ്. ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തിൽ പൂർണനഗ്നയായി കാമിനി അകപ്പെടുന്നതോടെ സിനിമ ത്രില്ലർ സ്വഭാവം കൈവരിക്കുന്നു.  

രാഷ്ട്രീയം പറയുന്ന ത്രില്ലർ

ദളിത് സ്ത്രീകൾക്ക് മുലക്കരം ചുമത്തുകയും അവർ മാറു മറയ്ക്കുന്നത് എതിർക്കുകയും ചെയ്ത മേലാളന്മാർക്ക് മുല അറുത്തു നൽകി പ്രതിഷേധിച്ച നങ്ങേലിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. നങ്ങേലിയുടെ കഥയിൽ നിന്ന് കാമിനിയുടെ ആഘോഷജീവിതത്തിലേക്ക് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നു. കാമിനിയുടെ ഉന്മാദങ്ങളാണ് സിനിമയുടെ ആദ്യപകുതി. 

aadai-new-stills-amala-paul-23

ഏതു വസ്ത്രവും ധരിക്കാൻ ഒരാൾക്കു സ്വാതന്ത്ര്യം ഉള്ളതുപോലെ, അതു വേണ്ടെന്നു വയ്ക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിക്കുന്ന കാമിനി സ്ത്രീത്വത്തിന് കൽപിച്ചു നൽകിയിരിക്കുന്ന വാർപ്പുമാതൃകകളെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഒരു സുപ്രഭാതത്തിൽ വിവസ്ത്രയാക്കപ്പെട്ട് ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തിൽ അകപ്പെടുന്നതോടെ വിവസ്ത്രയാക്കപ്പെടുന്നതിലെ ഭീകരത കാമിനി തിരിച്ചറിയുന്നു. 

നങ്ങേലി മുതൽ മീ ടൂ വരെ

ആദ്യന്തം ഒരു സ്ത്രീപക്ഷ സിനിമയാണ് ആടൈ. മാറു മറയ്ക്കൽ സമരം മുതൽ പുതിയ കാലത്തെ മാറു തുറക്കൽ സമരവും മീ ടൂ ക്യാംപെയിനും വരെ മനോഹരമായി ഞൊറിഞ്ഞു ചേർത്താണ് ആടൈ ഒരുക്കിയിരിക്കുന്നത്. പെണ്ണിന്റെ നഗ്നതയെ ലൈംഗികതയുമായി ചേർത്തു വായിക്കുന്ന ആൺനോട്ടത്തെ, ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടു തന്നെ സിനിമ അപനിർമിക്കുന്നു. ഗാനരചയിതാവ് വൈരമുത്തു, നടൻ രാധാ രവി എന്നിവർക്കെതിരെ ഗായിക ചിന്മയി നടത്തിയ വെളിപ്പെടുത്തലിനെയും അതിസമർത്ഥമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും സിനിമയുടെ രാഷ്ട്രീയം ഏതാനും സംഭാഷണങ്ങളിൽ തിരുകിക്കയറ്റാനുള്ള തിരക്കഥാകൃത്തിന്റെ ശ്രമം കല്ലുകടിയായി അനുഭവപ്പെടും. അമല പോളിന്റെ അതിഗംഭീരൻ പ്രകടനത്തിലൂടെയാണ് തിരക്കഥയിലെ ഇത്തരം പാളിച്ചകളെ ആടൈ മറികടക്കുന്നത്. 

aadai-new-stills

ഗ്ലാമറസല്ല ഈ നഗ്നതാപ്രദർശനം

പെൺശരീരത്തിന്റെ രാഷ്ട്രീയത്തെ ഒരു ത്രില്ലർ സിനിമയിലൂടെ പറയാൻ ധൈര്യം കാണിച്ച രത്നകുമാർ എന്ന സംവിധായകൻ തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്. രത്നകുമാറിന്റേതു തന്നെയാണ് സിനിമയുടെ തിരക്കഥയും. ഒരു കൊലപാതകത്തെയോ വയലൻസിനെയോ കൂട്ടുപിടിക്കാതെ സിനിമയ്ക്കു ത്രില്ലർ സ്വഭാവം നൽകാൻ രത്നകുമാറിന് സാധിച്ചിട്ടുണ്ട്. 

അതിന് സംവിധായകനെ പിന്തുണയ്ക്കുന്നതാണ് ചിത്രത്തിന്റെ ക്യാമറയും പശ്ഛാത്തലസംഗീതവും. ചിത്രത്തിന്റെ രണ്ടാം പകുതിയുടെ ഏതാണ്ട് മുക്കാൽ ഭാഗവും നഗ്നയായി പ്രത്യക്ഷപ്പെടുന്ന കാമിനിയുടെ ചലനങ്ങളെ സമർത്ഥമായി വിജയ് കാർത്തിക് കണ്ണൻ എന്ന ഛായാഗ്രാഹകൻ പകർത്തിയിരിക്കുന്നു. നായികമാരുടെ പെണ്ണുടലുകളുടെ അഴകളുവകളെ ഗ്ലാമറസാക്കി ഒപ്പിയെടുക്കുന്ന സിനിമയുടെ ആൺനോട്ടങ്ങൾക്ക് അപവാദമാണ് ചിത്രത്തിലെ രംഗങ്ങൾ. അക്കാര്യത്തിൽ ഛായാഗ്രാഹകൻ അഭിനന്ദനം അർഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയ പ്രദീപ് കുമാറും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. 

വയലൻസിന്റെ അതിപ്രസരവും നഗ്നതാപ്രദർശനവും ചൂണ്ടിക്കാണിച്ച് 'എ' സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. എന്നാൽ, ഈ ഘടകങ്ങളെ അപ്രസക്തമാക്കുന്ന കാഴ്ചാനുഭവമാണ് ആടൈ എന്ന ചിത്രം സമ്മാനിക്കുന്നത്. 'എ' സർട്ടിഫിക്കറ്റ് ഉള്ള സിനിമ എന്ന മുൻവിധികൾ മാറ്റിവച്ച് ധൈര്യമായി ടിക്കറ്റ് എടുക്കാം! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA