sections
MORE

മധുരിക്കും തണ്ണീർമത്തൻ ദിനങ്ങൾ; റിവ്യു

thanneer-mathan-dinangal-review
SHARE

ഒരു മലയാളിയെ നൊസ്റ്റാൾജിയയുടെ പടുകുഴിയിലേക്കു തള്ളിയിടാൻ ഏറ്റവും നല്ലത് അവന്റെ സ്കൂൾ കാലഘട്ടം ഒാർമിപ്പിക്കുക എന്നതാണ്. ‘ഒരു വട്ടം കൂടിയെൻ ഒാർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം’ എന്ന് ഒഎൻവി പാടിയപ്പോൾ ആബാലവൃദ്ധം മലയാളികളും ഒപ്പം കൂടിയതും സ്കൂളും ഒാർമകളും തമ്മിലുള്ള ഇൗ അന്തർധാര കൊണ്ടു തന്നെ. പല വട്ടം പരീക്ഷിച്ചു വിജയിച്ച അതേ ഫോർമുല കാലാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. പ്രണയവും കലഹവും സൗഹൃദവും ഒത്തുചേരുന്ന, യൗവനം തുളുമ്പുന്ന ഒരു ചിത്രം.

Thanneermathan Dinangal Official Trailer | Vineeth Sreenivasan | Girish A D

ജെയ്സണ് കീർത്തിയോട് കടുത്ത പ്രണയമാണ്. അത് അവളോടു തുറന്നു പറ‍ഞ്ഞതും മുഖമടച്ചുള്ള മറുപടിയാണു കിട്ടിയത്. കീർത്തി അവനെ ഇഷ്ടപ്പെടണമെന്ന് അവന് ആഗ്രഹമുണ്ട്. എന്നാൽ‌ അവളെ ‘ഇംപ്രെസ്’ ചെയ്ത് വീഴ്ത്താനുള്ള കഴിവൊന്നും അവനില്ല. അതുള്ളവരൊക്കെ അതിനു ശ്രമിക്കുന്നുണ്ടെങ്കിലും അവൾ വീഴുന്നുമില്ല. അതിനിടയ്ക്കാണ് സൽഗുണ സമ്പന്നനായ ഒരു അധ്യാപകൻ അവരെ പഠിപ്പിക്കാനെത്തുന്നത്. കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയങ്കരനായ ആ സാറിനെ ജെയ്സണു മാത്രം പിടിച്ചില്ല. കാരണങ്ങൾ പലതാണ്. ഇതാണ് ഇൗ സിനിമയെ മുന്നോട്ടു നയിക്കുന്ന കഥാഗതി.

പ്ലസ് വൺ കാലഘട്ടം തുടങ്ങുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. നമുക്കു ചുറ്റുമുള്ള ഏതൊരു കുട്ടിയെയും പോലെ അടുക്കോടും ചിട്ടയോടും ജെയ്സൺ പ്ലസ് വൺ പഠനം ആരംഭിക്കുന്നു. ആദ്യ പകുതി ക്ലാസ് മുറികളിലെ തമാശകൾ കൊണ്ട് സമ്പന്നമാണ്. ജെയ്സണും കൂട്ടുകാരും ചേർന്നൊരുക്കുന്ന നർമരംഗങ്ങൾ പ്രേക്ഷകനെ ആകർഷിക്കും. വിനീത് ശ്രീനിവാസന്റെ വരവോടെ തമാശകളും വർധിക്കും.

thanneer-mathan-dinangal-review-3

പ്രണയവും രസകരമായ ചില പ്രതികാരങ്ങളും നിറഞ്ഞതാണ് രണ്ടാം പകുതി. സിനിമ ഇറങ്ങും മുമ്പു തന്നെ ഹിറ്റായ പാട്ടുകളും രണ്ടാം പകുതിയിലാണ്. ക്ലൈമാക്സിനു മുമ്പ് ഒരു അപ്രതീക്ഷിത ട്വിസ്റ്റ്. ‘സിനിമയിലുടനീളം ദുർബലനായ’ നായകന് ഒരു ഉണർവ് കിട്ടുന്നതും അപ്പോഴാണ്. കൗമാരക്കാരുടെ പ്രണയം പറയുന്ന സിനിമാക്കഥകൾ എങ്ങനെ, എവിടെ അവസാനിപ്പിക്കണമെന്നത് പലപ്പോഴും അതിന്റെ അണിയറക്കാരെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെങ്കിലും ഇവിടെ അതില്ല. വളരെ സുരക്ഷിതമായി, ആർക്കും പരുക്കില്ലാതെ സിനിമ അവസാനത്തിലേക്കു നീങ്ങുന്നു.

thanneer-mathan-dinangal-review-1

കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറി പ്രേക്ഷകരുടെ മനം കവർന്ന മാത്യു, ആദ്യ ചിത്രത്തിലെ സ്വാഭാവിക അഭിനയം തന്നെ രണ്ടാം ചിത്രത്തിലും കാഴ്ചവയ്ക്കുന്നു. കീർത്തിയായി എത്തിയ അനശ്വരയും മാത്യുവും ഒരുമിച്ചുള്ള രംഗങ്ങൾ സിനിമയെ ഏറെ ആകർഷകമാക്കി. വിനീത് ശ്രീനിവാസന്റെ അധ്യാപക കഥാപാത്രവും മികച്ചു നിന്നു. ജെയ്സന്റെ കൂട്ടുകാരുടെ കഥാപാത്രങ്ങൾ ചെയ്ത പുതുമുഖ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി.

നവാഗത സംവിധായകനായ ഗിരീഷ് എ.ഡി. ആദ്യ ചിത്രം മികച്ചതാക്കി. താരപ്രഭാവമില്ലെങ്കിലും തന്റെ സിനിമയിലൂടെ സാധാരണക്കാരുമായി സംവദിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്. ഡിന‌ോയ്ക്കൊപ്പം ചേർന്ന് എഴുതിയ തിരക്കഥയും നല്ലതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച വിനോദ് ഇല്ലമ്പള്ളിയും ജോമോൻ ടി. ജോണും സിനിമയെ അതിമനോഹരമായി കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിങ് നിർവഹിച്ച ഷമീർ മുഹമ്മദും സംഗീതം നിർവഹിച്ച ജസ്റ്റിൻ വർഗീസും സിനിമയ്ക്കു യോജിച്ച രീതിയിൽ തങ്ങളുടെ മേഖലകളിൽ പ്രവർത്തിച്ചു.

ഒറ്റ നോട്ടത്തിൽ ഏറെ മധുരിക്കുന്നതാണ് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമ. താരപ്പകിട്ടോ മാസ് മസാലയോ ഇല്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട ഘടകങ്ങൾ ഇൗ സിനിമയിലുണ്ട്. ചെറുസിനിമകൾ വലിയ വിജയങ്ങളാകുന്നത് ട്രെൻഡാകുന്ന ഇക്കാലത്ത് തണ്ണീർമത്തനും അത് ആവർത്തിക്കുമെന്നു വേണം കരുതാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA