ADVERTISEMENT

പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് ഈസ്റ്റ്കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. പേര് പോലെ തന്നെ പുതുതലമുറയിലെ പ്രണയബന്ധങ്ങളുടെ അർഥതലങ്ങളും കുടുംബബന്ധങ്ങളുടെ മൂല്യവും ചിത്രം പറഞ്ഞുവയ്ക്കുന്നു. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം വിനയൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെ കഥ പറയുന്നു.

 

Chila NewGen Nattu Visheshangal | Official Trailer | East Coast Vijayan

അനാഥനാണ് വിനയൻ. തന്നേക്കാള്‍ ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള പെൺകുട്ടിയുമായി വിനയൻ പ്രണയത്തിലാണ്. സ്വന്തമായി വരുമാനം പോലുമില്ലാത്ത വിനയനെ തന്റെ മകൾക്കു കല്യാണം കഴിച്ചുകൊടുക്കാൻ അവളുടെ അച്ഛൻ തയാറല്ല. തന്റെ മകളിൽ നിന്നും എന്നെന്നേക്കുമായി അകലാൻ ആ അച്ഛന്‍ വിനയനു മുന്നിൽ ചില നിബന്ധനകൾ വയ്ക്കുന്നു. ആ നിബന്ധനകളുടെ ലക്ഷ്യത്തിലെത്തുന്നതിനായി അയാൾ കടന്നുപോവുന്ന അനുഭവ ഘട്ടങ്ങളുമാണ് ചിരിയുടെ രസക്കൂട്ടിൽ സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

 

പുതുമുഖ നായകനായ അഖിലും നായികമാരായ ശിവകാമിയും സോനുവും ചിത്രത്തിൽ നിറഞ്ഞുനില്‍ക്കുന്നു. കോമഡിയുടെ കാര്യത്തിൽ സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനുമാണ് മുന്നിൽ. ഉപനായകനായി വേഷമിട്ടിരിക്കുന്നത് വിനയ് വിജയനാണ്. വിഷ്ണുപ്രിയ അതിഥി വേഷത്തിൽ എത്തുന്നു. നെടുമുടി വേണു, ദിനേശ് പണിക്കർ, ജയകൃഷ്ണൻ, നോബി, ബിജുക്കുട്ടൻ, സാജു കൊടിയൻ, കൊല്ലം ഷാ, മണികണ്ഠൻ, ഹരിമേനോൻ, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി തുടങ്ങിയവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

 

മനോഹരമായ ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. എം.ജയചന്ദ്രന്റെ ഈണത്തില്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍ , ശ്രേയ ഘോഷല്‍, എം.ജി.ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മൂന്ന് പാട്ടുകൾ സന്തോഷ് വർമയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിർവഹിച്ചിരിക്കുന്നു.

 

നവാഗതരെ പ്രധാനകഥാപാത്രങ്ങളാക്കി ഇങ്ങനെയൊരു കുടുംബചിത്രം നിർമിക്കാൻ തയാറായ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. രണ്ടര മണിക്കൂർ ആണ് ചിത്രത്തിന്റെ ദൈർഘ്യം. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com