ADVERTISEMENT

മലയാളസിനിമ ക്യാംപസുകളിൽ നിന്നും സ്‌കൂളുകളിലേക്ക് ക്യാമറ തിരിച്ചിരിക്കുകയാണ് എന്നുതോന്നുന്നു. ഈ വർഷമിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ കൗമാരപ്രണയമാണ് പ്രധാന വിഷയം. ആ കൂട്ടത്തിലേക്കുള്ള  പുതിയ എൻട്രിയാണ് ഓർമയിൽ ഒരു ശിശിരം. നവാഗതനായ വിവേക് ആര്യൻ സംവിധാനം ചെയ്ത ചിത്രം, മനുഷ്യജീവിതത്തിലെ രണ്ടു ഋതുക്കളിലൂടെ പറഞ്ഞു പോകുന്ന പ്രണയകഥയാണ്. തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ ദീപക് പറമ്പോൽ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പുതുമുഖം അനശ്വര പൊന്നമ്പത്ത് ആണ് നായിക. ഇർഷാദ്, അശോകൻ, മാല പാർവതി, സുധീർ കരമന, അലൻസിയർ, സിജോയ് വർഗീസ്, ബേസിൽ ജോസഫ്  തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.  ഛായാഗ്രഹണം അരുൺ ജെയിംസ്, പശ്ചാത്തലസംഗീതം രഞ്ജിൻ രാജ്.

Ormayil Oru Shishiram Official Trailer | Deepak Parambol | Vivek Aryan | MAQTRO Pictures

 

നിതിന്റെയും വർഷയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. നിതിൻ ഇന്ന് യുവാവാണ്. തന്റെയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ പടിക്കൽ നിൽക്കുകയാണ്. ആ സമയത്ത് അപ്രതീക്ഷിതമായി അയാളിലേക്ക് കൗമാരകാല പ്രണയിനിയുടെ ഓർമ്മകൾ വന്നുചേരുന്നു. അതയാളെ പോയകാലത്തിലേക്ക് തിരിച്ചുനടത്തുന്നു. പ്ലസ്‌ടു കാലയളവിലെ സ്‌കൂൾജീവിതവും പ്രണയവും കുസൃതികളും പിന്നീട് കഥാപശ്ചാത്തലമാകുന്നു. ഓർമകൾക്കൊടുവിൽ പഴയ പ്രണയിനിയെ അയാൾ കണ്ടുമുട്ടുന്നു. അവർ ഒന്നിക്കുമോ ഇല്ലയോ എന്ന കാഴ്ചക്കാരുടെ ആകാംക്ഷയ്ക്കുള്ള ഉത്തരങ്ങളിലൂടെ ചിത്രം പരിസമാപ്തിയിലെത്തുന്നു.

 

സഹനടനിൽ നിന്നും നായകനിലേക്കുള്ള മാറ്റം ദീപക് പറമ്പോൽ ഭദ്രമാക്കുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രമായി ശരീരഭാഷയിലും മാറാൻ ദീപക്കിന് കഴിയുന്നുണ്ട്. പുതുമുഖം അനശ്വരയും പക്വതയുള്ള പ്രകടനത്തിലൂടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. സംവിധായകൻ ബേസിൽ ജോസഫും ചിത്രത്തിൽ നർമം നിറയ്ക്കുന്ന ഒരു കഥാപാത്രമായി എത്തുന്നുണ്ട്. രണ്ടായിരാമാണ്ടിന്റെ ആദ്യ പകുതിയാണ് കഥയിലേറെയും നടക്കുന്നത്. ആ കാലത്തെ ജീവിതം സൂക്ഷ്മമായി പുനർസൃഷ്ടിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.  പശ്ചാത്തലസംഗീതം, ഗാനങ്ങൾ, ഛായാഗ്രഹണം എന്നിവ നിലവാരം പുലർത്തുന്നു. 

 

വലിയ ബൗദ്ധിക വ്യായാമമോ സന്ദേശമോ ഒന്നും ചിത്രം നൽകാൻ മെനക്കെടുന്നില്ല എന്നതിനാൽ ഇഴകീറി മുറിച്ചുള്ള നിരൂപണത്തിനും അധികം പ്രസക്തിയില്ല. പ്രണയിച്ചവർക്ക്, പ്രണയിക്കുന്നവർക്ക്, നഷ്ട പ്രണയം വിങ്ങലായി മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് ചിത്രം ഓർമകളിലേക്കുള്ള തിരിച്ചുപോക്കാകുമെന്നുറപ്പ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com