ADVERTISEMENT

മലയാളത്തിൽ അടുത്തിടെയായി റിയലിസ്റ്റിക്ക് സിനിമകളുടെ പെരുമഴക്കാലമാണ്. മീശ പിരിയും മാസ് ഡയലോഗുകളും ആക്‌ഷനുമൊക്കെ നിറഞ്ഞ പൊലീസ് സിനിമകൾ തന്നിരുന്ന രോമാഞ്ചം മലയാളി പ്രേക്ഷകർ മറന്നു തുടങ്ങിയിരുന്നു. മാസെന്നും മസാലയെന്നും കേട്ടാൽ നെറ്റി ചുളിയ്ക്കുന്ന ന്യൂ ജനറേഷനെ തീയറ്ററിൽ കയ്യടിപ്പിക്കാനും വിസിലടിപ്പിക്കാനും എഴുന്നേറ്റു നിന്ന് ആരവം മുഴക്കാനും അവസരമൊരുക്കുന്ന ചിത്രമാണ് കൽക്കി. 

Kalki Official Trailer | Tovino Thomas | Samyuktha Menon | Praveen Prabharam | Jakes Bejoy

 

നഞ്ചങ്കോട്ട എന്ന സാങ്കൽപിക ഗ്രാമം. അവിടുത്തെ രാജാക്കന്മാരായി വിലസുന്ന അമറും അപ്പുവും സംഗീതയും. പൊലീസുകാർക്ക് പുല്ലുവില പോലും കൽപിക്കാത്ത ഇവർക്കിടയിലേക്ക് പുതിയൊരു എസ്.ഐ എത്തുന്നു. കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന പോലെ എതിരാളികളെ കൈകാര്യം ചെയ്യുന്ന ഇൗ എസ്.ഐ നഞ്ചങ്കോട്ടയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

kalki-movie-review-1

 

മാസും ആക്‌ഷനും ഒരേപോലെ നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. അധികമായാൽ മാസും മടുക്കുമെന്ന് പല സിനിമകളും നേരത്തെ തെളിയിച്ചിട്ടുള്ളതാണെങ്കിലും കൽക്കിയിൽ ഇത്തരത്തിൽ അനാവശ്യ മാസ് ഇല്ല. നായകന്റെ ഇൻട്രോ രംഗം മുതലിങ്ങോട്ടുള്ള പല സീനുകളും ഇതു വരെ കണ്ടിട്ടുള്ള മാസ്‌ സിനിമകളുടെ രീതിയിലല്ല പോകുന്നത്. ഇത്തരം സിനിമകളിൽ ക്ലീഷെ രംഗങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും അതിൽ പോലും ഒരു വ്യത്യസ്തത കൊണ്ടു വരാൻ കൽക്കിയുടെ അണിയറക്കാർക്ക് കഴിഞ്ഞു. ഇന്റർവെല്ലിനു തൊട്ടുമുമ്പുള്ള സീനൊക്കെ തീയറ്ററിൽ വലിയ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. 

kalki-teaser

 

ആദ്യ പകുതിയെ അപേക്ഷിച്ചു നോക്കിയാൽ മാസ് രംഗങ്ങൾ രണ്ടാം പകുതിയിൽ കുറവാണ്. ‌ആക്‌ഷനൊപ്പം ഗൗരവകരമായ കഥയും രാഷ്ട്രീയവും പറഞ്ഞു പോകുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയിലെ ആവേശ രംഗങ്ങളിൽ കുറച്ച് രണ്ടാം പകുതിയിലേക്ക് കൂടി മാറ്റി വച്ചിരുന്നെങ്കിൽ ഇൗ തുല്യതയില്ലായ്മ അനുഭവപ്പെടില്ലായിരുന്നു. ക്ലൈമാക്സിലെ ആക്‌ഷൻ രംഗങ്ങൾ പ്രേക്ഷകരെ ആകർഷിക്കുമെങ്കിലും സി.ജി രംഗങ്ങൾ കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു. 

 

തന്റെ ആദ്യ മാസ് ചിത്രം ടൊവീനോ തോമസ് മികച്ചതാക്കി. ടൊവീനോയുടെ ലുക്കും ശരീരവും ശക്തനായ ഒരു നായകന്റെ പാത്രസൃഷ്ടിക്കായി അണിയറക്കാർ നന്നായി ഉപയോഗിച്ചപ്പോൾ പശ്ചാത്തല സംഗീതം സിനിമയ്ക്കും ആ കഥാപാത്രത്തിനും കൂടുതൽ കരുത്തു പകരുന്നതായി. വില്ലൻ കഥാപാത്രങ്ങൾ ശക്തമാകും തോറും നായകകഥാപാത്രവും കരുത്താർജിക്കാറാണ് പതിവ്. കൽക്കിയിലെ പ്രധാന വില്ലനായ അമർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശിവജിത്ത് തന്റെ റോൾ അതിമനോഹരമാക്കി. കരുത്തുറ്റ ശരീരത്തിനൊപ്പം മികച്ച ഡയലോഗ് ഡെലിവറി കൂടി ചേർന്നപ്പോൾ അമർ ടൊവീനോയേക്കാൾ പല രംഗങ്ങളിലും ഒരു പടി മുന്നിൽ നിന്നു. നെഗറ്റീവ് റോളിലെത്തിയ മുൻനിര നായികയായ സംയുക്ത മേനോന്റെ തിരഞ്ഞെടുപ്പിന് അഭിനന്ദനങ്ങൾ. വിനി വിശ്വലാൽ, സുധീഷ്, സൈജു കുറുപ്പ്, അപർണ നായർ തുടങ്ങിയ മറ്റു താരങ്ങളും സിനിമയോട് നൂറു ശതമാനം നീതി പുലർത്തി. 

 

എല്ലാവരും റിയലിസ്റ്റിക്ക് സിനിമകളുടെ പിന്നാലെ പോകുന്ന ഇക്കാലത്ത് ഒരു മാസ് മസാലാ സിനിമയൊരുക്കാൻ ധൈര്യം കാണിച്ച പ്രവീൺ പ്രഭാറാം അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഒരുപാട് ചോദ്യം ചെയ്യാത്ത എന്നാൽ അവനെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന മാസ് രംഗങ്ങൾ മികച്ച രീതിയിൽ ഒരുക്കാൻ അദ്ദേഹത്തിനായി. ഗൗതം ശങ്കറിന്റെ ഛായാഗ്രഹണം മികച്ചു നിന്നപ്പോൾ ജെയ്ക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതായി. 

 

പൊടി പാറുന്ന ഒരു ആക്‌ഷൻ ചിത്രമെന്ന് കൽക്കിയെ ഒരു വരിയിൽ വിശേഷിപ്പിക്കാം. അടിയും ഇടിയും പഞ്ച് ഡയലോഗും നിറഞ്ഞ ഒരുഗ്രൻ വെടിക്കെട്ടാണ് ഇൗ സിനിമ. തമിഴിലെയും തെലുങ്കിലെയും മാസ് കണ്ട് കയ്യടിക്കുന്നവർക്കും പണ്ടു കാലത്തെ സുരേഷ് ഗോപി സിനിമകൾ കണ്ട് അന്നും ഇന്നും രോമാഞ്ചം കൊള്ളുന്നവർക്കും ഇൗ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com