sections
MORE

നിലാവായി പിന്തുടരും ഈ ‘അമ്പിളി’; റിവ്യു

ambili-movie-review
SHARE

ഹൃദയത്തിൽ ഒരുപാട് സ്നേഹമുള്ളവരെല്ലാം അൽപം ഭ്രാന്തന്മാരാണ്...

നിസ്വാർത്ഥവും നിഷ്കളങ്കവുമായ സ്നേഹത്തിന്റെ കഥയാണ് അമ്പിളി പറയുന്നത്. വാഹനങ്ങളിൽ രാത്രി യാത്ര ചെയ്യുമ്പോൾ അമ്പിളിമാമനും നിലാവ് പൊഴിച്ച് പിന്നാലെ വരുന്നത് കണ്ടിട്ടില്ലേ! അതുപോലെ ജീവിതത്തിലും  സ്നേഹനിലാവായി പിന്തുടരുന്ന ചില മനുഷ്യരുടെ കഥയാണ് ചിത്രം. തിയറ്ററുകൾക്ക് പുറത്ത് വലിയ പ്രേക്ഷകസ്വീകാര്യത നേടിയ 'ഗപ്പി'ക്കു ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രം എന്നതാണ് അമ്പിളിയുടെ വലിയൊരു ഹൈലൈറ്റ്.  'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയ്ക്ക് ശേഷം ലക്ഷണമൊത്ത മറ്റൊരു റോഡ് മൂവി അനുഭവം കൂടി അമ്പിളിയിലൂടെ ലഭിക്കുന്നു.

ambili-movie

സൗബിൻ ഷാഹിർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നസ്രിയയുടെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  പുതുമുഖമായ തൻവി റാമാണ് നായിക.  ജാഫർ ഇടുക്കി, സൂരജ് തേലക്കാട്, വെട്ടുക്കിളി പ്രകാശ്  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. വിഷ്ണു വിജയ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധൻ.

പ്രമേയം...

ഇടുക്കിയിലെ ഒരു കുഗ്രാമത്തിലാണ് ഒറ്റബുദ്ധിയായ അമ്പിളിയുടെ വീട്. കാശ്മീരിലായിരുന്നു അമ്പിളിയുടെ കുട്ടിക്കാലം. അച്ഛൻ സൈനികനായിരുന്നു. അച്ഛനും അമ്മയും മരിച്ച ശേഷമാണ് അമ്പിളി നാട്ടിലെത്തുന്നത്. ചെറിയ കുട്ടികളുമൊത്ത് കളിച്ചു നടക്കലാണ് വിനോദം. നിഷ്കളങ്കനായ അമ്പിളിയെ നാട്ടുകാർ പതിവായി പറ്റിക്കുന്നുമുണ്ട്. അമ്പിളിക്ക് ആകെയുള്ള മാനസിക പിന്തുണ ബാല്യകാലസഖിയായ ടീനയാണ്. 

naveen-nazim-ambili

തന്റെ ബാല്യകാല സുഹൃത്തും ദേശീയ സൈക്ലിങ് ചാംപ്യനുമായ ബോബിക്ക് അമ്പിളിയും കൂട്ടരും നാട്ടിൽ സ്വീകരണമൊരുക്കുന്നതിൽ നിന്നാണ് കഥ വികസിക്കുന്നത്. ജനിച്ചുവളർന്ന കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര പോകുന്ന ബോബിയെ അമ്പിളിയും പിന്തുടരുന്നു. പിന്നീടുള്ള യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളും തിരിച്ചറിവുകളുമാണ് ചിത്രം ഹൃദ്യമായി അവതരിപ്പിക്കുന്നത്. ലോകത്തെവിടെയും ഭാഷയില്ലാത്ത ഒരേയൊരു വികാരം സ്നേഹമാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു.

അഭിനയം...

ഒരു നടൻ എന്ന നിലയിൽ സൗബിന്റെ റേഞ്ച് ഓരോ സിനിമകൾ കഴിയുംതോറും ഉയരുകയാണ് എന്ന് അമ്പിളി സാക്ഷ്യപ്പെടുത്തുന്നു. കുമ്പളങ്ങിയിലെ സജിയുടെയോ വൈറസിലെ ഉണ്ണിക്കൃഷ്ണന്റെയോ യാതൊരു സാമ്യതകളും അവശേഷിപ്പിക്കാതെ, ശബ്ദത്തിലും മാനറിസത്തിലുമൊക്കെ വ്യത്യസ്തത നൽകി അമ്പിളിയിലേക്ക് ഇഴുകിച്ചേരാൻ സൗബിന് കഴിയുന്നു.  പുതുമുഖമായിട്ടും നവീൻ നസീം ഇരുത്തം വന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കായികക്ഷമത ഏറെ വേണ്ട കഥാപാത്രത്തോട് നവീൻ നീതി പുലർത്തുന്നുണ്ട്. പുതുമുഖം തൻവിയും ചെറിയ റോൾ ഭദ്രമാക്കുന്നു.

soubin ambili

സാങ്കേതിക വശങ്ങൾ...

മികച്ച ചിത്രം ആയിരുന്നിട്ടു കൂടി ഗപ്പി തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിനാൽ ഏറെ തയാറെടുപ്പുകളും ഗൃഹപാഠവും ചെയ്താണ് ജോൺ പോൾ രണ്ടാമത്തെ ചിത്രം ഒരുക്കിയത് എന്ന് കാഴ്ചയിൽ വ്യക്തമാണ്. കഥ പറയുന്നതിലെ ജോണിന്റെ  മികവ് അമ്പിളിയിലും പ്രകടമാണ്. ഇന്ത്യയുടെ ഭൂവൈവിധ്യം, മനുഷ്യർ, സംസ്കാരം, ജീവിതം എന്നിവയിലൂടെയുള്ള യാത്ര മനോഹരമായി ഒപ്പിയെടുക്കുന്ന ചായാഗ്രഹണവും കൂടെ സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തുന്നു. ചിത്രത്തിലെ 'ഞാൻ ജാക്സണല്ലടാ' എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഒറ്റ ടേക്കിലെടുത്ത സൗബിന്റെ നൃത്തവും ശ്രദ്ധ പിടിച്ചു പറ്റി. മറ്റ് ഗാനങ്ങളും ഒന്നിനൊന്നു മികച്ചുനിൽക്കുന്നു.

രത്നച്ചുരുക്കം...

ഭൂമിയിൽ നിന്നും അകറ്റപ്പെട്ട് നിൽക്കുമ്പോഴും ചന്ദ്രൻ ഭൂമിക്കായി നിലാവ് പൊഴിക്കുന്നു. അതുപോലെ അകറ്റി നിർത്തപ്പെടുമ്പോഴും നിസ്വാർത്ഥമായി സ്നേഹം ചൊരിയുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ടാകും. അവരെ സമൂഹം മന്ദബുദ്ധികളെന്നും ഭ്രാന്തന്മാർ എന്നും വിളിച്ചേക്കാം. പക്ഷേ അവർ അതൊന്നും വകവയ്ക്കാതെ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.. തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും തിരിച്ചറിവിലേക്ക് നയിക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.  ഓരോ യാത്രകളും തിരിച്ചറിവിലേക്കുള്ള അനുഭവങ്ങളുടെ ഘോഷയാത്രയാണെന്നു ചിത്രം അടിവരയിടുന്നു.

രണ്ടു മണിക്കൂർ 20 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.  ഒരു ചെറിയ പ്രമേയം ചലച്ചിത്രവത്കരിക്കുമ്പോൾ ഉണ്ടാകാവുന്ന ഇഴച്ചിൽ ചിത്രത്തിലും പ്രകടമാണ്. എങ്കിലും അത് അവഗണിക്കാവുന്നതേയുള്ളൂ.  മാസ് രംഗങ്ങളോ ട്വിസ്റ്റുകളോ ഒന്നും ചിത്രത്തിലില്ല. എങ്കിലും ചിത്രം പ്രേക്ഷകരെ രസിപ്പിക്കും എന്നുതീർച്ച. ചുരുക്കത്തിൽ ഫീൽ ഗുഡ് ചിത്രങ്ങളുടെ പട്ടികയിലേക്ക് സ്ഥാനം ഉറപ്പിക്കുകയാണ് അമ്പിളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA