sections
MORE

കളർഫുൾ ലവ്, ചിയർഫുൾ ഡ്രാമ; റിവ്യു

love-action-drama-review
SHARE

നിവിൻ പോളിയുടെ ജനപ്രിയ വേഷത്തിലേക്കുള്ള മടങ്ങി വരവ്, ആരെയും പിടിച്ചിരുത്തുന്ന നയൻതാരയുടെ നായികാ കഥാപാത്രം, മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള ‘ശ്രീനിവാസൻ ത്രയങ്ങൾ’, ഒപ്പം ഷാൻ റഹ്മാന്റെ പാട്ടും ജോമോൻ ടി. ജോണിന്റെ ദൃശ്യങ്ങളും. ഒരു സാധാരണ പ്രേക്ഷകന് രണ്ടാമതൊന്ന് ആലോചിക്കാതെ ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രത്തിന് ടിക്കറ്റെടുക്കാൻ ഇത്ര മതി.  

കൈ നിറയെ പണമുള്ള എന്നാൽ പേരിനു പോലും ഒരു ജോലി ഇല്ലാത്ത ദിനേശൻ. ആവശ്യത്തിലധികം സൗന്ദര്യവും സ്വന്തമായി ബിനിസസ്സും പണവുമുള്ള ശോഭ. യാദൃച്ഛികമായി ഇവർ തമ്മിൽ പരിചയപ്പെടുന്നു, തുടർന്ന് പ്രണയത്തിലാകുന്നു. പറയത്തക്ക കുറവുകളൊന്നുമില്ലാത്ത ശോഭ എന്തിന് ഒരുപാട് ദുശ്ശീലങ്ങളുള്ള ദിനേശനെ സ്നേഹിക്കണം ? ആ കഥയാണ്  ഇൗ സിനിമ പറയുന്നത്. 

Love Action Drama | Official Teaser | Nivin Pauly, Nayanthara | Dhyan Sreenivasan | Shaan Rahman |HD

നിവിൻ തന്റെ സെയ്ഫ് സോണിലേക്ക് മടങ്ങി വരുന്നുവെന്നാണ് ഇൗ ചിത്രം അനൗൺസ് ചെയ്ത കാലം മുതൽ ആരാധകർ പറഞ്ഞിരുന്നത്. അത് ഏതാണ്ട് ശരി വയ്ക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യ പകുതി. പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും പ്രണയവും കളർഫുൾ രംഗങ്ങളും ചേരുന്നതാണ് ആദ്യ ഭാഗം. ലവ് ആക്‌ഷൻ ഡ്രാമ പോലൊരു ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നൽകാൻ ആദ്യ പകുതിക്ക് സാധിക്കുന്നുമുണ്ട്.

പ്രണയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ആദ്യ ഭാഗത്തിലേതു പോലെ തമാശയുടെ അതിപ്രസരം ഇവിടെ കാണാനാകില്ല. തൊണ്ണൂറുകളിലിറങ്ങിയ ചില പ്രണയ സിനിമകളിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന ചില ഉഡായിപ്പുകളുമായി നിവിനും നായകനെ കുഴിയിൽ ചാടിക്കുന്ന സന്തതസഹചാരിയായി അജുവും നിറഞ്ഞു നിൽക്കുന്നു. വലിയ ട്വിസ്റ്റോ ത്രില്ലോ ഇല്ലാത്ത തീർത്തും സാധാരണമായ ക്ലൈമാക്സാണ് ചിത്രത്തിന്റേതെങ്കിലും  പ്രേക്ഷകനെ മടുപ്പിക്കുന്നതല്ല അത്. 

ദിനേശനെന്ന കഥാപാത്രമായി നിവിൻ‌ പോളി മികച്ചു നിന്നു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് താരത്തിന്റെ ഇത്തരത്തിലുള്ള ഒരു കഥാപാത്രം പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത് തെന്നിന്ത്യയുടെ പ്രിയതാരം നയൻതാരയാണ്. നയൻസിന്റെ സ്ക്രീൻ പ്രസൻസാണ് പല ഘട്ടങ്ങളിലും ചിത്രത്തെ രക്ഷിക്കുന്നതും. മല്ലികാ സുകുമാരൻ, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ താരനിരയും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. 

love-action-drama-review-5

ധ്യാൻ ശ്രീനിവാസൻ സംവിധായകനായുള്ള തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ഷാൻ റഹ്മാനും ഛായാഗ്രഹണം കൈകാര്യം ചെയ്ത ജോമോൻ ടി. ജോണും സിനിമയോടു നീതി പുലർത്തി. നിവിൻ–അജു–വിനീത്–ധ്യാൻ–ഷാൻ ടീമിന്റെ ‘വൈബ്’ ചിത്രത്തിലുടനീളം പ്രകടമാണ്.

love-action-drama-movie-review-2

പേരു പോലെ തന്നെ പ്രണയവും നാടകീയതയും കൂടിച്ചേർന്ന സിനിമയാണ് ലവ് ആക്‌ഷൻ ഡ്രാമ. യുവത്വത്തിന്റെ പൾസ് തിരിച്ചറിഞ്ഞു കൊണ്ടുള്ള മെയ്ക്കിങ് ശൈലി ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രം  പുതുതലമുറയെ ആകർഷിക്കും. മലയാളികൾ എന്നും കൈ നീട്ടി സ്വീകരിച്ചിട്ടുള്ള റൊമാന്റിക്ക് കോമഡി എന്റെർടെയിനർ ഗണത്തിൽ പെടുത്താം ഇൗ സിനിമയെയും. 

     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA