ADVERTISEMENT

കുട്ടി – പെട്ടി – മമ്മൂട്ടി എന്നതായിരുന്നു ഒരു കാലത്ത് മമ്മൂട്ടി സിനിമകളുടെ ഫോർമുല. അതു പോലെ കോട്ട് – ഇരുട്ട് – പൃഥ്വി എന്നതായിരുന്നു അടുത്ത കാലത്ത് ഇറങ്ങിയ മിക്ക പൃഥ്വിരാജ് സിനിമകളുടെയും സമവാക്യം. ആ ഇരുട്ടിൽ നിന്നും കോട്ടിൽ നിന്നും പൃഥ്വിയെ മോചിപ്പിച്ച് പച്ചയായ മനുഷ്യനാക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ.

കേറ്ററിങ് തോഴിലാളിയാണ് റോണി എന്ന പൃഥ്വിരാജിന്റെ കഥാപാത്രം. റോണിയുടെ ജീവിതത്തെ പല രീതിയിൽ നാലു സ്ത്രീ കഥാപാത്രങ്ങൾ സ്വാധീനിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡി ഡ്രാമയായി ആരംഭിക്കുന്ന ചിത്രം പിന്നീട് ഒരു ഫാമിലി ഡ്രാമയും ത്രില്ലറുമായി രൂപാന്തരം പ്രാപിക്കുന്നു.

Brother's Day Official Trailer | Prithviraj Sukumaran | Kalabhavan Shajohn | Magic Frames

നേരത്തെ പറഞ്ഞ ഇരുട്ടിൽ നിന്നുള്ള പൃഥ്വിരാജിന്റെ മോചനം ആഘോഷിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. കാലങ്ങൾ കൂടിയാകും പൃഥ്വി ഒരു സിനിമയിൽ ഇത്രയേറെ ചിരിക്കുന്നതും ചിരിപ്പിക്കുന്നതും പ്രേക്ഷകർ കാണുന്നത്. കോമഡി വഴങ്ങാൻ ബുദ്ധിമുട്ടാണ് എന്ന ചീത്തപ്പേര് ഒരുപാട് കേട്ടിട്ടുള്ള പൃഥ്വി പക്ഷേ അനായാസമായാണ് ഇൗ സിനിമയിൽ ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പൃഥ്വിയെ അയലത്തെ വീട്ടിലെ പയ്യനായി കുറെ കാലങ്ങൾക്കു ശേഷം കാണുന്നതിന്റെ പുതുമയും പ്രേക്ഷകന് അനുഭവപ്പെടും.

ആദ്യ പകുതിയിലെ തമാശരംഗങ്ങളിൽ നിന്ന് ഒരു ഫാമിലി ഡ്രാമയായി രണ്ടാം പകുതിയിൽ ചിത്രം മാറുന്നു. ചില ദുരൂഹ സംഭവങ്ങൾക്കു പിന്നിലെ ചുരുൾ അഴിയുന്നതോടെ ചിതം ഒരു ത്രില്ലറായി പരിണമിക്കുന്നു. സഹോദരീ–സഹോദര ബന്ധവും അച്ഛൻ–മകൾ ബന്ധവുമൊക്കെ ഒരുപാട് ചർച്ച ചെയ്യുന്നുണ്ട് ചിത്രം. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ക്ലൈമാക്സാണ് ചിത്രത്തിന്റേതെങ്കിലും അഭിനേതാക്കളുടെ പ്രകടനം ആ പോരായ്മയെ മറികടക്കുന്നുണ്ട്.

brothers-day-teaser

കാലങ്ങൾക്ക് ശേഷം തനിക്ക് ലഭിച്ച ‘ജനപ്രിയ കഥാപാത്രത്തെ’ പൃഥ്വി മികച്ചതാക്കി. ഹാസ്യരംഗങ്ങളിലും മറ്റും ധർമജനെയും വിജയരാഘവനെയും കോട്ടയം നസീറിനെയും കടത്തി വെട്ടുന്ന പ്രകടനം അദ്ദേഹം കാഴ്ച വച്ചു. നായികമാരായ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർ‌ട്ടിൻ, മഡോണ, മിയ എന്നിവർ മികച്ചു നിന്നു. സംവിധായകൻ കലാഭവൻ ഷാജോൺ തന്റെ അരങ്ങേറ്റം മികച്ചതാക്കി. കച്ചവട ചേരുവകൾ ആവോളമുള്ള തിരക്കഥ ഒരുക്കുന്നതിലും അദ്ദേഹം വിജയിച്ചു.

പൃഥ്വിരാജ് എന്ന നടന്റെ ജനപ്രിയ സിനിമകളിലേക്കുള്ള തിരിച്ചുവരവാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് എന്ന താരം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും. അദ്ദേഹത്തിനൊപ്പം നാലു നായികമാരും ആട്ടവും പാട്ടും തമാശയും ചേരുമ്പോൾ ഒരു ക്ലീൻ ഒാണം എന്റെർടെയിനറായി ഇൗ ചിത്രം മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com