ADVERTISEMENT

മികച്ച കഥയും ഹൃദയഹാരിയായ അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രമാണ് ഫൈനൽസ്. ഒരു യഥാർഥ സംഭവത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം കഥ പറയുന്നത്. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു സൈക്കിളിങ് താരത്തെ കേന്ദ്രീകരിച്ചു കഥ പറയുന്ന ഫൈനൽസ് ഒരു സമ്പൂർണ സ്പോർട്സ് ചിത്രമാണ്. അതിനൊപ്പം മാംസ നിബദ്ധമല്ലാത്ത പ്രണയവും ചിത്രം ഹൃദ്യമായി കാണിച്ചുതരുന്നു.

നവാഗതനായ പി.ആർ. അരുൺ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നു. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, മണിയൻപിള്ള രാജു, മുത്തുമണി, സോനാ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

പ്രമേയം...

കട്ടപ്പനയിലെ ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന ആലീസ് എന്ന പെൺകുട്ടി കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി ഒരു ദേശീയ സൈക്കിളിങ് താരമായി. വരാനിരിക്കുന്ന ഒളിംപിക്‌സിൽ രാജ്യത്തിന്റെ സ്വർണപ്രതീക്ഷയായി നിൽക്കുമ്പോൾ അവളുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നു. അതിനെത്തുടർന്നുള്ള ദുരൂഹതകളും പോരാട്ടവും അതിജീവനവുമൊക്കെയാണ് ചിത്രം ഹൃദ്യമായി പറഞ്ഞുവയ്ക്കുന്നത്. ആലീസിനൊപ്പം വർഗീസ് എന്ന കായിക അധ്യാപകന്റെയും കഥയാണിത്. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ അയാൾ കരിയറിലും വ്യക്തിജീവിതത്തിലും നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുടെ കൂടി കഥ. കായിക താരങ്ങളുടെ കഷ്ടപ്പാടുകളും നമ്മുടെ കായിക മേഖലയുടെ ഭരണരംഗത്ത് നടക്കുന്ന അഴിമതിയും പുഴുക്കുത്തുകളും ചിത്രം തുറന്നു കാട്ടുന്നു.

Finals Official Teaser 2 | P R Arun | Rajisha Vijayan | Niranj | Suraj Venjaramoodu | Kailas Menon

അഭിനയം...

ആദ്യ പകുതി രജീഷയുടെ ആലീസിനെ കേന്ദ്രീകരിച്ചാണ്. രണ്ടാം പകുതിയിൽ നിരഞ്ജ് അവതരിപ്പിക്കുന്ന മാനുവലിന് പ്രാധാന്യം കൈവരുന്നു. കഥാപാത്രമായി മാറാൻ നടത്തുന്ന അധ്വാനം മുൻചിത്രങ്ങളിലെന്ന പോലെ ഫൈനൽസിലും രജീഷ പിന്തുടരുന്നു. മികച്ച കായികക്ഷമത ആവശ്യപ്പെടുന്ന റോൾ താരം മികച്ചതാക്കിയിട്ടുണ്ട്. ആലീസിന്റെയും മാനുവലിന്റെയും ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളും വേഷം ഭംഗിയാക്കിയിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂടാണ് വീണ്ടും വിസ്മയിപ്പിക്കുന്നത്. അതിവൈകാരികമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ സുരാജ് അവിസ്മരണീയമാക്കുന്നു. ഇതുവരെ അഭിനയിച്ച വേഷങ്ങളിൽനിന്നു കുറച്ചു കൂടി കാമ്പുള്ള കഥാപാത്രത്തെ നിരഞ്ജിനും ലഭിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് ഈ കഥാപാത്രമാണ്. മറ്റു താരങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കുന്നു.

rajisha-vijayan-3

സാങ്കേതികവശങ്ങൾ...

കാമ്പുള്ള കഥയും അഭിനയമുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ നട്ടെല്ല്. ആദ്യ സംവിധാന സംരംഭത്തിനായി അരുണ്‍ നന്നായി ഗൃഹപാഠം ചെയ്തതിന്റെ ഫലം ചിത്രത്തിൽ ദൃശ്യമാണ്. സുദീപാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചടുലമായ സൈക്കിളിങ് രംഗങ്ങളും ആകാശ ദൃശ്യങ്ങളുമൊക്കെ ചിത്രത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നുണ്ട്. പ്രേക്ഷകരിൽ ഉൾക്കിടിലം ജനിപ്പിച്ചു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. ഇതിന്റെ പിന്നിലെ സാങ്കേതികമികവും കയ്യടി അർഹിക്കുന്നു.

തീവണ്ടി എന്ന സിനിമയിലെ ‘ജീവാംശമായ്’എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങൾ ഓരോന്നും മികച്ചു നിൽക്കുന്നു. ഇഴ ചേർന്നു കിടക്കുന്ന കഥാഗതി ഭംഗിയാക്കുന്നതിൽ എഡിറ്റിങ്ങും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

finals-rajisha

രത്നച്ചുരുക്കം...

ഹൃദയത്തിൽ സുഖകരമായ ഒരു വിങ്ങൽ അവശേഷിപ്പിച്ചാണ് ഓരോ പ്രേക്ഷകനെയും ഫൈനൽസ് എന്ന ചിത്രം തിയറ്ററിൽനിന്നു മടക്കി അയക്കുന്നത്. ഓണത്തിനിറങ്ങിയ വമ്പൻ ആഘോഷ ചിത്രങ്ങളുടെ ഇടയിൽ, നല്ല സിനിമകളെ സ്നേഹിക്കുന്ന മലയാളികൾ ഈ ചിത്രം കാണാതെ പോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com