ADVERTISEMENT

‘ഡേവി‍ഡേട്ടാ കിങ്ഫിഷറുണ്ടോ?’ എന്ന ഡയലോഗ് സിനിമാപ്രേമിയായൊരു മലയാളി ഒരിക്കലും മറക്കാനിടയില്ല. തൂവാനത്തുമ്പികളിലെ തൃശൂർക്കാരൻ ജയകൃഷ്ണനായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ മോഹൻലാൽ വീണ്ടും തൃശൂർ ഭാഷ സംസാരിക്കുന്നുവെന്നു കേട്ടപ്പോൾ പ്രതീക്ഷകൾക്ക് അതിരില്ലാതായിരുന്നു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നില്ല. 

 

Ittymaani Made In China Official Trailer | Mohanlal | Jibi Joju | Aashirvad Cinemas

വർഷങ്ങള്‍ക്കു മുമ്പ് ചൈനയിലേക്ക് കുടിയേറിയ ഇട്ടിമാത്തന്റെ ഒറ്റ മകനാണ് മാണിക്കുന്നേൽ ഇട്ടിമാണി. ജനിച്ചതും വളർന്നതുമൊക്കെ ചൈനയിലാണെങ്കിലും അച്ഛന്റെ കാലശേഷം അമ്മയ്ക്കൊപ്പം തൃശൂർ കുന്നംകുളത്താണ് ഇപ്പോള്‍ കക്ഷിയുടെ താമസം. സ്വന്തം അമ്മയുടെ ഓപ്പറേഷനു പോലും ഡോക്ടര്‍മാരിൽനിന്നു കമ്മിഷൻ വാങ്ങുന്ന, വേണ്ടി വന്നാൽ അമ്മയുടെ കിഡ്നി വരെ വിറ്റു കാശാക്കാൻ പോന്ന വികൃതിക്കാരനാണ് ഇൗ ഇട്ടിമാണി. 

ittymaani-review

 

വ്യാജനു പേരു കേട്ട ‘ചൈന ഉപകരണങ്ങൾ’ പോലെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന പരിപാടിയാണ് ഇട്ടിമാണിക്ക്. അമ്മ തെയ്യാമ്മയും കൂട്ടുകാരായ സുഗുണനും സൈനുവും അയൽവീട്ടിലെ പ്ലാമൂട്ടിൽ അന്നമ്മയും അടങ്ങുന്നതാണ് ഇട്ടിമാണിയുടെ ലോകം. കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ഇട്ടിമാണി പെണ്ണുകെട്ടാൻ തീരുമാനിക്കുന്നു. എന്നാല്‍ ആ തീരുമാനം ആ നാടിനെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. ഇട്ടിമാണി കെട്ടാൻ പോകുന്ന പെണ്ണു തന്നെയാണ് നാട്ടുകാരെ അമ്പരപ്പിലാക്കിയത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ നേർക്കാഴ്ച കൂടി ഈ സിനിമ അവതരിപ്പിക്കുന്നു. 

ittymaani-teaser

 

കാശിനു വേണ്ടി ഇട്ടിമാണി കാട്ടിക്കൂട്ടുന്ന കുസൃതികളും കുഞ്ഞു തമാശകളുമാണ് ആദ്യപകുതി നിറയെ. പഞ്ച് ഡയലോഗും മുണ്ടു മടക്കിക്കുത്തുമൊന്നുമില്ലാതെ കോമഡി നമ്പറുകളുമായി മോഹൻലാൽ നിറഞ്ഞുനിൽക്കുന്ന ആദ്യപകുതി ഏറെ രസകരമാണ്. ഒരു ഫെസ്റ്റിവൽ മൂവിക്കു വേണ്ട ചേരുവകളൊക്ക കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് സമാസമം ചേർത്തിട്ടുണ്ട്. ഇടവേള വന്നുനിൽക്കുന്നത് ചിത്രത്തിലെ ഏറെ ഉദ്വേഗജനകമായ ഒരു നിമിഷത്തിലും. എന്നാൽ ആദ്യ പകുതിയിലെ ആവേശവും ചടുലതയും രണ്ടാം പകുതിയിൽ കുറയുന്നു.

 

കോമഡിയുടെ കാര്യത്തിൽ സിദ്ദിഖ്, അജു വർഗീസ്, സലിം കുമാർ, ഹരീഷ് കണാരന്‍, ധർമജൻ എന്നിവർ മത്സരിക്കുകയാണ്.  െകപിഎസി ലളിതയും മോഹൻലാലും ചേർന്നുള്ള ചൈനീസ് സംഭാഷണങ്ങൾ പൊട്ടിച്ചിരി പടർത്തും. നായികയായ ഹണി റോസിനും ഫ്ലാഷ്ബാക്ക് രംഗത്തിലെത്തുന്ന മാധുരിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ മടങ്ങിയെത്തിയ രാധിക ശരത്‌കുമാറും മികച്ചു നിൽക്കുന്നു. 

 

ശക്തമായ കഥാപാത്രത്തെ താങ്ങി നിർത്താനുള്ള കരുത്ത് ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഉണ്ടോ എന്ന് സംശയമാണ്. ദ്വയാർഥ സംഭാഷണങ്ങളും അൽപം കല്ലുകടിയാകുന്നു. തുടക്കക്കാരായ ജിബിയും ജോജുവും തങ്ങളുടെ ആദ്യ സംവിധാനസംരംഭം ഒട്ടും മോശമാക്കിയിട്ടില്ല. ഇവർ തന്നെയാണ് തിരക്കഥയും തയാറാക്കിയിരിക്കുന്നത്. സംഗീതം ശരാശരി നിലവാരം പുല‍ർത്തി. ഷാജി കുമാർ ആണ് ഛായാഗ്രഹണം.  

 

അമ്പലനടയിലും അനാഥാലയത്തിലും അമ്മമാരെ ഉപേക്ഷിച്ച് പണത്തിനു പുറകേ പോകുന്ന ആളുകൾ‌ക്കുള്ള സന്ദേശമാണ് ഇൗ ചിത്രം. അമിതപ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാല്‍ ഈ ആഘോഷ കാലത്ത് ഒരുതവണ ആസ്വദിച്ചു കാണാവുന്ന സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com