ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി രമേഷ‌് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ ചിരിയും ചിന്തയും അൽപം ഉദ്വേഗവും ചേർത്തൊരുക്കിയ എന്റർടെയ്നറാണ്. പഴയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് സദസ്സിനെ കൈയിലെടുക്കുന്ന കലാസദൻ ഉല്ലാസ് എന്ന ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. അഭിനയ ജീവിതത്തിൽ ഇതാദ്യമായാണ് മമ്മൂട്ടി ഒരു മുഴുനീള ഗാനമേള ഗായകനായി അഭിനയിക്കുന്നത്. 

   

രമേഷ‌് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, സിദ്ദീഖ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖം വന്ദിതയാണ് നായിക. 

 

പ്രമേയം

Ganagandharvan Official Trailer | Mammootty | Ramesh Pisharody

 

ganagandharvan-trailer

സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന കലാസദൻ എന്ന ട്രൂപ്പിലെ പ്രധാന പാട്ടുകാരിൽ ഒരാളാണ് ഉല്ലാസ്. തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരൻ. അയാളുടെ ജീവിതത്തിലേക്ക് ഗൂഢ ലക്ഷ്യങ്ങളുള്ള ഒരു സ്ത്രീ കടന്നുവരുന്നതോടെ കഥ മാറിമറിയുന്നു. താൻ പെട്ടുപോകുന്ന കുരുക്കുകൾ അഴിക്കാൻ ഉല്ലാസ് നടത്തുന്ന ശ്രമങ്ങളാണ് ഗാനഗന്ധർവൻ എന്ന ചിത്രം പറയുന്നത്.

 

ആദ്യ പകുതി തമാശ നിറച്ച് മുന്നോട്ടു പോകുമ്പോൾ രണ്ടാം പകുതി ഉദ്വേഗം നിറഞ്ഞതാണ്. ക്ലൈമാക്സിൽ ചെറിയ ട്വിസ്റ്റും സംവിധായകൻ കരുതിവച്ചിട്ടുണ്ട്. നിരുപദ്രവമെന്നു കരുതുന്ന ചെറിയ കള്ളങ്ങൾ വളർന്നു കള്ളങ്ങളുടെ ഒരു കോട്ടയായി കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നത് എങ്ങനെയെന്നു ചിത്രം പ്രതിപാദിക്കുന്നു. 

 

ganagandharvan-trailer

സമീപകാലത്തിറങ്ങിയ അന്യഭാഷാ ചിത്രങ്ങൾ, നാം കണ്ടുപരിചയിച്ച വില്ലൻ വേഷങ്ങൾക്ക് അപവാദമായി, കരുത്തുറ്റ പ്രതിനായികമാരെ കാണിച്ചു തരുന്നുണ്ട്. ബദ്‌ല, അന്ധാധുൻ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. അത്തരമൊരു ശ്രമം ഗാനഗന്ധർവനിലും കാണാം.

 

ചിത്രത്തിലെ ഏറ്റവും പ്രസക്തമായ കാര്യം, സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുന്നത് ചൂണ്ടിക്കാട്ടുന്നു എന്നതാണ്. നിയമത്തിനു മുന്നിൽ മിക്കപ്പോഴും സ്ത്രീ അബലയായ ഇരയും പുരുഷൻ വേട്ടക്കാരനുമായാണ് ചിത്രീകരിക്കപ്പെടുക. എന്നാൽ സത്യം എപ്പോഴും അങ്ങനെയാകണമെന്നില്ല എന്നു ചിത്രം പറയുന്നു. നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങളിൽ കാലോചിതമായി വരേണ്ട ചില മാറ്റങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഗാനഗന്ധർവനെ ആനുകാലികപ്രസക്തമാക്കുന്നത്.

 

അഭിനയം

 

മമ്മൂട്ടി എന്ന നടൻ സാധാരണക്കാരന്റെ കുപ്പായം അണിഞ്ഞപ്പോഴൊക്കെ ജീവിതഗന്ധിയായ സിനിമകൾ ജനിച്ചിട്ടുണ്ട്. ഗാനഗന്ധർവനിലും അത്തരമൊരു മമ്മൂട്ടിയാണ്. തന്മയത്വം കലർന്ന അഭിനയത്തിലൂടെ മമ്മൂട്ടി വീണ്ടും സ്റ്റേജ് നിറയുന്നു. 

 

ഡബ്ബിങിലെ ചില പോരായ്മകൾ ഒഴിവാക്കിയാൽ ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള സ്ത്രീകഥാപാത്രമായി എത്തിയ അതുല്യയും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണയാണ് കൈയടി നേടുന്ന മറ്റൊരു താരം. മനോജ് കെ. ജയൻ, ധർമജൻ തുടങ്ങി മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.

 

അണിയറയിലെ താരങ്ങൾ

 

പഞ്ചവർണത്തത്ത  എന്ന ആദ്യ ചിത്രത്തിൽനിന്നു സംവിധായകൻ എന്ന നിലയിൽ രമേഷ് പിഷാരടിയുടെ വളർച്ച ഈ ചിത്രത്തിൽ പ്രകടമാണ്. അഴകപ്പന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ദൃശ്യതലം ഉയർത്തുന്നു. ഗാനങ്ങൾക്കു പ്രാധാന്യമുള്ള ചിത്രത്തിൽ ദീപക് ദേവ് ഒരുക്കിയ പാട്ടുകളെല്ലാം നിലവാരം പുലർത്തുന്നു. കൂടിക്കുഴഞ്ഞു കിടക്കുന്ന കഥാഗതി ഉദ്വേഗം ചോരാതെ അവതരിപ്പിക്കുന്നതിൽ  ലിജോ പോളിന്റെ എഡിറ്റിങ്ങും മികവു കാട്ടുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്‌ഷൻസും രമേഷ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിവർ ചേർന്നാണ്. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

 

രത്നച്ചുരുക്കം

 

ചെറിയ പ്രമേയത്തെ പ്രേക്ഷകരെ മടുപ്പിക്കാതെ അവതരിപ്പിക്കുന്നതിൽ രമേഷ് പിഷാരടി വിജയിച്ചു. അതുകൊണ്ടുതന്നെ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com