sections
MORE

കാഴ്ചയ്ക്കും മനോഹരം: റിവ്യു

manoharam-review
SHARE

നന്മയുള്ള ചെറുസിനിമകളാണ് വിനീത് ശ്രീനിവാസൻ സാധാരണയായി മലയാളികൾക്ക് സമ്മാനിക്കാറുള്ളത്. അതിപ്പൊ അദ്ദേഹം നായകനായാലും സംവിധായകനായാലും അങ്ങനെ തന്നെ. മനോഹരവും അതിൽ‍നിന്നു വ്യത്യസ്തമല്ല. ഒരു നാട്ടിൻപുറത്തിന്റെയും അവിടുത്തെ നന്മയുള്ള ചില ആളുകളുടെയും കഥയാണ് മനോഹരം എന്ന സിനിമയും.

മനോഹരൻ മികച്ച കലാകാരനാണ്. ചിത്രകലയിൽ അഗ്രഗണ്യൻ. ചുവരെഴുതാനും ബോർഡ് എഴുതാനുമൊക്കെ എല്ലാവരും മനോഹരനെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ സാങ്കേതികവിദ്യയുടെ കടന്നു കയറ്റത്തിൽ മനോഹരന്റെ കലാമികവിനു പിടിച്ചു നിൽക്കാൻ സാധിക്കാതെ വരുന്നു. എല്ലാവരും ഫ്ലെക്സ് ബോർഡുകളുടെ പിന്നാലെ പോകുന്നതോടെ ഫോട്ടോഷോപ്പ് പഠിക്കാനും ഒരു ഫ്ലെക്സ് പ്രിന്റിങ് കട തുടങ്ങാനും മനോഹരൻ തീരുമാനിക്കുന്നു. തുടർന്ന് അയാൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Manoharam Official Trailer | Vineeth Sreenivasan | Anvar Sadik | Jose Chakkalakal

മനോഹരൻ എന്ന കഥാപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്യുന്നതിലാണ് ആദ്യ പകുതിയിൽ ശ്രദ്ധ. കഴിവുണ്ടായിട്ടും നിർഭാഗ്യങ്ങൾ പിന്തുടരുന്ന മനോഹരൻ കൂട്ടുകാരുടെ പിന്തുണയോടെ പുതിയൊരു സംരംഭത്തിനു തുടക്കം കുറിക്കുന്നു. എന്നാൽ അവിടെയും അയാളെ നിർഭാഗ്യം പിന്തുടരുകയാണ്. എന്നാൽ നെഗറ്റീവുകളെ പോസിറ്റീവായി കണ്ട് മനോഹരൻ മുന്നേറുന്നു. ചെറിയ തമാശകളും ഒരു പാലക്കാടൻ നാട്ടിൻപുറത്തിന്റെ സൗന്ദര്യവും ആദ്യ പകുതിയിൽ ആവോളം ചേർന്നിരിക്കുന്നു.

രണ്ടാം പകുതിയിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതിൽനിന്ന് സിനിമ മാറി സഞ്ചരിക്കുന്നു. മനോഹരനോട് ആർക്കും സഹതാപം തോന്നിക്കുന്ന രീതിയിലേക്ക് കഥ മാറുന്നു. ഇടയ്ക്ക് കൈവിട്ടു പോകുമെന്നു തോന്നിക്കുമെങ്കിലും ഒടുവിൽ സിനിമ നന്നായിത്തന്നെ അവസാനിക്കുന്നു. നെഗറ്റീവുകൾ നിറഞ്ഞ മനോഹരന്റെ ജീവിതം ഫുൾ പോസിറ്റീവായി മാറുന്നു.

‘ഫ്രോഡ്’ കഥാപാത്രങ്ങളുടെ പിടിയിൽ ഇടക്കാലത്ത് അകപ്പെട്ട വിനീത് ശ്രീനിവാസൻ അതിൽ നിന്നൊക്കെ മാറി തന്റെ സേഫ് സോണിലേക്ക് ഇൗ സിനിമയിലൂടെ മടങ്ങി വരുന്നു. നിഷ്ക്കളങ്കത നിറഞ്ഞ മനോഹരനെ വിനീത് മനോഹരമാക്കി. ബേസിൽ ജോസഫ്, ദീപക് പറമ്പോൽ, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. സംവിധായകൻ അൻവർ സാദിക്ക് മികച്ച രീതിയിൽ സിനിമ ഒരുക്കിയിരിക്കുന്നു.

പേരു പോലെതന്നെ മനോഹരമാണ് മനോഹരം എന്ന സിനിമ; താരബാഹുല്യമോ വലിയ ബഹളങ്ങളോ ഇല്ലാത്ത, സാധാരണ പ്രേക്ഷകനു കണ്ടിരിക്കാവുന്ന വിനീതിന്റെ മനോഹരസിനിമ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA