ADVERTISEMENT

‘രണ്ടു ബാഹുബലി’ ഇറക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച തെലുങ്ക് സിനിമയിൽ നിന്ന് മൂന്നാമതൊരു ബാഹുബലി. അതാണ് ചിരഞ്ജീവി നായകനായ സൈറാ നരസിംഹ റെഡ്ഢി. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരത്തിന്റെ കഥ പറയുന്ന ചിത്രം ബാഹുബലി പോലെ തന്നെ (പലപ്പോഴും അതിനെക്കാൾ മികച്ച രീതിയിൽ) പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയാണ്.

സൈറ നരസിംഹ റെഡ്ഢി എന്ന നാട്ടുരാജാവിന്റെ കഥയാണ് ചിത്രത്തിന്റേത്. ബ്രിട്ടീഷുകാർക്ക് നികുതി കൊടുത്തിരുന്ന നാട്ടു രാജ്യങ്ങളും നാട്ടു രാജാക്കന്മാരും അവരുടെ ചൂഷണം സഹിക്കവയ്യാതെ അവർക്കെതിരായി സംഘടിച്ച് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുന്നതാണ് സിനിമയുടെ പ്രമേയം. മൂന്നു മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ചിത്രം വലിയൊരു കഥയെ മുഷിപ്പിക്കലുകൾ അധികമില്ലാതെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

മോഹൻലാലിന്റെ ശബ്ദ വിവരണത്തോടെയാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് ആരംഭിക്കുന്നത്. ആദ്യ പകുതിയിലെ ആദ്യ അര മണിക്കൂർ ഒരു സാദാ തെലുങ്ക് മസാല ചിത്രത്തിനു സമാനമാണ്. നരസിംഹ റെഡ്ഢി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രംഗങ്ങൾ പ്രതീക്ഷയ്ക്കൊത്തുയരുന്നതല്ല.     ഇത്ര വലിയൊരു സിനിമയുടെ പോക്ക് ഇങ്ങനെയാണോ എന്ന് പ്രേക്ഷകൻ ആശങ്കപ്പെടുന്ന നിമിഷം ചിത്രം അതിന്റെ ഗിയർ മാറ്റും. പിന്നീടങ്ങോട്ട് ആദ്യത്തെ ക്ഷ‌ീണം മാറ്റുന്ന രീതിയിലാണ് സിനിമയുടെ പ്രകടനം. രാജ്യസ്നേഹവും, വിദേശാധിപത്യത്തോടുള്ള വെറുപ്പും പല തവണ സിനിമയിലൂടെ തന്നെ കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സൈറ റെഡ്ഢിയിൽ അതിലൊക്കെ ഒരു പുതുമ കാണാൻ പ്രേക്ഷകനാകും. ചിരഞ്ജീവിയുടെ ഗംഭീര ആക്‌ഷൻ രംഗത്തോടെയാണ് ആദ്യ പകുതിക്ക് തിരശ്ശീല വീഴുന്നത്. 

 

ചുരുക്കം ചില നാട്ടുരാജ്യങ്ങൾ മാത്രം പങ്കെടുത്തിരുന്ന സ്വാതന്ത്ര്യ സമരം രണ്ടാം പകുതിയിൽ ഒരു യുദ്ധത്തിനു വഴി മാറും. ചിരഞ്ജീവിക്കൊപ്പം മറ്റു താരങ്ങൾ കൂടി യുദ്ധമുഖത്ത് അണിനിരക്കുന്നതോടെ ഒരു മൾട്ടിസ്റ്റാർ മാസ് ചിത്രത്തിന്റെ രീതിയിലേക്ക് സിനിമ മാറും. ബാഹുബലിയിൽ കണ്ടതു പോലുള്ള വ്യത്യസ്തമായ യുദ്ധമുറകളും അടവുകളുമൊക്കെ സൈറയിലുമുണ്ട്. എന്നാൽ അതേ ബാഹുബലിയിലെ ‘പന വളച്ച് ചാട്ടം’ പോലുള്ള വിഎഫ്എക്സ് ഗിമ്മിക്കുകൾ അധികം ഇൗ ചിത്രത്തിലില്ല എന്നതും ശ്രദ്ധേയമാണ്. ചിരഞ്ജീവിയെ പോലൊരു നായകന് സൂപ്പർ ഹീറോ പരിവേഷം കൊടുക്കുക സ്വാഭാവികമാണെങ്കിലും അതൊന്നും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ അധികം ചോദ്യം ചെയ്യുന്നതാകുന്നില്ല. 

 

sye-raa-narasimha-reddy

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017–ൽ കത്തി സിനിമയുടെ റീമേക്കിലൂടെ ഗംഭീര തിരിച്ചവരവ് നടത്തിയ ചിരഞ്ജീവിയുടെ പ്രകടനം തന്നെയാണ് ഇൗ 

ചിത്രത്തിന്റെ ഹൈലൈറ്റും. ആക്‌ഷൻ രംഗങ്ങളിൽ 64–കാരനായ അദ്ദേഹം 24–കാരന്റെ മെയ്‌വഴക്കത്തോടെയാണ് അഭിനയിച്ചിരിക്കുന്നത്. ഇത്തരം സിനിമകളിൽ പേരിനു മാത്രം ഒതുങ്ങിപ്പോകാറുള്ള നായിമാരിൽ നിന്ന് അൽപം വ്യത്യസ്തമായിരുന്നു നയൻതാര അവതരിപ്പിച്ച സിദ്ധമ്മ എന്ന കഥാപാത്രവും തമന്നയുടെ ലക്ഷ്മിയും. വിജയ് സേതുപതി, കിച്ചാ സുദീപ്, ജഗപതി ബാബു, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ വലിയ താരനിരയും മികച്ചു നിന്നു. 

 

സുരേന്ദർ റെഡ്ഢി എന്ന സംവിധായകൻ ഒരു പക്ഷേ ഇൗ ചിത്രത്തോടെ രാജമൗലിയുടെ പകരക്കാരനായി പോലും ഇനി അറിയപ്പെട്ടേക്കാം. രത്നവേലിന്റെ ഛായാഗ്രഹണവും ശ്രീകർ പ്രസാദിന്റെ ചിത്രസംയോജനവും മികച്ചു നിന്നു. വിശ്വസനീയമല്ലാത്ത വിഎഫ്എക്സ് രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലില്ല എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ ചിത്രത്തിന്റെ ദൈർഘ്യക്കൂടുതൽ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു താനും. 

 

സാങ്കേതികപരമായും കലാപരമായും മികവുള്ള സിനിമയാണ് സൈറാ നരസിംഹ റെഡ്ഢി. ബാഹുബലി പോലൊരു കോളിളക്കം റിലീസിനു മുൻപ് തീയറ്ററുകളിൽ ഉണ്ടാക്കിയിട്ടില്ലെങ്കിലും ബാഹുബലി പോലെ തന്നെ തീയറ്ററിൽ അനുഭവച്ചറിയേണ്ട സിനിമയാണ് ഇതും. ദൈർഘ്യക്കൂടുതൽ എന്ന ഒറ്റ പോരായ്മ ഒഴിച്ചു നിർത്തിയാൽ ആർക്കും ആസ്വദനീയമാണ് ഇൗ സിനിമ. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com