sections
MORE

തീപ്പൊരി യുദ്ധം; കട്ടയ്ക്ക് മത്സരിച്ച് ഹൃതിക്കും ടൈഗറും; വാർ റിവ്യു

war-review-hindi
SHARE

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന 'വാർ' എന്ന ചിത്രത്തെ  ടോം ക്രൂസ് നായകനായ മിഷൻ ഇംപോസിബിളിന്റെ 'ഇന്ത്യൻ പതിപ്പ്' എന്ന് വേണമെങ്കിൽ  വിശേഷിപ്പിക്കാം. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് മലയാളിയായ സുരേഷ് നായരാണ്. വാണി കപൂർ നായികയാകുന്നു.

ട്വിസ്റ്റും  ത്രസിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും മിഷൻ ഇംപോസിബിൾ സീരീസുകളുടെ ആരാധകരാണ്‌ എന്ന് സുവ്യക്തമാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നിരവധി മുഹൂർത്തങ്ങൾ വാറിൽ പുനർസൃഷ്ടിച്ചിട്ടുണ്ട്. 

പ്രമേയം.. 

ഇന്ത്യൻ സൈനികരെ പരിശീലിപ്പിക്കുന്ന കമാണ്ടറാണ് കബീർ. അതിനോടൊപ്പം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ ദുഷ്കരമായ ദൗത്യങ്ങളും കബീറും സംഘവും ഏറ്റെടുക്കാറുണ്ട്. അവരുടെ ടീമിലേക്ക് ഖാലിദ് എന്ന യുവസൈനികൻ പരിശീലനത്തിലെത്തുന്നു. കുറച്ചു വർഷങ്ങൾക്കുശേഷം അതുവരെ നായകസ്ഥാനത്തുണ്ടായിരുന്ന കബീർ വില്ലനാക്കപ്പെടുന്നു. കബീറിനെ തളയ്ക്കാൻ ശിഷ്യനായ ഖാലിദ് നിയോഗിക്കപ്പെടുന്നു. ഗുരുവും ശിഷ്യനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമാകും എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. കബീർ വില്ലനാക്കപ്പെടാനുണ്ടായ സാഹചര്യങ്ങൾ ചുരുളഴിയപ്പെടുമ്പോൾ ചിത്രം പരിസമാപ്തിയിലെത്തുന്നു.

War Trailer | Hrithik Roshan | Tiger Shroff | Vaani Kapoor |4K | New Movie Trailer 2019

അഭിനയം, സാങ്കേതികം...

പ്രായം  നാല്പതുകളുടെ മധ്യത്തിലെത്തിയെങ്കിലും ശരീര സൗന്ദര്യത്തിലും നൃത്തത്തിലും ആക്‌ഷൻ രംഗങ്ങളിലും തന്നെ തോൽപ്പിക്കാൻ ബോളിവുഡിൽ മറ്റാരുമില്ല എന്ന് ഹൃതിക്ക് വീണ്ടും തെളിയിക്കുന്നു. ആദ്യ പകുതിയിലെ പതിഞ്ഞ അഭിനയത്തിന് ശേഷം രണ്ടാം പകുതിയിൽ ഇളമുറക്കാരനായ  ടൈഗർ ഷ്‌റോഫും കത്തിക്കയറുന്നുണ്ട്. ക്ളൈമാക്സിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും സിനിമ കരുതിവച്ചിട്ടുണ്ട്.

ലോകം മുഴുവൻ ചുറ്റിക്കറങ്ങിയ പ്രതീതിയായിരിക്കും ചിത്രം സമ്മാനിക്കുക. യൂറോപ്പും ഗൾഫും മുതൽ നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രകൃതിഭംഗിയും ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവ് സംഭവിക്കുന്നതും കേരളത്തിൽവച്ചാണ്.

ഒരുപക്ഷേ ഇന്നേവരെ ഒരു ബോളിവുഡ് ചിത്രങ്ങളിലും കണ്ടിട്ടില്ലാത്ത തീപാറുന്ന ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഹോളിവുഡിൽ നിന്നും കൊറിയയിൽ നിന്നുമെത്തിയ ആക്‌ഷൻ കൊറിയോഗ്രഫർമാരാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയത്.

അയനങ്ക ബോസ് എന്ന ഛായാഗ്രാഹകന്റെയും സംഘത്തിന്റെയും കഠിന പരിശ്രമത്തിന്റെ ഫലം കൂടിയാണ് ചിത്രത്തിലെ മിഴിവുറ്റ രംഗങ്ങൾ.സിനിമയുടെ ആസ്വാദനതലം ഉയർത്തുന്നതിൽ വിശാൽ–ശേഖർ കൂട്ടുകെട്ടിന്റെ സംഗീതവും മികച്ച പിന്തുണ നൽകുന്നു. ഒരു വാണിജ്യ സിനിമയുടെ എല്ലാ രസക്കൂട്ടുകളും ചാലിച്ച ചിത്രം ആക്‌ഷൻ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വിരുന്നാകുമെന്നതിൽ സംശയം വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA