ADVERTISEMENT

ശ്വാസമടക്കി പിടിച്ച് മാത്രം കാണാവുന്ന കണ്ടത്തിലെ കാളപൂട്ട് കണക്കെ ഹൈറേഞ്ചിലെ ഒരു ‘പോത്തുപൂട്ട്’. അതാണ് ജല്ലിക്കട്ട്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെയും ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രഹകന്റെയും തോളിലേറി അന്താരാഷ്ട്ര സിനിമയുടെ ഗിരിശൃംഗങ്ങൾ കീഴടക്കിയെത്തുന്ന ചിത്രം തീയറ്ററിൽ അനുഭവിച്ചറിയേണ്ടതു തന്നെയാണ്. 

 

Jallikattu Official Trailer | Lijo Jose Pellissery | Chemban Vinod | Antony Varghese

കശാപ്പിനു കൊണ്ടു വന്ന പോത്ത് വിരണ്ടോടി ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തുന്നു. ഇൗ ഒറ്റ വരിയിൽ തീരുന്നതാണ് ജല്ലിക്കട്ടിന്റെ കഥ. ഒരു വ‍ൃക്ഷത്തിന്റെ തായ്‌വേരിൽ നിന്ന് നെടുകയും കുറുകയും അനേകായിരം വേരുകൾ വളർന്നു പന്തലിക്കുന്നതു പോലെ ആ കഥ സിനിമയാകുമ്പോൾ ഒറ്റ വരിയിൽ നിന്ന് കാഴ്ചയുടെ ഒട്ടനവധി വാതായനങ്ങൾ മലർക്കെ തുറന്ന് അതിലൂടെയാണ് ലിജോ എന്ന സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. 

jallikattu

കഥയും കഥാപശ്ചാത്തലവും പരിചയപ്പെടുത്തുന്ന ആദ്യ പത്തു മിനിറ്റിൽ തന്നെ ലിജോ എന്ന സംവിധായകന്റെ ക്രാഫ്റ്റ് എത്രത്തോളമെന്ന് മനസ്സിലാക്കാൻ സാധിക്കും. ക്ലോസ് അപ് ഷോട്ടുകളിൽ നിന്നും ഫാസ്റ്റ് കട്ടുകളിൽ നിന്നും മുറി കൂടി സിനിമ പിറക്കുന്ന കാഴ്ച അതിമനോഹരം. കഥാ പശ്ചാത്തലത്തെ ഒന്നു തഴുകിയെന്നു വരുത്തി ഒട്ടും വൈകാതെ കഥയുടെ മർമഭാഗത്തേക്ക് സംവിധായകൻ പ്രേക്ഷകനെ പിടിച്ചു കൊണ്ടു പോകുന്നു. വിരണ്ടോടുന്ന പോത്തിനെ തേടി വിറളി പിടിച്ചോടുന്ന മനുഷ്യർ. നാലുകാലി‌യെ വേട്ടയാടുന്ന ഇരുകാലികൾ. പോത്ത് അതിന്റെ ജീവനു വേണ്ടി പരാക്രമം കാണിക്കുമ്പോൾ അതിനെ വേട്ടയാടുന്ന ഒാരാരുത്തർക്കും പലതാണ് മനസ്സിൽ. പക, പ്രതികാരം, പ്രണയം, അഭിമാനം, അങ്ങനെ പല കാരണങ്ങൾ. 

jallikattu-movie-lijo-jose-2

 

പോത്ത് കാണാമറയത്തു നിൽക്കുമ്പോൾ സമാന്തരമായി അതിനു ചുറ്റു നിൽക്കുന്ന ചില ജീവിതങ്ങളുടെ കഥ കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് സംവിധായകൻ. കാടിനോടും മൃഗങ്ങളോടും മനുഷ്യൻ കാണിച്ച ക്രൂരതകളെ സ്വയം വിമർശനത്തിന്റെയും പരിഹാസത്തിന്റെയും രൂപത്തിൽ സംവിധായകനും രചയിതാക്കളും വരച്ചു കാട്ടുന്നു. ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഇ:മ:യൗ തുടങ്ങിയ മുൻചിത്രങ്ങളിലേതു പോലെ ‘ക്രൗഡ് ക്ലൈമാക്സാണ്’ ജല്ലിക്കട്ടിലും. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തെ ക്ലൈമാക്സിൽ ഒരു ആട്ടിൻകൂട്ടത്തെ പോലെ വഴി തെറ്റാതെ മേയിച്ച് കൂട്ടിലെത്തിക്കുന്ന ഇടയനാകുന്നു ലിജോ എന്ന സംവിധായകൻ. മനുഷ്യർ തീർക്കുന്ന ഗോപുരത്തിൽ പെട്ട് പ്രേക്ഷകനു പോലും പലപ്പോഴും ശ്വാസം നിലച്ചേക്കാം. മാജിക്കൽ റിയലിസം എന്നു പൂർണമായി പറയാനാകില്ലെങ്കിലും അതിന്റെ അംശങ്ങളും പ്രകടമാണ്. 

jallikattu-movie-lijo-jose

 

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മികവിന്റെ തെളിവാണ് ജല്ലിക്കട്ട്. ‌വിമർശനങ്ങളുടെ കൂരമ്പുകൾ തനിക്കു നേരെ തൊടുത്തു വിട്ടവരുടെ മുൻപിൽ നെഞ്ചു വിരിച്ചു നിന്ന് ‘No Plans to Change, No Plans to Impress’ എന്ന് ലിജോ പറഞ്ഞപ്പോൾ അതിനെ പുച്ഛിച്ചു തള്ളിയവർ പോലും ആ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ അറിയാതെ കയ്യടിച്ചു കാണും. ആ പേരിനെയും സിനിമയെയും വിമർശിക്കാൻ പലരും മടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെങ്കിൽ അത് ലിജോയുടെ വിജയം തന്നെ. 

 

ലിജോയുടെ സംവിധായകപ്രഭാവത്തിൽ മുങ്ങിപ്പോകരുതാത്ത പേരാണ് ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകന്റേത്. സിനിമയെ അതിന്റെ പൂർണാർഥത്തിൽ പ്രേക്ഷകനിലേക്ക് പകരുന്നതിൽ ഗിരീഷ് വഹിച്ച പങ്ക് ചെറുതല്ല. കീബോർഡ് അച്ചുകളിലെ അക്ഷരങ്ങൾക്ക് ദൃശ്യങ്ങളൊരുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ പോലും അദ്ദേഹത്തിന്റെ മികവിനെ വർണിക്കുക അസാധ്യം. രാത്രിയിലെ രംഗങ്ങളും അതിന്റെ ലൈറ്റിങ്ങും, ഡ്രോണിന്റെ അതിപ്രസരമില്ലാത്ത വൈഡ് ഷോട്ടുകളും, മികച്ച ഫ്രെയിമുകളും തുടങ്ങി സിനിമയെ ജീവസ്സുറ്റതാക്കിയ ഒട്ടനവധി ഘടകങ്ങൾ. 

 

ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ, ജാഫർ ഇടുക്കി തുടങ്ങി സിനിമയുടെ ഭൂരിഭാഗം സമയവും സ്ക്രീനിൽ നിറഞ്ഞു നിന്ന എണ്ണമറ്റ ആളുകൾ വരെ അഭിനയിക്കുകയായിരുന്നില്ല, മറിച്ച് പോത്തിനൊപ്പം ഒാടുകയായിരുന്നു. ആ ഒാട്ടത്തിന്റെ വഴികൾ എഴുതിയുണ്ടാക്കിയ ഹരീഷും ജയകുമാറും ലിജോ എന്ന സംവിധായകന് വരയ്ക്കാനുതകുന്ന തരത്തിൽ ഒരു മികച്ച ക്യാൻവാസ് ഒരുക്കി കൊടുത്തു. സംഗീതമൊരുക്കിയ പ്രശാന്ത് പിള്ള അതിലൂടെ ആ ഭീകരത പ്രേക്ഷകനു പകർന്നു നൽകി. ശബ്ദമിശ്രണം നിർവഹിച്ച രംഗനാഥ് രവിയും ചിത്രം എഡിറ്റ് ചെയ്ത ദീപു ജോസഫും ജല്ലിക്കട്ടിനെ കൂടുതൽ ആസ്വദനീയമാക്കി. 

 

പോത്താണ് സിനിമയിലെ നായകൻ. അതിജീവിക്കാനുള്ള അതിന്റെ ശ്രമമാണ് ഇൗ സിനിമ. സിനിമയെ വിനോദോപാധി മാത്രമായി കാണാതെ, അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നവർക്ക് പൂർണാർഥത്തിൽ ആസ്വദിക്കാവുന്ന ഒന്നാണ് ജല്ലിക്കട്ട്. അല്ലാത്തവർക്ക് ഇൗ സിനിമ മോശമാണെന്ന് തോന്നുമെന്നല്ല, മറിച്ച് ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com