sections
MORE

കൺനിറയെ, കൺനിറച്ച് എടക്കാട് ബറ്റാലിയൻ: റിവ്യു

edakkad-batalion-review
SHARE

ഒരു പട്ടാളക്കാരന്റെ, നാടിനോടും രാജ്യത്തോടുമുള്ള സ്നേഹത്തിന്റെ കഥയാണ് ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ. യഥാർഥ സംഭവങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം കഥ പറയുന്നത്. അതുകൊണ്ടുതന്നെ ഇതൊരു മാസ് ആക്‌ഷൻ ചിത്രമല്ല. ജീവിതത്തോട് അടുത്തുനിൽക്കുംവിധം വൈകാരികതയ്ക്കാണ് രണ്ടാം പകുതിയിൽ പ്രാധാന്യം.

പി. ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സംയുക്താ മേനോന്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രമേയം..

ഷഫീഖ് എന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എടക്കാട് എന്ന അയാളുടെ നാടും വീടും സൗഹൃദങ്ങളും പ്രണയവും ജീവിതവുമാണ് പ്രമേയം. ഒരു അവധിക്ക് നാട്ടിൽ എത്തിയ ഷഫീഖ് നാട്ടിലെ ചില ചെറുപ്പക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തി പൊളിക്കുന്നു. അതോടെ അയാൾക്കെതിരെ ഒരവസരത്തിനായി അവർ തക്കം പാർത്തിരിക്കുന്നു. പിന്നീടുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഒരു ആകസ്മിക സംഭവം അയാളുടെയും അയാളുടെ പ്രിയപ്പെട്ടവരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിലൂടെയാണ് രണ്ടാം പകുതി സഞ്ചരിക്കുന്നത്.

Edakkad Battalion 06 | Teaser 1 | Tovino Thomas | Samyuktha Menon | Swapnesh K Nair

അഭിനയം...

ആദ്യ പട്ടാള വേഷം ടൊവിനോ ഭംഗിയാക്കിയിട്ടുണ്ട്. താരപരിവേഷത്തിൽ നിൽക്കുമ്പോഴും കഥാമൂല്യമുള്ള വേഷം ചെയ്യാൻ കാണിച്ച ശ്രമം ഫലം കണ്ടുവെന്നു വേണം കരുതാൻ. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങളിൽ പലതിലും ഡ്യൂപ്പില്ലാതെ അഭിനയിച്ചതും പരുക്കു പറ്റിയതും നേരത്തേ വാർത്തയായിരുന്നു. ടൊവിനോ-സംയുക്ത ജോഡിയുടെ കെമിസ്ട്രി ഇവിടെയും കാണാം. നിര്‍മല്‍ പാലാഴി, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചു നിൽക്കുന്നു. മറ്റു താരങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.

സാങ്കേതികവശങ്ങൾ..

അതിഭാവുകത്വമില്ലാത്ത (എങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന) തിരക്കഥയും സംവിധാനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. നവാഗത സംവിധായകന്റെ പതർച്ചകളില്ലാതെ സ്വപ്‌നേഷ് തന്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ബി.കെ. ഹരിനാരായണൻ രചിച്ച്, കൈലാസ് മേനോന്‍ സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വളരെ നേരത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഛായാഗ്രഹണം നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് ഹിമാലയത്തിന്റെ ഭംഗി ആവാഹിച്ച ഫ്രെയിമുകൾ.

രത്നച്ചുരുക്കം...

ഇതൊരു ആഘോഷസിനിമയല്ല. യഥാർഥ കഥയെ ആസ്പദമാക്കിയുള്ള ചിത്രമായതിനാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു വിജയത്തിലെത്തുന്ന നായകന്റെ പതിവ് ക്ലീഷേയിൽനിന്നു മാറിനടക്കുന്നുമുണ്ട്. പട്ടാളക്കാർ നാടിനുവേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും രാജ്യം അവർക്കു നൽകുന്ന ആദരവും കണ്ടു കണ്ണും മനസ്സും നിറഞ്ഞു മടങ്ങാവുന്ന ഒരു കൊച്ചുസിനിമ- അതാണ് ‘എടക്കാട് ബറ്റാലിയന്‍ 06’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA