sections
MORE

നിഗൂഢതകളുടെ ‘തെളിവ്’; റിവ്യു

theliv-review
SHARE

ഒരു നിരപരാധിയെ കുറ്റവാളിയാക്കുന്നതും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുമൊക്കെ തെളിവുകളുടെ സഹായത്തോടെയാണ്. എങ്ങനെയാണ് തെളിവുകൾ സൃഷ്ടിക്കപ്പെടുന്നത്, ഒരു ക്രൈമിൽ ഇതിന്റെ പ്രാധാന്യമെന്ത്? ഗൗരി എന്ന സ്ത്രീ നേരിടേണ്ടി വന്നതും ഇങ്ങനെയൊരു പരീക്ഷണമായിരുന്നു. സമൂഹം അവളെ കുറ്റക്കാരിയായി വിധിക്കുമ്പോൾ ‘തെളിവുകൾ’ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. 

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളുമാണ് എം.എ. നിഷാദിന്റെ തെളിവ് എന്ന ചിത്രം പറയുന്നത്. തന്റെ മാനത്തിനായി ആയുധമെടുക്കുന്ന സ്ത്രീയെ നിയമത്തിനു മുന്നിൽ വിട്ടുകൊടുക്കുകയല്ല മറിച്ച് സംരക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടതെന്ന് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയാതെ പറയുന്നു. 

Thelivu | Official Trailer| M A Nishad | Ithika Productions

ഒറ്റപ്പെട്ട തുരുത്തിലാണ് ഗൗരിയുടെ താമസം. കയർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഗൗരിക്ക് കൊച്ചുകുട്ടിയുമുണ്ട്. ഭർത്താവ് ഖാലിദിനെ തേടി പൊലീസിലെ ഇന്റേർണൽ സെക്യൂരിറ്റി ഫോർസ് ഗൗരിയെ അന്വേഷിച്ചു വരുന്നിടത്താണ് സിനിമയുടെ തുടക്കം. ഗൗരിയുമായി ചുറ്റിപറ്റി നിൽക്കുന്ന ആളുകളെയൊക്കെ പൊലീസ് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുന്നു. ഖാലിദിനെപ്പറ്റി അവർ പറയുന്ന കഥകളിലൂടെ ചിത്രത്തിന്റെ വേഗത കൂടുന്നു. പിന്നീട് നടക്കുന്നത് രഹസ്യങ്ങളുടെ ചുരുളഴിയലാണ്.

സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഈ സിനിമയുടെ പേര് തന്നെയാണ്. പൊലീസിന്റെ അന്വേഷണാത്മക തെളിവെടുപ്പിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രം വളരെ റിയലിസ്റ്റിക് ആയാണ് ഒരുക്കിയിരിക്കുന്നത്.

Thelivu M A Nishad Interview

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ സിനിമയാക്കി ശ്രദ്ധനേടിയ സംവിധായകനാണ് എം.എ. നിഷാദ്. എന്നാൽ ഇത്തവണ പതിവുരീതികളെ അദ്ദേഹം പൊളിച്ചെഴുതുന്നു.‘തെളിവ്’ സംവിധായകന്റെ സിനിമ തന്നെയാണ്. സിനിമയുടെ സ്വഭാവവും മേക്കിങുമൊക്കെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വേറിട്ടുനിൽക്കുന്നു. വേഗതയിലുള്ള കഥ പറച്ചിലും സ്വീക്വൻസുകളും തെളിവിന്റെ പ്രത്യേകതയാണ്. ചെറിയാന്‍ കല്‍പ്പകവാടിയുടേതാണ് തിരക്കഥ.

ഗൗരി എന്ന കഥാപാത്രമായി ആശ ശരത്ത് കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. അമ്മയായും ഭാര്യയായും പോരാളിയായും ആ കഥാപാത്രത്തെ അവർ ജീവസ്സുറ്റതാക്കി. ലാൽ, രഞ്ജി പണിക്കര്‍, നെടുമുടി വേണു, ജോയി മാത്യു, സുധീര്‍ കരമന, മീരാ നായര്‍, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, അനില്‍ പി നെടുമങ്ങാട്, തെസ്‌നി ഖാന്‍, ജോയ് വര്‍ഗീസ്, മാല പാര്‍വതി, പോളി വില്‍സണ്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ദേശീയ അവാർഡ് ജേതാവായ നിഖിൽ എസ്. പ്രവീണിന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതൽ ചടുലമാക്കുന്നു. കല്ലറ ഗോപൻ ആണ് സംഗീതം. പാട്ടുകളും മനോഹരം. എം.ജയചന്ദ്രന്റെ പശ്ചാത്തല സംഗീതവും സിനിമയോട് യോജിച്ചു നിന്നു.

സമകാലീന വിഷയങ്ങളുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല. ചോദ്യങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ആ ചോദ്യം സമൂഹത്തിന്റെ നേരെയുമാണ്. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA