sections
MORE

പേടിപ്പിക്കാൻ ആകാശഗംഗ വീണ്ടും എത്തുമ്പോൾ; റിവ്യു

aakashaganga-2-review
SHARE

പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിക്കാനും എളുപ്പമാണ് പക്ഷേ പേടിപ്പിക്കാനാണ് പാടെന്നാണ് പൊതുവെ സിനിമാക്കാർക്കിടയിലുള്ള വയ്പ്പ്.  കൺജറിങ് പോലുള്ള ഹോളിവുഡ് ഹൊറർ സിനിമകൾ കണ്ടു തഴക്കം വന്ന മലയാളികൾക്കു മുന്നിലേക്ക്  ആകാശഗംഗ എന്ന സിനിമയുടെ രണ്ടാം ഭാഗവുമായി സംവിധായകൻ വിനയൻ എത്തുന്നത് ആ കഥയിൽ കാമ്പുള്ളതു കൊണ്ടും പ്രേക്ഷകനെ മുൾമുനയിൽ നിർത്താമെന്ന പ്രത്യാശയുള്ളതു കൊണ്ടുമായിരിക്കണം. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തെറ്റിയിട്ടില്ല എന്നു തന്നെയാണ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതും. 

ആദ്യ ഭാഗത്തിലെ മണിക്കാശ്ശേരി മനയിൽ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കഥാപശ്ചാത്തലം. ആദ്യ ഭാഗത്തിലെ നായികയായ മായയുടെ മകൾ ആതിരയാണ് ഇൗ സിനിമയിലെ പ്രധാന കഥാപാത്രം. മേപ്പാടൻ തിരുമേനി എന്ന രാജൻ പി. ദേവിന്റെ കഥാപാത്രം ആദ്യ ഭാഗത്തിൽ തളച്ച ഗംഗ എന്ന പ്രേതാത്മാവ് ആതിരയുടെ ദേഹത്ത് കയറുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥയ്ക്ക് ആധാരം. 

akashaganga-movie-review-2

ആദ്യഭാഗം നിർത്തിയിടത്തു നിന്നാണ് പുതിയ ആകാശഗംഗയുടെയും ആരംഭം. ഹ്യൂമറിൽ തുടങ്ങുന്ന സിനിമ പിന്നീട് ചില പേടിപ്പെടുത്തും രംഗങ്ങൾക്ക് വഴി മാറുന്നു. പിന്നീട് ഹ്യൂമററും ഹൊററും ഇടയ്ക്കിടെയുള്ള ജംപ് സ്കെയർ സീനുകളുമായി സിനിമ മുമ്പോട്ടു പോകുന്നു. ആദ്യ പകുതിയുടെ അവസാനത്തിലാണ് പ്രേതത്തിലൊന്നും വിശ്വാസമില്ലാത്ത പുതുതലമുറ ഇത്തരം ശക്തികളെ പേടിച്ചു തുടങ്ങുന്നത്. 

akashaganga-movie-review-3

പ്രേക്ഷകനെ പേടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് രണ്ടാം പകുതിക്കുള്ളത്. അതിൽ കുറെയൊക്കെ സംവിധായകൻ വിജയിക്കുകയും ചെയ്തു. വിഎഫ്എക്സിന്റെ സാധ്യതകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവസാനത്തെ ആവാഹനവും മറ്റു ക്രിയകളും മികച്ച രീതിയിൽ തന്നെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു. 

akashaganga-2

പുതുമുഖതാരമായ വീണ, ആതിര എന്ന കഥാപാത്രത്തെ മികച്ചതാക്കി. ക്ലൈമാക്സിലെ നടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി തുടങ്ങിയവരും മികച്ചു നിന്നു.സെന്തിൽ, ധർമജൻ, തെസ്നി ഖാൻ തുടങ്ങിയ താരങ്ങൾ നർമരംഗങ്ങൾ മികച്ചതാക്കി. വിനയൻ എന്ന സംവിധായകന്റെ സാങ്കേതിക മികവ് എടുത്തു കാണിക്കുന്ന ചിത്രമാണ് ആകാശഗംഗ 2. വർഷങ്ങൾക്കിപ്പുറവും താൻ അപ്ഡേറ്റഡ് ആണ് എന്ന് അദ്ദേഹം കാട്ടിത്തരുന്നു. 

ആകാശഗംഗ 2 ഹ്യൂമർ ചേർന്ന ഹൊറർ ചിത്രമാണ്. എല്ലാത്തരം പ്രേക്ഷകരെയും പ്രത്യേകിച്ച് കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് ഇൗ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് തൃപ്തികരമായ അനുഭവമാകും ചിത്രം നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA