sections
MORE

മലയാളത്തിന്റെ ‘റിയലിസ്റ്റിക്ക് യന്തിരൻ’: റിവ്യൂ

SHARE

മനസ്സുണ്ടായിട്ടല്ലെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ വീട്ടിൽ ഒരു ഹോം നഴ്സിനെ വയ്ക്കുന്നവരാണ് പ്രവാസികളായ മലയാളികളിൽ പലരും. മാതാപിതാക്കളെ നോക്കി വീട്ടിൽ ഇരുന്നാൽ തങ്ങളുടെ ഭാവി ശോഭനമാകില്ലെന്ന ബോധ്യമാകും അവരെക്കൊണ്ട് അതു ചെയ്യിക്കുന്നത്. സ്വന്തം അച്ഛനെ നോക്കാൻ ഹോംനഴ്സിനു പകരം ഒരു റോബോട്ടിനെ നിയോഗിkdകുന്ന മകന്റെ കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. കേൾക്കുമ്പോൾ അസംഭവ്യമെന്നു തോന്നാവുന്ന ഒരു പ്രമേയത്തെ ഒട്ടും അതിശയോക്തി തോന്നാതെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും കയ്യിലെടുക്കുന്നതാണ്. 

ഭാസ്കരൻ തനി നാട്ടിൻപുറത്തുകാരനാണ്. ഭാര്യ മരിച്ചതിൽ പിന്നെ അയാൾക്കു മരണത്തെ ഭയമാണ്. അതുകൊണ്ടാണ് എൻജിനീയറിങ് പഠിച്ച മകനെ പുറത്തെങ്ങും ജോലിക്കു വിടാത്തതും. എന്നും വൈകിട്ടു വീട്ടിൽ വരാൻ സാധിക്കുന്നിടത്ത് ജോലി ചെയ്താൽ മതി, അല്ലാത്ത പക്ഷം ജോലി വേണ്ട. അതാണ് ഭാസ്കരന്റെ നിലപാട്. അച്ഛനെ ഒരുപാടു സ്നേഹിക്കുന്ന, അദ്ദേഹത്തിന്റെ വാശികൾക്കു വഴങ്ങുന്ന സുബ്രഹ്മണ്യൻ എന്ന മകന് പക്ഷേ റഷ്യയിൽ തനിക്കു ലഭിച്ച ജോലി വേണ്ടെന്നു വയ്ക്കാനായില്ല. അങ്ങനെ അച്ഛനെ തനിച്ചാക്കി സുബ്രമണ്യൻ വിദേശത്തു പോയി. മാറി മാറി വന്ന ഹോം നഴ്സുമാരോടൊക്കെ വഴക്കു പിടിച്ച് അവരെയൊക്കെ തിരിച്ചയച്ച അച്ഛനെ നോക്കാൻ അവൻ ഒരാളെ കൊണ്ടു വന്നു. മിക്സിയും ഗ്രൈൻഡറും ഉപയോഗിക്കാത്ത, ഫ്രിജും ടിവിയും വീട്ടിൽ പോലും കയറ്റാത്ത ഭാസ്കരനെ നോക്കാൻ മകൻ കൊണ്ടുവന്നത് ഒരു റോബോട്ടിനെയാണ്. പയ്യന്നൂരിലെ ഒരു കുഗ്രാമത്തിലെത്തിയ ആ റോബോട്ടിന്റെ കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 

android-kunjappan-image

കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും കഥാപശ്ചാത്തലം വിവരിക്കാനും നാമമാത്രമായ ഷോട്ടുകൾ മാത്രമാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ മിനിറ്റുകളിൽ തന്നെ സിനിമയുടെ പ്രധാന കഥാതന്തു കാഴ്ചക്കാരനു മുന്നിൽ അനാവൃതമാകും. വലിച്ചു നീട്ടിയുള്ള കഥ പറച്ചിലല്ല സിനിമയുടേത്. എന്നാൽ ഫാസ്റ്റ് കട്ടുകളിലൂടെ സിനിമയുടെ മൂഡ് കളയുന്നുമില്ല. വലിയ ബഹളങ്ങളില്ലാതെ വളരെ സാധാരണമായ കഥാസന്ദർഭങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുന്നു. തമാശയ്ക്കു വേണ്ടി കുത്തിക്കയറ്റിയ രംഗങ്ങളില്ലെങ്കിലും സൗബിനും സുരാജും സൈജുവും ചേർന്ന് പ്രേക്ഷകനെ രസിപ്പിക്കും. പൊട്ടിച്ചിരിപ്പിക്കുന്ന കുറച്ചു രംഗങ്ങൾക്കു പകരം ആദ്യാവസാനം ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോൺ പോലും ആഡംബരമായ ഒരു ഗ്രാമത്തിൽ ഒരു യന്ത്രമനുഷ്യൻ എത്തിയാൽ എങ്ങനെയിരിക്കുമെന്ന് വ്യക്തമായി സംവിധായകൻ കാണിച്ചു തരുന്നു. ഇടയ്ക്കെങ്കിലും ഇങ്ങനെയൊന്നു നമ്മുടെ വീട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന് സിനിമ കാണുമ്പോൾ പ്രേക്ഷകനും ഒാർത്തു പോകും. 

android-kunappan-trailer

മനുഷ്യനും മൃഗങ്ങളും വാഹനങ്ങളുമൊക്കെ ഇടം പിടിച്ച മലയാള സിനിമയിലെ അഭിനേതാക്കളുടെ നിരയിലേക്ക് ഒരു റോബോട്ടിനെ കൂടി സംവിധായകൻ പ്രതിഷ്ഠിച്ചിരിക്കുന്നു. സുരാജിനെപ്പോലെയും സൗബിനെപ്പോലെയുമുള്ള മികച്ച അഭിനേതാക്കൾക്കൊപ്പം ഒരു റോബോട്ടിനെ അഭിനയിപ്പിക്കുക എന്നത് ഒട്ടും എളുപ്പമല്ലെങ്കിൽ കൂടി ഒരു ഏച്ചുകെട്ടലും ഇല്ലാതെ മനോഹരമായി അണിയറക്കാർ റോബോട്ടിനെ സിനിമയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഭാസ്കരനായെത്തിയ സുരാജ് രൂപത്തിലും ഭാവത്തിലും പ്രായമുള്ള കഥാപാത്രമായി മികച്ചു നിന്നു. മകൻ സുബ്രഹ്മണ്യന്റെ വേഷം സൗബിൻ നന്നായിത്തന്നെ അവതരിപ്പിച്ചു. നായികയായ കെൻഡി അതിമനോഹരമായി മലയാളം ഡയലോഗുകൾ പറഞ്ഞ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സൈജു കുറുപ്പും ചിത്രത്തിലെ നർമരംഗങ്ങളിൽ നിറസാന്നിധ്യമായി. 

നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ സിനിമയിലൂടെത്തന്നെ തന്റെ വരവറിയിച്ചു. ഇത്തരമൊരു പ്രമേയം തന്നെ ആദ്യ സിനിമയാക്കാൻ അദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദിക്കാതെ വയ്യ. അതിനായി പണം മുടക്കിയ സന്തോഷ് ടി. കുരുവിളയെന്ന നിർമാതാവിനും അഭിനന്ദനം. ഛായാഗ്രഹണം നിർവഹിച്ച സാനു ജോൺ വർഗീസും എഡിറ്റിങ് നിർവഹിച്ച സൈജു ശ്രീധരനും സിനിമയെ മനോഹരമാക്കി. 

android-kunjappan-teaser

20 വർഷങ്ങൾക്കു മുമ്പ് സ്മാർട്ട്ഫോണും ഇന്റർനെറ്റുമൊക്കെ നമുക്ക് കെട്ടുകഥകളായിരുന്നു. ഇന്ന് ടച്ച് സ്ക്രീനിൽ വിരലോടിച്ച് തല കുനിച്ചിരിക്കുന്ന നമ്മിൽ പലരും അന്നു മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ ലോകം മാറിക്കഴിഞ്ഞു. അങ്ങനെ നോക്കിയാൽ ഇനിയൊരു 20 വർഷങ്ങൾക്കു ശേഷം നമ്മുടെ നാട്ടിൽ നടക്കാൻ സാധ്യതയുള്ള ഒരു പ്രമേയത്തെ വളരെ ദീർഘവീക്ഷണത്തോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ദ്വയാർഥ പ്രയോഗങ്ങളോ അഡൽറ്റ് കോമഡികളോ ഇല്ലാത്ത, സ്വാഭാവിക നർമം ആവോളമുള്ള ഒരു കുടുംബചിത്രം. കുട്ടികൾക്കും കുടുംബങ്ങൾക്കും പുതുതലമുറയ്ക്കും ധൈര്യമായി ടിക്കറ്റെടുക്കാം, മലയാളത്തിലെ ഇൗ ‘റിയലിസ്റ്റിക് യന്തിരനെ’ കാണാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA