ADVERTISEMENT

കല സിനിമയുമായി സംവദിക്കുമ്പോൾ പലപ്പോഴും ബാഹ്യമായ കച്ചവട സിനിമാ ആവേശങ്ങൾക്കു സ്ഥാനമില്ലാതെ പോകുന്നു, പകരം സിനിമ കഴിയുമ്പോൾ  ചില വൈകാരികതകൾ മാത്രം മനസ്സിൽ അവശേഷിക്കുന്നു. ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം സിനിമാ പ്രേമികൾക്കിത് സമ്മാനിക്കുന്നു. ഇതാണ് ചുരുക്കത്തിൽ മൂത്തോൻ. ലോകസിനിമാ വേദികളിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്.

 

സംവിധാനം ഗംഭീരം, സ്ക്രിപ്റ്റ് അതിഗംഭീരം

 

ഗീതു മോഹൻ‌ദാസിന്റെ സംവിധാനത്തിന് ഗംഭീരമെന്നല്ലാതെ മറ്റൊരു വാക്ക് ചേരില്ല. പ്രേക്ഷകരുടെ പ്രതീക്ഷയെല്ലാം തെറ്റിക്കുന്ന തരത്തിൽ മികച്ചത്. സംവിധാനത്തെ ബലപ്പെടുത്തുന്ന മുഖ്യഘടകം ഗീതു തന്നെയെഴുതിയ സ്ക്രിപ്റ്റാണ്. ശാന്തമായ ലക്ഷദ്വീപിനെയും കലുഷിതമായ കാമാത്തിപ്പുരയെയും പച്ചയായി ആവിഷ്കരിക്കുന്ന എഴുത്ത്. മൂൻകൂട്ടി കാണാൻ കഴിയാത്ത ചില ട്വിസ്റ്റുകൾ. പ്രതീക്ഷിക്കാത്ത ചില വൈകാരിക നിമിഷങ്ങൾ. ഒന്നും ശുഭപര്യവസായി അല്ലെങ്കിലും എല്ലാം ശുഭമെന്നു തോന്നിക്കുന്ന സിനിമ ഒരുക്കാൻ ഗീതു മോഹൻദാസിനു കഴിഞ്ഞു. ലിംഗഭേദത്തിലും ലൈംഗികതയിലുമടക്കമുള്ള വിവിധ സാമൂഹിക വിലക്കുകളെക്കുറിച്ച് മനോഹരമായി സിനിമ സംസാരിക്കുന്നുണ്ട്.

 

കഥാതന്തു

 

മൂത്ത സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ശാന്തമായ ലക്ഷദ്വീപിലെ ഒരു കൂട്ടം കുട്ടികളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അതിലൊരാളായ മുല്ല (സഞ്ജന ദീപു) മുംബൈയിലേക്കു പോകാൻ ആഗ്രഹിക്കുന്നു. അതിനു മുല്ലയ്ക്ക് ശക്തമായ ഒരു കാരണമുണ്ട്. ജ്യേഷ്ഠനെ കണ്ടെത്തണം. അദ്ദേഹം മുംബൈയിലാണെന്നത് ഒരു ഊഹം മാത്രം. പക്ഷേ കുട്ടിയായ മുല്ലയ്ക്ക് എങ്ങനെ മുംബൈയിലെത്താൻ കഴിയുമെന്നത് ചോദ്യ ചിഹ്നമായി നിൽക്കുന്നു. ചില സാഹസങ്ങൾക്കൊടുവിൽ മുല്ല മുംബൈയിലെത്തുന്നതാണ് കഥ. മുല്ലയ്ക്ക് നേരിടേണ്ടി വരുന്ന അപായങ്ങളും ട്വിസ്റ്റുകളുമെല്ലാം മനോഹരമായി അവതരിപ്പിക്കപ്പെടുന്നു. പിന്നെയുള്ളതെല്ലാം മുംബൈയിലെ വേഗമേറിയതും അപകടം പിടിച്ചതുമായ വഴികളിലൂടെയുള്ള സഞ്ചാരമാണ്. 

 

മൂത്തോനിൽ നിവിൻ പോളിയില്ല; അക്ബർ മാത്രം

 

നിവിൻ പോളി എന്ന നടനെക്കുറിച്ച് മലയാളി പ്രേക്ഷകർക്ക് ഒരു സങ്കൽപമുണ്ട്. വടക്കൻ സെൽഫി, പ്രേമം എന്നിവയിൽ കണ്ട ചോക്ലേറ്റ് പയ്യനെയോ ആക്‌ഷൻ ഹീറോ ബിജു, മിഖായേൽ, കൊച്ചുണ്ണി എന്നിവയിൽ കണ്ട ആക്‌ഷൻ താരത്തെയോ ഈ നിവിൽ പോളിയിൽ കണ്ടെത്താനാകില്ല. കണ്ണുകൾ കൊണ്ടും ശരീരഭാഷ കൊണ്ടും വൈകാരിക സംവേദനം നടത്തുന്ന നിവിൻ പോളിയുടെ അഭിനയം ആരെയും അതിശയിപ്പിക്കും. തന്റെ കരിയർ ബെസ്റ്റ് ആണ് ഈ ചിത്രമെന്നതിൽ നിവിൻ പോളിക്കും അഭിമാനിക്കാം. ചിത്രത്തിന്റെ മുഴുവൻ മൂഡ് പോലെ തന്നെ രണ്ടു ടോണിലാണ് നിവിൻ പോളിയുടെ അഭിനയവും. ലക്ഷദ്വീപിലെ എല്ലവർക്കും പ്രിയങ്കരനായ അക്ബറും കാമാത്തിപുരയിലെ ഭായിയും രണ്ടു തലങ്ങളിൽ നിൽക്കുന്ന കഥാപാത്രമാണ്.

 

കഥാപാത്രങ്ങൾ ഒന്നിനൊന്ന് മെച്ചം

 

റോഷൻ മാത്യുവാണ് ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം. സംസാരശേഷിയില്ലാത്ത അമീറിന്റെ വേഷം റോഷൻ ഗംഭീരമാക്കുന്നു. മുല്ലയായി എത്തുന്ന സഞ്ജന ദ്വീപു, ഹിജഡയായി വേഷമിടുന്ന സുജിത് ശങ്കർ, സലീമായി എത്തുന്ന ശശാങ്ക് അറോറ, മൂസയായി അഭിനയിക്കുന്ന ദിലീഷ് പോത്തൻ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആമീനയ്ക്കും (മെലീസ രാജു) റോസയ്ക്കും (ശോബിത) ശ്രദ്ധേയ വേഷമാണ്. ചെറിയ വേഷങ്ങളിൽ എത്തുന്നവർ പോലും പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിക്കുന്നു. അത്ര ശക്തമാണ് ഓരോ കഥാപാത്രവും, അത്രയും വശ്യമാണ് ഓരോരുത്തരുടെയും പ്രകടനവും.

 

ഛായാഗ്രഹണവും എഡിറ്റിങ്ങും

 

രാജീവ് രവിയുടെ ഛായാഗ്രഹണവും എ‍ഡിറ്റിങ്ങും മികച്ചതാണ്. ചിത്രത്തിന്റെ മുഴുവൻ ടോണിനെയും രണ്ടായി തിരിക്കാം. ലക്ഷദ്വീപിന്റെ മനോഹര പിക്ചർ ടോണും കാമാത്തിപ്പുരയിലെ ടോണും. ഛായാഗ്രഹണം സംവിധാനത്തെ നന്നായി സഹായിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ അനുഷ്ഠാനങ്ങളും ആചാരങ്ങളും അതിന്റെ തനിമ ചോരാതെ പകർത്താനും മുംബൈയിലെ ഗലികളെ അതേപടി പകർത്താനും രാജീവ് രവിക്കു കഴിഞ്ഞു.

 

സംഗീതം

 

ഹിന്ദി ചിത്രങ്ങളിൽ കൂടുതലും വർക്ക് ചെയ്തിട്ടുള്ള സ്നേഹ ഖൻവർക്കാറും ഗോവിന്ദ് വാസന്തയും ചേർന്നാണ് ചിത്രത്തിനായി മികച്ച രീതിയിൽ സംഗീതമൊരുക്കിയിരിക്കുന്നത്. ഗീതു മോഹൻദാസ്, അനുരാഗ് കശ്യപ്, എസ്. വിനോദ് കുമാർ, അജയ് ജി. റായ്, അലൻ മക്അലക്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

 

പ്രേക്ഷകരുടെ എല്ലാ അനുമാനങ്ങളും ഈ സിനിമ മാറ്റിമറിക്കും. തെല്ലൊരു ആശ്ചര്യമാകും സിനിമ കഴിഞ്ഞ് ഇറങ്ങുന്നവരുടെ മനസ്സിലുണ്ടാകുക. അടി, ഇടി തമാശ, പ്രണയം എന്നിവയുടെ പതിവ് കോമേഴ്സ്യൽ ചേരുവകൾ ഇല്ലെങ്കിലും ഒരു സിനിമാപ്രേമിക്ക് ആസ്വദിക്കാവുന്ന എല്ലാ ചേരുവകളുമുള്ള കലാമൂല്യമുള്ളൊരു ചിത്രമാണ് മൂത്തോൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com