ഹെലൻ ഈസ് ഹെവൻ: റിവ്യൂ

helen-movie-review
SHARE

ഒരു മുറിക്കുള്ളിൽ കുറച്ചു നേരം തനിച്ചു കഴിയേണ്ടി വരുന്നത് നമ്മിൽ പലർക്കും വളരെ സാധാരണമായിരിക്കാം. എന്നാൽ ഒരു വലിയ കെട്ടിടത്തിനുള്ളിലെ ചെറിയ മുറിയിൽ പുറത്തു കടക്കാനാവാത്ത വിധം അകപ്പെടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതത്ര ഭയപ്പെടുത്തുന്നില്ലെങ്കിൽ, ആ ചെറിയ മുറിക്കു പകരം ഒരു ഫ്രീസറാണെങ്കിലോ? ചോരയുറഞ്ഞുപോകുന്ന ആ ഭയത്തിന്റെയും നിസ്സഹായാവസ്ഥയുടെയും പേരാണ് ഹെലൻ. 

ഹെലൻ എന്ന പെൺകുട്ടിക്ക് എല്ലാം തന്റെ പപ്പയാണ്. സിഗരറ്റ് വലിക്കുന്നതിനു തന്നെ ശാസിക്കുന്ന, മരുന്ന് നേരത്തിനു കഴിക്കാൻ അപ്പപ്പോൾ ഫോൺ ചെയ്ത് ഒാർമിപ്പിക്കുന്ന മകളാണ് ആ പപ്പയ്ക്കും എല്ലാത്തിലും വലുത്. ഐഇഎൽടിസ് പാസ്സായി കാനഡയിൽ പോയി ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടുകയാണ് അവളുടെ ലക്ഷ്യം. പപ്പയോടു പോലും പറയാത്തൊരു പ്രണയവും അവൾക്കുണ്ട്. അതുവരെ അവളുടെ പദ്ധതിക്കനുസരിച്ചു പോയ കാര്യങ്ങൾ പെട്ടെന്നൊരു ദിവസം കീഴ്മേൽ മറിയുന്നു. ഒരു വലിയ മാളിലെ ഫ്രീസറിൽ, കൊടുംതണുപ്പിൽ അവൾ അകപ്പെടുന്നു. ഹെലൻ എന്ന സിനിമയുടെ പ്രമേയം ഇതാണ്.

ഹെലനെയും അവളുടെ ചുറ്റുമുള്ള കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും പ്രേക്ഷകനു നന്നായി മനസ്സിലാക്കി കൊടുക്കുന്നതാണ് ആദ്യ പകുതി. ആദ്യ ഷോട്ട് മുതൽ വളരെ മനോഹരമായാണ് സിനിമ പുരോഗമിക്കുന്നത്. മുഖത്ത് എപ്പോഴും ചിരിയുള്ള, എല്ലാവരോടും സ്നേഹമുള്ള, പപ്പയെ ശാസിക്കുന്ന, കാമുകനോട് വഴക്കിടുന്ന ഹെലൻ. അവളുടെ കുട്ടിത്തം നിറഞ്ഞ നോട്ടങ്ങളും സംഭാഷണങ്ങളും അതേസമയം പക്വമായ ഇടപെടലുകളും പ്രേക്ഷകനെ ആകർഷിക്കും. കുറച്ചു കാലങ്ങളായി മലയാള സിനിമയിൽ കണ്ടു കിട്ടാനില്ലാതിരുന്ന ‘അയലത്തെ കുട്ടി ഇമേജ്’ ഇൗ സിനിമയിൽ ഹെലനും ഒരു പക്ഷേ ഇനിയങ്ങോട്ടുള്ള കാലത്ത് ഹെലനായെത്തിയ അന്നാ ബെന്നിനും ചാർ‌ത്തിക്കിട്ടിയേക്കാം. അച്ഛനും മകളുമൊത്തുള്ള രംഗങ്ങൾ സാധാരണ കാണാറുള്ള ക്ലീഷേകളല്ല എന്നതും സിനിമയുടെ പ്രത്യേകതയാണ്.

anna-ben-lal

ത്രില്ലർ സ്വഭാവത്തിലാണ് രണ്ടാം പകുതി. അമാനുഷിക ഇടപെടലുകൾ നടത്താൻ കഴിവുള്ള കഥാപാത്രങ്ങൾ ഇല്ലാത്ത സിനിമയിൽ സാധാരണ മനുഷ്യരും അവരുടെ തീർത്തും സാധാരണമായ പ്രവൃത്തികളുമാണ് വഴിത്തിരിവാകുന്നത്. പെൺകുട്ടികളെ കാണാതായാൽ ഇന്നാട്ടിലെ നിയമം അതിനെ എങ്ങനെയാണു നോക്കിക്കാണുന്നതെന്ന് വിമർശനാത്മകമായി സിനിമ പരിശോധിക്കുന്നു. ഒപ്പമുള്ളപ്പോൾ പറയാൻ ശ്രമിക്കാതിരുന്ന പല കാര്യങ്ങളും പിന്നീടു പറയണമെന്നു തോന്നുമ്പോൾ അതു കേൾക്കാനുള്ളവർ അടുത്ത് ഇല്ലാതാകുന്ന നിസ്സഹായതയും സിനിമ തുറന്നു കാണിക്കുന്നു. ജാതിയും മതവും നോക്കി കൂട്ടു കൂടണമെന്ന് ഉപദേശിക്കുന്നവർക്കും ആക്ഷേപഹാസ്യരൂപേണ മറുപടി നൽകുന്നുണ്ട് ഇൗ ചിത്രം.

helen-movie-review-2

കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിൽ ബേബി മോളായി പ്രേക്ഷകരുടെ മനം കവർന്ന അന്ന ബെൻ രണ്ടാം സിനിമയിൽ അതിനെക്കാൾ ഒരു പടി കൂടി മുന്നിൽ നിൽക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചുവന്നു വീർത്ത മുഖവുമായി, അവസാനം വരെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തി ഒടുവിൽ നിസ്സഹായയായി ഹെലൻ വീഴുമ്പോൾ കാലും കയ്യും മരവിച്ച അവസ്ഥയിലേക്ക് പ്രേക്ഷകനും എത്തപ്പെടും. ഹെലന്റെ അച്ഛനായെത്തിയ ലാൽ പതിവു പോലെ തന്റെ റോൾ ഗംഭീരമാക്കി. ഹെലന്റെ കാമുകനായി അഭിനയിക്കുകയും സിനിമയുടെ രചനയിൽ പങ്കാളിയാവുകയും ചെയ്ത പ്രമുഖ നിർമാതാവ് നോബിൾ തോമസിനും അഭിമാനിക്കാനുള്ള വക ചിത്രം നൽകുന്നു. അജു വർഗീസ്, ബിനു പപ്പു, റോണി ഡേവിഡ്, ഒപ്പം ഇൗ സിനിമയിലഭിനയിച്ച ഒരു പറ്റം പേരറിയാത്ത അഭിനേതാക്കളും മികവോടെ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചു.

helen-movie-aju

2019–ൽ മലയാള സിനിമയിൽ നവാഗത സംവിധായകരുടെ എണ്ണത്തിൽ കുത്തൊഴുക്കുണ്ടായെങ്കിലും അവരിൽ ഭൂരിപക്ഷവും ആദ്യ ചിത്രത്തിലൂടെത്തന്നെ തങ്ങളുടെ മികവറിയിച്ചെന്നത് ആശാവഹമാണ്. ആ പുതിയ പ്രതിഭാനിരയിലെ ആദ്യ സ്ഥാനങ്ങളിലൊന്ന് മാത്തുക്കുട്ടി സേവ്യർ എന്ന പുതുമുഖ സംവിധായകനു നൽകാം. രചനയിൽ മാത്തുക്കുട്ടിക്കൊപ്പം പങ്കു വഹിച്ച ആൽഫ്രെഡ് കുര്യൻ ജോസഫും അഭിനന്ദനം അർഹിക്കുന്നു. ഒരു സർവൈവൽ ത്രില്ലർ മാത്രമായി ഒതുങ്ങിപ്പോയേക്കാമായിരുന്ന സിനിമയെ ഇമോഷനൽ ത്രില്ലറാക്കി മാറ്റുന്നതിൽ സംവിധായകനും രചയിതാക്കളും വലിയ പങ്കു വഹിച്ചു. ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും മികച്ചു നിന്നപ്പോൾ അളവിൽ കുറവെങ്കിലും ഗുണത്തിൽ മുന്നിൽനിന്നു ഷാൻ റഹ്മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും.

മനോഹരമായി, എന്നാൽ ഒട്ടും നാടകീയതയില്ലാതെ ഒരുക്കിയ ത്രില്ലറാണ് ഹെലൻ. ഒരു ത്രില്ലർ എന്നതിനെക്കാളുപരി മനുഷ്യർ വിസ്മൃതിയിലേക്ക് തള്ളി വിട്ട ചില നല്ല സന്ദേശങ്ങൾ ഒന്ന് ഒാർമിപ്പിക്കുക കൂടി ചെയ്യുന്നു ഇൗ ചിത്രം. ആരും നോക്കാത്തവരെ നോക്കി ഒന്നു പുഞ്ചിരിക്കാനും ജാതി നോക്കി കൂട്ടു കൂടണമെന്ന് പറയുന്നവരെ തിരുത്താനും കനേഡിയൻ ഡോളറിലല്ല യഥാർഥ ജീവിതമെന്ന് ഒാർമിപ്പിക്കാനും സിനിമയ്ക്കാവുന്നു. താരങ്ങളില്ലെങ്കിലും അധികം തമാശകളില്ലെങ്കിലും പ്രേക്ഷകന് മറക്കാനാകാത്ത അനുഭവം തന്നെയാണ് ഹെലൻ സമ്മാനിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ