sections
MORE

കെട്ട്യോൾ മാത്രമല്ല കെട്ട്യോനും മാലാഖ തന്നെ; റിവ്യു

kettiyolaanu-ente-malakha-review-1
SHARE

എന്താണ് ദാമ്പത്യത്തിന്റെ രസതന്ത്രം എന്ന് അന്വേഷിക്കുന്ന ഹൃദ്യമായ കുടുംബചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ വിവാഹത്തിനായി ഒരുങ്ങുന്ന സമയത്ത് മനഃശാസ്ത്ര ഡോക്ടർക്കു കത്തയക്കുന്ന രംഗം ഓർമയില്ലേ? ഭാര്യയെ മനഃശാസ്ത്രപരമായി എങ്ങനെ കീഴടക്കാം എന്ന ആ സംശയം, വിരൽത്തുമ്പിൽ എല്ലാ വിവരങ്ങളും ലഭ്യമായ ഈ സൈബർ കാലഘട്ടത്തിലും പ്രസക്തമാണെന്നു പറയുകയാണ് ചിത്രം.

പുതുമുഖം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അജി പീറ്റര്‍ ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ അവതരിപ്പിക്കുന്നു. ആസിഫ് അലി, വീണ നന്ദകുമാർ, ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, രവീന്ദ്രൻ തുടങ്ങിയവരും ഒരുകൂട്ടം പുതുമുഖങ്ങളുമാണ് സിനിമയിലുള്ളത്.

പ്രമേയം..

ഒരു മലയോര ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സ്ലീബാച്ചൻ അധ്വാനിയും കുടുംബസ്നേഹിയുമായ ചെറുപ്പക്കാരനാണ്. കല്യാണപ്രായം കടന്നുപോയിട്ടും സ്ലീബാച്ചൻ ബാച്ചിലർ ആയി തുടരുകയാണ്. അതിന്റെ പിന്നിലെ രഹസ്യമാണ് ചിത്രത്തിന്റെ കഥാതന്തു. വീട്ടുകാരുടെ നിർബന്ധത്തിനൊടുവിൽ സ്ലീബാച്ചൻ പെണ്ണുകെട്ടാൻ സമ്മതിക്കുന്നു. പക്ഷേ ദാമ്പത്യബന്ധത്തിൽ പുലർത്തേണ്ട ചില ഔചിത്യങ്ങൾ പാലിക്കാത്തതു മൂലം (അറിവില്ലായ്മയാണ് കാരണം) അവരുടെ ദാമ്പത്യത്തിൽ തുടക്കത്തിലേ കല്ലുകടി ഉണ്ടാകുന്നു. തുടർന്നുള്ള വഴിത്തിരിവുകളാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

kettiyolaanu-ente-malakha-review-2

അഭിനയം...

ഭർത്താവിന്റെ വേഷം ആദ്യമായണിയുന്ന ചെറുപ്പക്കാരന്റെ ടെൻഷനും കൺഫ്യൂഷനുമെല്ലാം ആസിഫ് അലി ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഏറെക്കുറെ പുതുമുഖമായ വീണ നന്ദകുമാർ ചിത്രത്തിൽ മനോഹരമായ അഭിനയം കാഴ്ച വയ്ക്കുന്നു. പ്രത്യേകിച്ചും വൈകാരിക രംഗങ്ങൾ ചുരുങ്ങിയ വാക്കുകളിൽ, നോട്ടത്തിൽ ഹൃദ്യമായി വിനിമയം ചെയ്യുന്നു. ചിത്രത്തിൽ സ്ലീവാച്ചന്റെ അമ്മ, സഹോദരിമാർ, നാട്ടുകാർ എന്നിവരായി എത്തിയ അഭിനേതാക്കളും സ്വാഭാവികതയുള്ള പ്രകടനത്തിലൂടെ കയ്യടി നേടുന്നു.

Kettiyolaanu Ente Malakha Promotional Video

സാങ്കേതിക വശങ്ങൾ...

കൗതുകമുള്ള ഒരു ചെറിയ കഥാതന്തുവിൽനിന്നു വികസിക്കുന്ന കഥയാണ് ചിത്രം. അതിനാൽ തിരക്കഥ തന്നെയാണ് ഇവിടെ താരം. ഒരു പുതുമുഖ സംവിധായകൻ ആയിട്ടും നിസാം ബഷീര്‍ ചിത്രത്തെ ഭംഗിയായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ മലയോര ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും ജീവിതവുമെല്ലാം ചിത്രത്തിൽ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ ഛായാഗ്രഹണത്തിന്റെ പങ്കും വലുതാണ്. ചിത്രത്തിന്റെ ട്രെയിലർ ആയി എത്തിയത് ഒരു ഗാനത്തിന്റെ കുറച്ചു ഭാഗങ്ങളായിരുന്നു. അതിൽ തന്നെ ചിത്രത്തിന്റെ കഥ ബുദ്ധിപരമായി ഒളിപ്പിച്ചിട്ടുണ്ട്. ഗാനങ്ങൾ, പശ്ചാത്തല സംഗീതം എന്നിവ മികവ് പുലർത്തുന്നു.

രത്നച്ചുരുക്കം..

കീഴടക്കൽ അല്ല, മറിച്ച് പരസ്പരസ്നേഹവും ഹൃദയം തുറന്നുള്ള സംസാരവുമാണ് ഭാര്യമാരുടെ ഹൃദയത്തിലേക്കുള്ള വാതിൽ എന്ന് സ്ലീബാച്ചൻ തിരിച്ചറിയുന്നിടത്ത് ചിത്രം ശുഭപര്യവസായി ആകുന്നു. കേരളത്തിൽ വിവാഹമോചനങ്ങൾ വർധിക്കുന്നതിൽ ഒരു പ്രധാനകാരണം ലൈംഗിക ജീവിതത്തിലെ താളപ്പിഴകളാണ്. മൊബൈൽ സ്ക്രീനിലെ നിറംപിടിപ്പിച്ച രംഗങ്ങൾ കിടപ്പുമുറിയിൽ പകർത്താൻ ശ്രമിക്കുന്നിടത്താണ് താളപ്പിഴകൾ ഉണ്ടാകുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന ചെറുപ്പക്കാരുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പറയുന്നതുവഴി ചിത്രം കാലിക പ്രസക്തമായ ഒരു സന്ദേശവും നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA