sections
MORE

ഹാപ്പിയായി കാണാം ഹാപ്പി സർദാർ; റിവ്യു

happy-sardar-review
SHARE

സംസ്കാരങ്ങളും നാടും മാറുമ്പോൾ, അല്ലെങ്കിൽ മിശ്ര വിവാഹമാകുമ്പോൾ ചടങ്ങുകളുടെയും മറ്റും വ്യത്യസ്തത കാരണം വിവാഹങ്ങൾ വിവാദമാകുന്ന സംഭവങ്ങൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട്. പലസിനിമകളിലും വ്യത്യസ്തവും രസകരവുമായി ഇത് അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ വളരെ രസകരമായ, വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണ് ഹാപ്പി സർദാർ.

പഞ്ചാബിലെ സർദാർ പയ്യനും (പകുതി മലയാളി) കോട്ടയത്തെ അച്ചായത്തിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. രണ്ടു സംസ്കാരങ്ങളും മൂല്യങ്ങളും കുടുംബ മഹിമയും മുറുകെ പിടിക്കുന്ന രണ്ടു കുടുംബങ്ങളെ പറഞ്ഞു സമ്മതിപ്പിച്ച് ഒന്നിക്കാനുള്ള പ്രണയിതാക്കളുടെ ശ്രമങ്ങളും അതിനു പിന്നാലെ ഉണ്ടാകുന്ന സംഭവ ബഹുലവും രസകരവുമായ സാഹചര്യങ്ങളുമാണ് ഹാപ്പി സർദാറിന്റെ ഹൈലറ്റ്.

Happy Sardar Official Trailer | Sudip&Geethika | Haseeb Haneef | Kalidas Jayaram | Sreenath Bhasi

പഞ്ചാബി, കേരള സംസ്കാരങ്ങളുടെ ഒത്തുചേരലിന്റെ കഥ പറയുന്ന ആഘോഷ ചിത്രത്തിൽ നായകൻ ഹാപ്പി സിങ്ങായി എത്തുന്നത് കാളിദാസ് ജയറാമാണ്. അഭിനയിക്കുന്ന ചിത്രങ്ങളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിക്കുന്ന കാളിദാസ് ജയറാമിന്റെ മറ്റൊരു നല്ല വേഷമാണ് സർദാർ. പ്രേമത്തിലെ ‘കോഴി’യെ ഓർമിപ്പിക്കുന്ന പെർഫോമൻസുമായി എത്തുകയാണ് ഷറഫുദ്ദീൻ. ക്‌നാനായ അച്ചായനായി സിദ്ദിഖ് കസറി. ബോളിവുഡ് നടന്‍ ജാവേദ് ജഫ്രിക്കും ചിത്രത്തിൽ മികച്ച കഥാപാത്രമാണ് ലഭിച്ചത്. നായകന്റെ അച്ഛനായ, പട്ടാളച്ചിട്ടയുള്ള സർദാറിന്റെ വേഷം ജാവേദ് ജഫ്രി മികച്ചതാക്കി. ഒപ്പം അൽപം മുറി മലയാളവും പറയാൻ ശ്രമിച്ചിട്ടുണ്ട്.

സാധാരണ പ്രണയകഥകളുടെ ക്ലീഷെ ഒഴിവാക്കാൻ ഹാപ്പി സർദാർ ശ്രമിക്കുന്നുണ്ട്. നിരവധി ഹിറ്റ് പ്രണയകഥകൾ സിനിമയിൽ ഒന്ന് ഓർത്തുപോകുന്നുമുണ്ട്. തനി പഞ്ചാബി കുടുംബങ്ങൾ, അവരുടെ സംസ്കാരം, സ്വഭാവം, അവിടുത്തെ കടുക് വയലുകൾ, വസ്ത്രങ്ങൾ, നൃത്തം എല്ലാം കളർഫുളായാണ്  ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം കുട്ടനാടിന്റെ സൗന്ദര്യം വെളിവാക്കുന്ന ഫ്രെയിമുകളും. ചിത്രത്തിലുടനീളം തമാശകൾ ഉണ്ട്. കഥാപാത്ര അവതരണവും പ്രണയവും പറയുന്ന ആദ്യ പകുതിയേക്കാൾ മെച്ചമാണ് രണ്ടാം പകുതി. അവിടെ സിനിമ കുറച്ചു കൂടി ലൈവാകുന്നുണ്ട്.

ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാർവതി, അഖില ചിപ്പി, സിതാര, രശ്മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നു. പ്രണയവും ആക്‌ഷനും അത്യാവശ്യം കോമഡിയുമൊക്കെയായി ഒരു എന്റർടെയ്നർ ഒരുക്കാൻ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന ഗീതിക–സുധീപ് ദമ്പതികൾക്കു കഴിഞ്ഞിട്ടുണ്ട്. അച്ചിച്ചാ മൂവിസിന്റെയും മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറിൽ ഹസീബ് ഹനീഫാണ് ചിത്രം നിർമിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

പഞ്ചാബി, കേരള സംസ്കാരങ്ങളുടെ പശ്ചാത്തലത്തിലെ പ്രണയ കഥയിൽ, തമാശ നിറച്ച് എന്നാൽ ബന്ധങ്ങളുടെ പ്രാധാന്യം ഓർമിപ്പിച്ച് ഒരുക്കിയ മികച്ചൊരു ഫാമിലി എന്റർടെയ്നറാണ് ഹാപ്പി സർദാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA