ADVERTISEMENT

ബലൂണുകൾ എന്നും കുട്ടികൾക്ക് ഹരമാണ്. വലുതാകുന്തോറും സന്തോഷം വർധിക്കുകയും പൊട്ടിയാൽ സങ്കടം നിറയ്ക്കുകയും ചെയ്യുന്ന വർണ ബലൂണുകൾ. കൈവിട്ടാൻ അന്തരീക്ഷത്തിലേക്ക് ഉയർന്ന് മേഘങ്ങൾക്കിടയിൽ പുതിയ കൂടു കൂട്ടാറുമുണ്ട് ബലൂണുകൾ. എന്നാൽ ടിബറ്റൻ താഴ്‍വരയിൽ വിശാലമായ പുൽമേടുകളിൽ നിറങ്ങളില്ലാത്ത ബലൂണുകളുമായി പൊട്ടിച്ചിരിച്ചു കളിച്ചു നടക്കുന്ന കുട്ടികളെ അച്ഛൻ ശാസിക്കുകയാണ്. അയാൾ കുട്ടികളുടെ പിറകെ ഓടി ആ ബലൂണുകൾ കുത്തിപ്പൊട്ടിക്കുന്നു. 

IFFI 2019: Balloon Trailer

 

ചന്തയിൽ പോകുമ്പോള്‍ വേറെ ബലൂണുകൾ വാങ്ങിക്കൊണ്ടുക്കൊടുക്കാമെന്ന് പറയുന്നുണ്ടെങ്കിലും കുട്ടികളുടെ സങ്കടം കുറയുന്നില്ല. അവർ കാത്തിരിപ്പിലാണ്. വർണ ബലൂണുകളുമായി എത്തുന്ന അച്ഛനെ കാത്ത്. അതിനിടെ അവർ ചോദിക്കുന്നുണ്ട്: കളിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ബലൂണുകൾ..? ആ ചോദ്യത്തിന് അച്ഛന് ഉത്തരമില്ല. വളർന്നുവലുതാകുമ്പോൾ ഉത്തരം കുട്ടികൾ സ്വയം കണ്ടെത്തുമെന്ന് ആശ്വസിക്കാനേ അയാൾക്കു കഴിയുന്നുള്ളു. ടിബറ്റൻ താഴ്‍വരയിലാണ് ആ കുടുംബം താമസിക്കുന്നത്. മുത്തച്ഛനും മൂന്നു മക്കൾക്കുമൊപ്പം ഡ്യാർഗ്യയും ഡ്രെോൽക്കറും. 

 

അവരുടെ വീട്ടിൽ മാത്രമല്ല, ആ താഴ്‍വരയിലെ പല വീടുകളിലുമുണ്ട് ബലൂണുകൾ. പക്ഷേ, അവ ബലൂണുകളല്ലെന്നതാണ് യാഥാർഥ്യം. ഗർഭ നിരോധന ഉറകളാണ് ബലൂണുകൾ എന്നു കരുതി കുട്ടികൾ മോഷ്ടിക്കുന്നതും കളിക്കാൻ ഉപയോഗിക്കുന്നതും. അവ കുട്ടികളുടെ കയ്യിൽ കാണുമ്പോൾ മുതിർന്നവർ അവരെ ശകാരിക്കുകയും ഉറകൾ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. ആ താഴ്‍വരയിൽ മാത്രമല്ല, ചൈനയിൽ തന്നെ നിലനിൽക്കുന്ന നിയമമാണ് ബലൂണുകൾ ഓരോ വീട്ടിലും അനിവാര്യമാക്കുന്നത്. ദമ്പതികൾക്ക് മൂന്നു കൂട്ടികൾ എന്ന നയം ചൈനിയിൽ നിലവിലിരുന്നപ്പോഴത്തെ യാഥാർ‌ഥ്യം. ആ കാലത്തിന്റെയും ബലൂണുകളുടെയും കഥയാണ് 24-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബലൂൺ എന്ന ചിത്രം പറയുന്നത്. 

 

പ്രതീക്ഷ കാത്തതിനൊപ്പം മികച്ച ചലച്ചിത്രാനുഭവം സമ്മാനിച്ചാണ് നിറഞ്ഞ കയ്യടികളുടെ ആരവത്തിൽ പെമ സെഡൻ സംവിധാനം ചെയ്ത് കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ബലൂൺ അവസാനിച്ചത്. മൂന്നു കുട്ടികൾ മാത്രം എന്ന നയം കർശനമായി നടപ്പാക്കുകയാണ് ചൈന. അതിലുപരി കുടുംബത്തിൽ ഒരു കുട്ടി കൂടി എന്നത് അപശകുനമായും പലരും കാണുന്നു. ഡ്യാർഗ്യയും ഡ്രോൽക്കറും മൂന്നു കുട്ടികൾ മതി എന്ന തീരുമാനിച്ചവരുമാണ്. പക്ഷേ, അപ്രതീക്ഷിതമായി ഡ്രോൽക്കർ ഗർഭിണിയാകുന്നതോടെ സന്തോഷഭരിതമായ അവരുടെ ജീവിതം തകിടം മറിയുന്നു. ജനിക്കാനിരിക്കുന്ന കുട്ടി അവരെ വിട്ടുപോയ മുത്തചഛന്റെ അവതാരമാണെന്ന പ്രവചനം കൂടി എത്തുന്നതോടെ ആ കുടുംബം ഒറ്റപ്പെടുകയാണ്. 

 

അവരുടെ കുട്ടികൾ ഗർഭനിരോധന ഉറകളുമായി കളിച്ച സംഭവം നാട്ടിൽ പാട്ടാകുകയും ചെയ്യുന്നു. അപമാനത്തിനൊപ്പം കാത്തുസൂക്ഷിക്കുന്ന രഹസ്യത്തിന്റെ ഭാരവും അവരുടെ മനസമാധാനം ഇല്ലാതാക്കുന്നു. വളർന്നുവരുന്ന മൂന്നു കുട്ടികൾ. നിയമം ലംഘിച്ച് ജനിക്കാനിരിക്കുന്ന കുട്ടി. ആ കുട്ടി ജനിച്ചാൽ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ. ഗർഭഛിദ്രം നടത്തിയാൽ പതിക്കാനിടയുള്ള മുത്തച്ഛന്റെ ശാപം. നിഷ്കളങ്കമായ പൊട്ടിച്ചിരിയിൽ തുടങ്ങുന്ന ചിത്രം സങ്കീർണതകളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നതോടെ ബലൂൺ മനോഹരമായ ചലച്ചിത്ര അനുഭവമായി മാറുന്നു. 

 

ചൈനീസ് നിമയങ്ങളുടെയും ടിബറ്റൻജനത ഉൾപ്പെടെയുള്ളവർ ആ നിയമങ്ങളുമായി പൊരുത്തപ്പെടാൻ നിരന്തരം നടത്തുന്ന സമരങ്ങളുടെയും ചിത്രീകരണമാകുന്നതോടെ ബലൂൺ നിഷ്കളങ്കമെന്നതിനേക്കാൾ രാഷ്ട്രീയ അജൻ‌ഡകളുള്ള ചിത്രം കൂടിയാകുന്നുണ്ട്. പ്രത്യക്ഷത്തിൽ ആ രാഷ്ട്രീയം തുറന്നുപറയുന്നില്ലെങ്കിലും ബലൂണിന്റെ ഓരോ രംഗങ്ങളിലും വാക്കുകളിൽപ്പോലും കുടുംബത്തിൽ അസമാധാനം നിറയ്ക്കുന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം അലയടിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകളുണ്ട്. അവിടെയുള്ള ഡോക്ടർമാർ കുടുംബാസുത്രണ മാർഗങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ഗർഭനിരോധന ഉറകൾ ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. 

 

കൃഷിയാണ് ജനങ്ങളുടെ ജീവിതമാർഗം. രാവിലെ മുതൽ വൈകിട്ടുവരെ അവർ അധ്വാനിക്കുന്നു. പ്രായമുള്ളവരും കുട്ടികളുമെല്ലാം ഒരുമിച്ചാണ് കൃഷി. ഓരോരുത്തരും അവരവർക്ക് ആകുന്ന ജോലികൾ ചെയ്യുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ആഴ്ചയിലൊരിക്കൽ ഗൃഹനാഥൻ ചന്തയിൽപോയി വീട്ടിലേക്ക് ആവശ്യമുള്ള വസ്തുക്കളെല്ലാം വാങ്ങിക്കൊണ്ടുവരുന്നു. ആഡംബരങ്ങളില്ലാത്ത, കൊച്ചുകൊച്ചു സന്തോഷങ്ങളുടെ തുരുത്തുകളാണ് ഓരോ വീടുകളും. അവരെ വലയ്ക്കുന്നത് ജനാധിപത്യത്തെ തെല്ലും ബഹുമാനിക്കാത്ത സർക്കാർ കാലാകാലങ്ങളിൽ നടപ്പാക്കുന്ന കരിനിയമങ്ങളും. 

 

ടിബറ്റിന്റെ ആകാശത്തിലേക്ക് ഒരു ചുവന്ന ബലൂൺ പറന്നകലുകയും മറ്റൊരു  ബലൂൺ പൊട്ടുകയും ചെയ്യുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. പറന്നകലുന്നത് കുട്ടികളുടെ സന്തോഷമാണ്. മുതിർന്നവരുടെ സമാധാനമാണ്. അപ്പോഴേക്കും ഒരു വിങ്ങലിൽനിന്ന് കടുത്ത അസ്വസ്ഥതയായി ജനിക്കാനിരിക്കുന്ന കുട്ടിയുടെ ഭാവി പ്രേക്ഷകരെ കീഴ്പ്പെടുത്തുന്നു. അതാൺ ബലൂൺ നൽകുന്ന സന്ദേശം. ആ സന്ദേശം മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണ് ബലൂണിനു ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com