ADVERTISEMENT

സദാചാര ഗുണ്ടായിസം ലോകമെങ്ങും ചർച്ചാവിഷയമാകുമ്പോൾ, തുർക്കിയുടെ പശ്ഛാത്തലത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ സ്വന്തം അധികാരപരിധി കടന്ന് സഹജീവികളുടെ ജീവിതത്തിൽ ഇടപെടാൻ നടത്തുന്ന ശ്രമമാണ് പാസ്സ്ഡ് ബൈ സെൻസർ എന്ന ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. 24-ാം രാജ്യാന്ത ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമെന്നതിലുപരി പുതിയ വർഷം ലോക സിനിമയുണ്ടായ  അതിശയം കൂടിയാണ് പാസ്സ്ഡ് ബൈ സെൻസർ എന്ന തുർക്കി സിനിമ. സെർഹത് കറാസ്‍ലാൻ എന്ന യുവസംവിധായകന്റെ ആദ്യ ഫീച്ചർ സിനിമ പറയുന്നത് ഇന്നത്തെ ലോകത്തിന്റെ കഥയാണ്, സൂക്ഷ്മാഭിനയത്തിലൂടെയും മികച്ച തിരക്കഥയിലൂടെയും മികച്ച അഭിപ്രായം നേടുന്ന ലോക സിനിമ. 

 

Passed by Censor Trailer

ഉദ്ഘാടന ചിത്രത്തിന് എന്നും തിരുവനന്തപുരത്ത് പ്രേക്ഷകരേറെയാണ്. കാൽനൂറ്റാണ്ടിലേറെ ചരിത്രമുള്ള കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓരോ ഉദ്ഘാടന ചിത്രവും എന്നും മനസ്സിലോർത്തുവയ്ക്കുന്ന പ്രേക്ഷകരുമുണ്ട്. അവരെ സംതൃപ്തപ്പെടുത്തുന്ന സിനിമയല്ല പാസ്സ്ഡ് ബൈ സെൻസർ‍. അതിന്റെ അടയാളമാണ് ചിത്രത്തിന്റെ അവസാനത്തിൽ നിശാഗന്ധിയിൽ നിറഞ്ഞുനിന്ന നിശ്ശബ്ദത. കയ്യടിയുണ്ടായില്ല. ആർപ്പുവിളികളുണ്ടായില്ല. വൺസ് മോർ വിളികളുണ്ടായില്ല. ഉദ്ഘാടന ചിത്രത്തിനുശേഷം പ്രേക്ഷകർ ഒന്നൊന്നായി നിശാഗന്ധി വിട്ടു; മികച്ച സിനിമകൾ അടുത്ത ദിവസങ്ങളിൽ കാണാനാകുമെന്ന പ്രതീക്ഷയോടെ. 

 

സംഭവബഹുലമായ കഥ പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു പാസ്സ്ഡ് ബെ സെൻസറിന്റേത്. പതിഞ്ഞ തുടക്കം, സംഭാഷണങ്ങൾ പോലുമില്ലാതെ സൂക്ഷ്മചലനങ്ങളിലൂടെ കഥ സംവേദിപ്പിക്കാനുള്ള പരിശ്രമം. നായകൻ അസാധ്യമായ അഭിനയത്തിലൂടെ ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നുവെങ്കിൽ ആദ്യ അരമണിക്കൂറിലെ നിശ്ശബ്ദ ചലനങ്ങൾ പ്രേക്ഷകരിൽ ഏറെപ്പേരെ അകറ്റി. തുർക്കിയിലെ ഒരു സർക്കാർ ഉദ്യാഗസ്ഥനാണ് ചിതത്തിലെ നായകൻ. 

 

ചെറുപ്പക്കാരൻ. അയച്ചുകിട്ടുന്ന കത്തുകളിൽനിന്ന് അപകീർത്തികരമായ വസ്തുതകൾ ഒഴിവാക്കി സെൻസറുടെ അംഗീകാരകത്തോടെ ജനങ്ങളിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. ഓരോ വാക്കും സൂക്ഷ്മമായി പരിശോധിക്കുക. രഹസ്യ സന്ദേശം എന്നോ രാജ്യസുരക്ഷയ്ക്ക് അപകടകരമെന്നോ അനുമാനിക്കാവുന്ന വിവരങ്ങൾ വെറുതെ വെട്ടുകയല്ല, പൂർണമായും മായ്ക്കുകയാണ് ജോലി. വിരസമായ ജോലിക്കിടെ ഒരു യുവതിയുടെ കത്തും ചിത്രവും പാസ്സ്ഡ് ബൈ സെൻസർ എന്ന ചിത്രത്തിലെ നായകന്റെ കൈകളിലെത്തുന്നു. 

മറ്റു കത്തുകൾ പോലെ അതയാൾക്ക് ഉപേക്ഷിക്കാനായില്ല. കത്തിലെ വരികൾക്കിടയിലൂടെ അയാൾ ഒരു ജീവിതകഥ അറിയാൻ ശ്രമിക്കുന്നു. ചെറുപ്പത്തിലേ, ഒരു വയോധന്റെ ഭാര്യയായി ജീവിക്കേണ്ടിവരുകയും യാഥാർഥ്യത്തെക്കുറിച്ച് പുറത്താരോടും പറയാനും അനുവാദമില്ലാത്ത അവസ്ഥ. സർക്കാർ ഉദ്യോഗസ്ഥൻ കത്തിലൂടെ യഥാർഥ യുവതിയെ കണ്ടെത്താൻ ശ്രമിക്കുകാണ്. അവർ വിവാഹിതയാണ്. ഗർഭിണിയാണ്. അതൊന്നും  അയാളുടെ മനുഷ്യത്വപരമായ അന്വേഷണത്തിന് തടസ്സമാകുന്നില്ല. സമൂഹവും കുടുംബവും ഒരുക്കിയ വേലിക്കെട്ടുകൾ കടന്ന് താൻ തേടുന്ന പെൺകുട്ടിയെ കണ്ടെത്തുകയാണ് അയാളുടെ ലക്ഷ്യം. ആ യാത്രയുടെ കഥയാണ് പാസ്സ്ഡ് ബൈ സെൻസർ. ‌

മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നവരെ സദാചാര ഗുണ്ടയായി മുദ്രകുത്തുന്നതാണ്  ഇന്ന് പരിഷ്ക്രിത രാജ്യങ്ങളിലെ പതിവ്. പാസ്സ്ഡ് ബൈ സെൻസറിലെ നായകനും സദാചാര ഗുണ്ടയായി സ്വയം അവരോധിക്കുകയാണ്. അതാകട്ടെ, പുറം ലോകം അറിയാകത്ത ഒരു യുവതിയെ അവരുടെ ദുരന്ത ജീവിതത്തിൽനിന്ന കര കയറ്റാനും. 

 

തനിക്കു കിട്ടുന്ന കത്തുകളിൽനിന്ന് അപകീർത്തികരമായവ മാത്രം തിരിച്ചറിയുകയും വെട്ടിമാറ്റുകയും ചെയ്യേണ്ട ഉദ്യോഗസ്ഥൻ ഒരു യുവതിയുടെ യഥാർഥ ജീവിതകഥയിലേക്ക് പ്രവേശിക്കുന്നതിലൂടെ കഥ മാറുകയാണ്; അഭിനയവും. ഇരയായ യുവതി തന്നെക്കുറിച്ചുള്ള ഒരു സത്യവും വെട്ടിത്തുറന്നു പറയുന്നില്ലെങ്കിലും അവരുടെ വാക്കുകളിലൂടെയും നോക്കുകളിലൂടെയും അവരനുഭവിക്കുന്ന ജീവിതദുരന്തത്തെ പ്രേക്ഷകരിലേക്ക് പകരാനാണ് സംവിധായകൻ പരിശ്രമിക്കുന്നത്. ഒന്നര മണിക്കൂർ നീളുന്ന ചിത്രത്തിന്റെ ആദ്യ അരമണിക്കൂർ വിരസമാണെങ്കിലും അവസാനത്തെ മുക്കാൽ മണിക്കൂർ മികച്ച ചിത്രത്തിന്റെ ഉദാത്തമായ അവസ്ഥയിലേക്ക് ഉയരുന്നുണ്ട്. കഥയും തിരക്കഥയും സംവിധാനവും പശ്ഛാത്തല സംഗീതവും എല്ലാം കൂടി 24-ാം രാജ്യാന്തര ചലച്ചിത്ര മേളയ്ക്കെത്തിയ പ്രേക്ഷകരെ ഒരുപരിധി വരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രം. 

 

കേരളത്തിലും ഇന്നു സജീവമായി ചർച്ച ചെയ്യുപ്പെടുന്ന സദാചാര ഗുണ്ടായിസത്തിന്റെ മറുവശമാണ് പാസ്സ്ഡ് ബൈ സെൻസർ കാഴ്ചവയ്ക്കുന്നത്. മറ്റൊരാളുടെ ജീവിതത്തിൽ ഒരു വ്യക്തിക്ക് എത്രമാത്രം ഇടപെടാനാവുമെന്ന വിവാദ ചോദ്യത്തിന്റെ ഉത്തരവും. സഹജീവികളുടെ പ്രശ്നത്തിൽ ഇടപെടുന്നതോടെ സ്വഭാവദൂഷ്യക്കാരൻ എന്ന ഇമേജാണ് ചിത്രത്തിലെ നായകനു ലഭിക്കുന്നത്. അതാകട്ടെ അയാൾ സ്വന്തം ഇഷ്ടപ്രകാരം നേടിയെടുക്കുന്നതാണു താനും.  ഉദ്ഘാടന ചിത്രത്തിന്റെ ഗാംഭീര്യം നിലനിർത്തിയില്ലെന്ന അഭിപ്രായം പങ്കിടുമ്പോൾ തന്നെ മികച്ച സിനിമാ പ്രേക്ഷകനെ സംതൃപ്തിപ്പെെടുത്തുന്ന ഘടകങ്ങൾ പാസ്സ്ഡ് ബൈ സെൻസറിലുണ്ടു താനും. കയ്യടികളോടോ വരവേറ്റില്ലെങ്കിലും ഉദ്ഘാടന ചിത്രത്തിന് നിശാഗന്ധിയിൽ ലഭിച്ചത് മികച്ച പ്രതികരണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com