ADVERTISEMENT

ദൃശ്യാഖ്യാനത്തിനു തുർക്കി സിനിമ വികസിപ്പിച്ചെടുത്ത സവിശേഷമായ ഒരു റിയലിസമുണ്ട്. തുർക്കിയുടെ ഗ്രാമീണജനതയുടെ ജീവിതസ്വഭാവങ്ങളെ ആവിഷ്കരിക്കുന്ന രീതി കഴിഞ്ഞ കുറേ വർഷങ്ങളായി ആ രാജ്യത്തുനിന്നുള്ള സിനിമകൾക്കുണ്ട്. കഴിഞ്ഞ ഐഎഫ്ഐകെയിലും തുർക്കി മൽസരവിഭാഗത്തിലുണ്ടായിരുന്ന സിനിമ ഗൗരവമുള്ള സിനിമാ കാഴ്ചക്കാർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. മരിച്ചുപോയ പിതാവിനെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ മറവു ചെയ്യാനായി മക്കൾ ഒരു വണ്ടിയിൽ മൃതദേഹവുമായി പോകുന്ന ഒരു സിനിമയാണത്. മണിക്കൂറുകൾ നീണ്ട ആ യാത്രയ്ക്കിടെ മൃതദേഹം ചീഞ്ഞുതുടങ്ങുന്നു. ദുർഗന്ധം വമിക്കാനും തുടങ്ങുന്നു. പിതാവ് ഉപേക്ഷിച്ചുപോന്ന സ്വന്തം നാട്ടിൽ അദ്ദേഹത്തിന് ഒരു ഇരുണ്ട ഭൂതകാലം കൂടിയുണ്ട്. അതാണു സിനിമയുടെ മുഖ്യകഥാഗതി.

A Tale Of Three Sisters - Teaser (English Subtitles)

 

ഇത്തവണ തുർക്കിയിൽനിന്നുള്ള എ ടെയ്ൽ ഒരു ത്രീ സിസ്റ്റേഴ്‌സ് (അമീർ അൽപർ) സാമൂഹികയാഥാർഥ്യങ്ങളുടെ വിമർശനപരമായ ആഖ്യാനമികവു ശ്രദ്ധേയമായി. മൂന്നു പെണ്ണുങ്ങളുടെ ജീവിതമാണത്, ദാരിദ്ര്യം പുകയുന്ന തുർക്കിയിലെ വിദൂര ഗ്രാമത്തിലെ ദുരിത ജീവിതത്തിൽനിന്നു കരകയറുവാൻ അവർ നടത്തുന്ന എല്ലാ ശ്രമങ്ങളും നൈരാശ്യത്തിലാണ് അവസാനിക്കുന്നത്. 

 

അന്തമില്ലാത്ത മിഥ്യക്കു പിന്നാലെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ് ഇവരെല്ലാം. മറ്റേതു പുരുഷാധിപത്യ സമൂഹത്തിലെയും പോലെ  തുർക്കിയിലും പുരുഷൻറെ ഉപകരണം മാത്രമാണു സ്ത്രീ. ഗ്രാമങ്ങൾ അതേറ്റവും ശക്തവും. അതേസമയം, ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പുരുഷനും ഇവിടെ ചില നിസ്സഹായതകൾ പങ്കുവയ്ക്കുന്നുണ്ട്.  അതിനാൽ അവൻ സ്വന്തം സ്ത്രീകൾക്കുമേൽ അമിതാധികാരം പ്രയോഗിച്ചു സ്വയം സമാധാനിക്കാൻ നോക്കുകയാണെന്നു മാത്രം. സ്ത്രീയാകട്ടെ, നിരന്തരമായ തിരിച്ചടികളം യാതനകളും അനുഭവിച്ച് മുന്നോട്ടു പോകുമ്പോഴും ഏറ്റവും ആത്മധൈര്യം ആർജിക്കുന്നതും നാം കാണുന്നു. ലൈംഗികതയിൽ അടക്കം അവൾ പുരുഷനെ കീഴടക്കാൻ ഓരോ സന്ദർഭത്തിലും അവസരം കിട്ടാൻ  നോക്കുകയും ചെയ്യുന്നു. 

 

സ്ത്രീയുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന മറ്റൊരു സിനിമ ഇത്തവണ മേളയിൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.  ഗോഡ് എക്സിസ്റ്റ്സ് : ഹെർ നെയിം ഈസ് പെട്രൂണിയ (തിയോണ മിറ്റേവ്സ്ക) എന്ന ക്രോയേഷ്യൻ സിനിമയിൽ മതവും സംസ്കാരവും പോറ്റുന്ന സ്ത്രീവിരുദ്ധതയെ വളരെ ഉച്ചത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. അമിതവണ്ണത്തിന്റെ പേരിൽ അപഹസിക്കപ്പെടുന്ന ഒരു യുവതി, അവൾ ചരിത്രം മുഖ്യവിഷയമായെടുത്ത് മാസ്റ്റേഴ്സ് ബിരുദം നേടിയെങ്കിലും 34 വയസ്സായിട്ടും തൊഴിൽരഹിതയാണ്. 

 

ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ഒരു മതപരമായ മൽസരച്ചടങ്ങിൽ അവൾ പങ്കെടുത്തുവിജയിക്കുന്നതോടെ ഉണ്ടാകുന്ന ഗുലുമാലുകളാണു ഈ സിനിമയുടെ പ്രമേയം. മതത്തിലും സമൂഹത്തിലും സ്ത്രീയുടെ സ്ഥാനമെന്ത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മതാചാരത്തിന്റെ ഭാഗമായി പുഴയിലെറിയുന്ന കുരിശു മുങ്ങിയെടുക്കുന്ന മൽസരത്തിൽ ആണുങ്ങളെയെല്ലാം തോൽപിച്ചാണ് പെട്രൂണിയ വിജയിക്കുന്നത്. എന്നാൽ ആ മൽസരത്തിൽ സ്ത്രീക്കു പങ്കെടുക്കാനാവില്ലെന്നാണ് ആണുങ്ങളും പള്ളിയും പറയുന്നത്. നമ്മുടെ നാട്ടിൽ സ്ത്രീഅവകാശവുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സംവാദങ്ങളെയും അനുസ്മരിപ്പിക്കുന്നു ഈ സിനിമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com