ADVERTISEMENT

കനത്ത മൂടൽമഞ്ഞ് കാഴ്ചയെ നഷ്ടപ്പെടുത്തും. തൊട്ടടുത്ത നിൽക്കുന്ന ആളിനെപ്പോലും കാനാണാനാകാത്ത രീതിയിൽ സമീപ ദൃശ്യങ്ങളെ വിദൂരതയിലാക്കും. യാത്ര അനുവദനീയമല്ലാത്ത ആ സാഹചര്യത്തിൽ കാത്തുനിൽക്കേണ്ടിവരും. നിമിഷങ്ങൾ..ചിലപ്പോൾ മണിക്കൂറുകൾ. മഞ്ഞകലുകയും സൂര്യരശ്മികൾ തെളിയുകയും ചെയ്യുന്നതോടെ കാഴ്ച വ്യക്തമാകും. അപൂർവസുന്ദരമാണ് ആ കാഴ്ച. 

 

Russian movie Despite the fog

നിഷേധിക്കപ്പെട്ട കാഴ്ചകൾ ഒന്നൊന്നായി തെളിമയോടെ, വ്യക്തതയോടെ തെളിഞ്ഞുവരുന്ന പ്രകൃതിയുടെ അതിശയം. അത്തരമൊരു അതിശയത്തിന്റെ എല്ലാ ചാരുതയുമുള്ള ഒരു ചലച്ചിത്രം ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേളയിലുണ്ട്. കാഴ്ചയുടെ സൗന്ദര്യവും ആശയത്തിന്റെ ഗരിമയും അഭിനയത്തിന്റെ പൂർണതയുംകൊണ്ട് മനസ്സിൽ കുടിയേറുന്ന ചിത്രം- ഡെസ്പൈറ്റ് ദ് ഫോഗ്. ഒരു തണുത്ത വെളുപ്പാൻ കാലത്ത് എന്നതുപോലെ കനത്ത മഞ്ഞുവീഴുന്ന ഒരു ദിവസത്തെ കാഴ്ച. 

 

100 മിനിറ്റ് മാത്രമുള്ള ഈ ഇറ്റാലിയൻ ചിത്രം 24-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇഷടചിത്രമായി മാറിക്കഴിഞ്ഞു. നിശാഗന്ധിയിൽ നടന്ന ആദ്യപ്രദർശനത്തിൽ കൂട്ടത്തോടെയെത്തിയ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ കയ്യടിച്ച് അഗീകരിച്ച ചലച്ചിത്ര വിസ്മയം. സാക്ഷ്ത്കാരം ഗൊരാൻ പാസ്കലേവിക്. ഗോവയിൽ നടന്ന ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം. 

 

ഡെസ്പൈറ്റ് ദ് ഫോഗ് ഒരു കുട്ടിയുടെ കഥയാണെന്നു പറയാം. അവന്റെ പേര് മുഹമ്മദ്. ആറോ ഏഴോ വയസ്സുള്ള ആ കുട്ടിക്ക് മറ്റൊന്നും അറിയില്ലെങ്കിലും അവൻ പറയുന്ന അറബിക് മറ്റാർക്കും മനസ്സിലാകുന്നുന്നില്ലെങ്കിലും പേര് അവൻ ആവർത്തിക്കുന്നുണ്ട്; മുഹമ്മദ്. ഇറ്റലിയിൽ ക്രിസ്മസ് കുർബാന നടക്കുന്ന പള്ളിയിൽവച്ചും അവൻ ആ പേര് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. 

 

അഭയാർഥിയാണെങ്കിലും അവൻ തനിച്ചല്ല. ഒരു ബസ് സ്റ്റോപ്പിൽ ആരോരുമില്ലാതെ അവനെ ആദ്യം കണ്ടത് പൗലോയാണ്. വലേറിയുടെ ഭർത്താവ്. അവരുടെ ഏക ആൺകുട്ടി മരിച്ചതിന്റെ ദുഃഖത്തിലാണവർ. മകന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന വീട്ടിൽ അവനെ ഓർമപ്പെടുത്തുന്ന ഒട്ടേറെ വസ്തുക്കൾക്കിടയിൽ അവർ തനിച്ചു ജീവിക്കുകയാണ്. ബസ് സ്റ്റോപ്പിൽ തണുത്തു വിറച്ചിരിക്കുന്ന കുട്ടിയെ ഉപേക്ഷിച്ചുപോകാൻ പൗലോയ്ക്കു മനസ്സു വന്നില്ല. അയാൾ അവനെ കൂടെ കൂട്ടുന്നു. തന്റെ കാറിലേക്ക് ക്ഷണിക്കുന്നു; വീട്ടിലേക്കും. വലേറി യുടെ പ്രതികരണം ആദ്യം തണുപ്പനായിരുന്നു. അഭയാർഥിയായ കുട്ടിയെ അഭയകേന്ദ്രത്തിലാക്കാം എന്നായിരുന്നു അവരുടെ അഭിപ്രായം. 

 

പക്ഷേ അവനു പനിയുണ്ട്. അവന്റെ നെറ്റി പൊള്ളുന്നുണ്ട്. വലേറിക്ക് പെട്ടെന്ന് അവനെ ഉപേക്ഷിക്കാനായില്ല. മാർകോ എന്ന ഏകമകന്റെ അപ്രതീക്ഷിത വിയോഗത്തെ ഇനിയും ഉൾക്കൊള്ളാനാകാത്ത ആ അമ്മമനസ്സ് മുഹമ്മദിനെ ന‍െഞ്ചോടു ചേർക്കുന്നു. അന്റെ നെറ്റിയിൽ തുണി നനച്ചിട്ടും അവനു മരുന്നു കൊടുത്തും അവർ  അവനെ ശുശ്രൂഷിക്കുന്നു. പൗലോയും കൂട്ടിനുണ്ട്. 

 

സ്വീഡനിലേക്കുള്ള യാത്രയിലായിരുന്നു മുഹമ്മദ്. ബോട്ടിലായിരുന്നു അവരുടെ യാത്ര. ബോട്ട് മുങ്ങി. മാതാപിതാക്കൾ ഉൾപ്പെടെ എല്ലാവരെയും അവനു നഷ്ടപെട്ടു. നീന്തലറിയാവുന്ന ഒരാൾ അവനെ രക്ഷിച്ചു. അവൻ തീരത്തിടിഞ്ഞു. ഒറ്റയ്ക്ക്. അഭയാർഥിയായി. ‌

 

പൗലോയും വലേറിയും മുഹമ്മദിനെ ഏറ്റെടുത്തെങ്കിലും അവരുടെ കുടുംബസുഹൃത്തുക്കൾ ആ കുട്ടിയെ അംഗീകരിക്കാൻ മടിക്കുന്നു. പ്രധാന തടസ്സം ആ പേരു തന്നെ. ആ പേര് ഉൾക്കൊള്ളുന്ന മതത്തെ ഉൾക്കൊള്ളാനും അവർക്ക് കഴിയുന്നില്ല. പക്ഷേ, കുടുംബബന്ധുക്കളേക്കാളും പൗലോയ്ക്കും വലേറിക്കും വലുത് മുഹമ്മദ് എന്ന കുട്ടിയുടെ സന്തോഷമാണ്. എന്തു വില കൊടുത്തും അവനെ സംരക്ഷിക്കാൻ അവർ തയാറാകുന്നു. അതിനുവേണ്ടി അവർ നടത്തുന്ന പോരാട്ടമാണ് ഡെസ്പൈറ്റ് ദ് ഫോഗിനെ ശ്രദ്ധേയമാക്കുന്നത്. മേളയുടെ ഇഷ്ടചിത്രമാക്കുന്നത്. 

 

എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് പൗലോയും വലേറിയും കാവലിരിക്കുന്നുണ്ടെങ്കിലും മുഹമ്മദ് സ്വീഡനിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെ മാതാപിതാക്കൾ കാത്തിരിക്കുന്നുണ്ടെന്നാണ് അവന്റെ പ്രതീക്ഷ. അവനു യാഥാർഥ്യം അറിയില്ല. അവന്റെ പേര് ഇറ്റലിയിലെ ക്രൈസ്തവ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും അറിയില്ല. 

 

ഒരച്ഛന്റെ സ്ഥാനത്ത് നിൽക്കുന്ന പൗലോ ധർമസങ്കടത്തിലാകുന്നു. വലേറിയും. പക്ഷേ, വലേറുയടെ അമ്മമനസ്സ് സങ്കീർണമായ പ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്നു. അതാണു ചിത്രത്തിന്റെ അവിസ്മരണീയമായ ക്ലൈമാക്സ്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചലച്ചിത്രാനുഭവം. കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ, തിരുപ്പിറവിയുടെ സന്ദേശം ലോകം മുഴുവൻ വാഴ്ത്തുന്നതിനിടെ, മഞ്ഞിന്റെ പുകമറയ്ക്കിടയിലൂടെ വലേറി മൂഹമ്മദുമൊത്ത് കാറിൽ യാത്ര ചെയ്യുകയാണ്. ആ യാത്ര എവിടേക്ക്. മനുഷ്യത്വത്തിലേക്ക് എന്നുതന്നെ ഉത്തരം പറയാം. ആ മനുഷ്യത്വം തന്നെയാണ് ഡെസ്പൈറ്റ് ദ് ഫോഗ് എന്ന ചിത്രത്തിന്റെ ജീവൻ. ആത്മാവ്. ഒരൊറ്റ ചിതം കണ്ടാൽ മനസ്സ് നിറയുമെങ്കിൽ ഡെസ്പൈറ്റ് ദ് ഫോഗ് എന്ന ചിത്രം കാണുക. പൗലോയേയും വലേറിയയെയും മുഹമ്മദിനെയും മനസ്സിലേറ്റുക. മനുഷ്യത്വമുള്ള മനുഷ്യനായി മാറുക! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com